Image

ഇന്ത്യയും സൗദിയും ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവച്ചു

Published on 03 January, 2014
ഇന്ത്യയും സൗദിയും ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും സൗദി തൊഴില്‍മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹും തമ്മിലാണ് ഇത് സംബന്ധിച്ച പ്രാരംഭ കരാറില്‍ ഒപ്പുവച്ചത്. ഇതോടെ, ഗാര്‍ഹിക തൊഴിലാളികള്‍ക്കു മിനിമം വേതനം, കൃത്യമായ തൊഴില്‍ സമയം, ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി, തൊഴില്‍ തര്‍ക്കം പരിഹരിക്കാനുള്ള സംവിധാനം തുടങ്ങിയവ നിയമപരമാകും. തൊഴിലിടങ്ങളിലെ പരാതികള്‍ ഉന്നയിക്കുന്നതിനു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും കരാറിന്റെ ഭാഗമായി നടപ്പിലാക്കും. 

സൗദിയിലെ ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കു കരാറിന്റെ ഗുണം ലഭിക്കുമെന്നു കേന്ദ്രമന്ത്രി വയലാര്‍ രവിയും സൗദിമന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹും വ്യക്തമാക്കി. കരാര്‍ നടപ്പാക്കുന്നതിനും തൊഴില്‍ രംഗത്തെ സമഗ്രമായ കരാറുണ്ടാക്കുന്നതിനുമായി ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയത്തിലെയും സൗദി തൊഴില്‍ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംയുക്ത സമിതി രൂപീകരിക്കും. കുറഞ്ഞ കൂലി, തൊഴില്‍ സമയം, അവധി, ചികിത്സ ചെലവ് തുടങ്ങിയവ എത്രയെന്ന കാര്യം തീരുമാനിക്കുക ഈ സമിതിയായിരിക്കും. സമഗ്രമായ കരാറുണ്ടാക്കുന്നതിനുള്ള ഉഭയകക്ഷി സംഭാഷണങ്ങള്‍ തുടരുകയാണെന്നും വയലാര്‍ രവി അറിയിച്ചു. 

തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. ഏതു രാജ്യത്തുള്ളതാണെങ്കിലും തട്ടിപ്പ് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരേ നിയമ നടപടിയെടുക്കും, തൊഴിലാളികള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കും എന്നിവയാണ് സുപ്രധാന വ്യവസ്ഥകള്‍. റിക്രൂട്ട്‌മെന്റ് ചെലവ് കുറക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കും. അംഗീകൃത റിക്രൂട്ടിംഗ് സെന്ററുകളിലൂടെയോ നേരിട്ടോ സര്‍ക്കാര്‍ മുഖേനെയോ മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താവൂ. റിക്രൂട്ട്‌മെന്റ്, സ്ഥലംമാറ്റ ചെലവുകള്‍ തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നു ഈടാക്കരുത്. തൊഴിലാളിയുടെ ശമ്പളം തൊഴിലുടമ പ്രത്യേക ബാങ്ക് അക്കൗണ്ടുണ്ടാക്കി അതില്‍ നിക്ഷേപിക്കണം. കരാര്‍ കാലാവധി കഴിയുമ്പോളോ അടിയന്തര സാഹചര്യങ്ങളിലോ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താനുള്ള സൗകര്യം ഒരുക്കണം തുടങ്ങിയവയാണ് മറ്റു പ്രധാനവ്യവസ്ഥകള്‍. 

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം സൗഹാര്‍ദപരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തൊഴില്‍ വിപണി നേരെയാക്കുന്നതിനുമാണ് കരാറെന്നും ഇരു മന്ത്രിമാരും കൂട്ടിചേര്‍ത്തു. ഇന്ത്യയും സൗദിയും തമ്മില്‍ സമഗ്ര തൊഴില്‍ കരാര്‍ ഒപ്പുവക്കുന്നതിന്റെ മുന്നോടിയായാണ് ഈ കരാറിനെ കാണുന്നതെന്നും സൗദിയുമായി തൊഴില്‍ കരാറുണ്ടാക്കാനുള്ള ശ്രമകരമായ ആദ്യഘട്ടമാണ് വിജയത്തിലെത്തിയതെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി. 

ഇന്ത്യയുടെ ആവശ്യപ്രകാരം നിതാഖത്തിന്റെ സമയപരിധി നീട്ടിനല്‍കിയതിനും വയലാര്‍ രവി സൗദി സര്‍ക്കാരിനെ അഭിനന്ദിച്ചു. നിതാഖാത്ത് കാലാവധി കഴിഞ്ഞ ശേഷം സൗദിയിലെ ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍ 250 പേര്‍ കഴിയുന്നുണ്ട്. ഇവരെ മടക്കിയെത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്നു സൗദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണെ്ടന്നും വയലാര്‍ രവി വ്യക്തമാക്കി.

ഇന്ത്യയും സൗദിയും ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക