Image

ധാര്‍മിക മൂല്യങ്ങളിലൂടെ വളരുന്ന മക്കള്‍ ഉത്തമ സമൂഹത്തിന്റെ അടിത്തറ

Published on 06 January, 2014
ധാര്‍മിക മൂല്യങ്ങളിലൂടെ വളരുന്ന മക്കള്‍ ഉത്തമ സമൂഹത്തിന്റെ അടിത്തറ
ദമാം : ധാര്‍മിക മൂല്യങ്ങളിലൂടെ വളരുന്ന മക്കളാണ് ഭാവിയില്‍ വരുന്ന ഉത്തമ സമൂഹത്തിന്റെ അടിത്തറ രൂപപ്പെടുത്തുന്നതെന്നും അടിയുറച്ച ദൈവീക ബോധവും സഹനശീലവും മക്കളില്‍ സാംസ്‌കാരിക ഉന്നമനത്തിന് നിദാനമാണെന്നും യുവ പ്രബോധകനും വാഗ്മിയുമായ അബ്ദു സുബ്ഹാന്‍ സ്വലാഹി അഭിപ്രായപ്പെട്ടു. 

മാതാപിതാക്കളാണ് നന്നേ ബാല്യത്തില്‍ അവരുടെ ആദ്യ ഗുരുനാഥന്മാരെന്നും ധാര്‍മിക ബോധവും ദൈവീക ചിന്തയും മാതാപിതാക്കള്‍ അനുഷ്ടിക്കുകയും അത് സദുപദേശമായി സന്താനങ്ങളിലേക്ക് പകരുന്ന രീതിശാസ്ത്രമാണ് ദൈവീക മതവും പ്രവാചകന്മാരും സച്ചരിതരായ മുന്‍ഗാമികളും നമ്മെ പഠിപ്പിക്കുന്നത്. ആധുനിക യുഗത്തില്‍ ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായും മറ്റും ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ കുട്ടികളിലേക്ക് പകരുന്ന വൈദേശിക വിനോദ പരിപാടികള്‍ സദാചാര സീമകള്‍ ലംഘിച്ചുകൊണ്ടിരിക്കുന്നു. അക്രമവും അനീതിയും കേവല വിജയത്തിനുള്ള കുറുക്കു വഴികളും പ്രോത്സാഹിപ്പിക്കപ്പെടുന്ന രീതിയിലുള്ള ഇത്തരം പരിപാടികള്‍ അവരില്‍ അധാര്‍മ്മികതയിലേക്കും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തഞങ്ങള്‍ ചെയ്യാനും ചെയ്യുന്നതില്‍ ലജ്ജയില്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നു. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യയിലും സോഷ്യല്‍ മീഡിയയിലും ഉള്ള അനേകം സദ് ഗുണങ്ങളെ കവച്ചു വയ്ക്കുന്ന രീതിയില്‍ ശ്രീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു നമ്മുടെ ബാല്യ കൗമാരങ്ങള്‍ തളക്കപ്പെടുന്ന ഭീകര സാഹചര്യം നാം നേരിട്ടുകൊണ്ടിരിക്കുന്നു. സന്താനങ്ങള്‍ക്ക് മൂല്യങ്ങളേറെയുള്ള ഭൗതീക വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം ദൈവീക ബോധവും ക്ഷമാശീലവും വളര്‍ത്തി സമൂഹത്തോട് കരുണയുള്ള പൗരന്മാരായി ജീവിക്കാന്‍ വേണ്ടത്ര മതബോധനം നല്‍കാനും നല്ലരീതിയില്‍ അവരെ മനസിലാക്കി പെരുമാറാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഖുര്‍ ആനിലേക്ക് സുന്നത്തിലേക്ക് കാമ്പയിന്റെ ഭാഗമായി ദമാം ഐസിസി ഓഡിറ്റോറിയത്തില്‍ നടത്തിയ ഫോക്കസ് പ്രഫഷണല്‍ മീറ്റില്‍ ഇസ്‌ലാമിക് പാരന്റിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു

അദ്ദേഹം. വിഷയത്തെ ആസ്പദമാക്കി നടന്ന പ്രശ്‌നോത്തരിയില്‍ വിജയികളായ പത്തോളം പേര്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. സദസ്യരുടെ വിഷയ സംബന്ധമായ സംശയങ്ങള്‍ക്ക് ഐസിസി മലയാള വിഭാഗം മേധാവി അബ്ദുള്‍ ജബാര്‍ അബ്ദുള്ള മദീനി മറുപടി നല്‍കി. അജ്മല്‍ പുളിക്കല്‍ പ്രശ്‌നോത്തരി മത്സരം നിയന്ത്രിച്ചു.

ഡോ. അബ്ദുള്‍ കബീര്‍ ആലുവ സ്വാഗതവും സിറാജ് ആലുവ കൃതജ്ഞതയും പറഞ്ഞു. എ.കെ.ഖാലിദ് സക്കീര്‍ പാലക്കാട്, മുഹമ്മദാലി പുലാശേരി, ഫവാസ്,ഷാനിദ്, ഫൈസല്‍ കൈതയില്‍,അബ്ദുള്‍ ജബാര്‍ എന്നിവര്‍ ഫോക്കസ് മീറ്റിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

ധാര്‍മിക മൂല്യങ്ങളിലൂടെ വളരുന്ന മക്കള്‍ ഉത്തമ സമൂഹത്തിന്റെ അടിത്തറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക