Image

എന്‍ഡോസള്‍ഫാന്‍ ഇരകളായ ഒരു കുടുംബത്തിന് ദമാം മീഡിയ ഫോറം വീട് നല്‍കുന്നു

Published on 07 January, 2014
എന്‍ഡോസള്‍ഫാന്‍ ഇരകളായ ഒരു കുടുംബത്തിന് ദമാം മീഡിയ ഫോറം വീട് നല്‍കുന്നു
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ദമാം മീഡിയ ഫോറം കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ ഒരു കുടുംബത്തിന് വീട് പണിത് നല്‍കും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം ഒരു ഡോക്കുമെന്ററിലൂടെ പുറംലോകത്തിന് പരിചയപ്പെടുത്തിയ പ്രഫ. എം.എ. റഹ്മാന്റെ നേതൃത്വത്തിലുള്ള എന്‍വിസാഗ് (എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്) ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

നെഞ്ചം പറമ്പിന് സമീപം ബെല്ലരടുക്കയില്‍ 35 സെന്റ് സ്ഥലത്ത് ആറ് വീടുകളും ഒരു കമ്യൂണിറ്റി സെന്ററും അടങ്ങിയ പദ്ധതിയാണ് എന്‍വിസാഗ് ട്രസ്റ്റ് ആവിഷ്‌കരിച്ചിട്ടുള്ളത്. 320 ഇരകളുള്ള കാരടുക്ക പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. സ്ഥലവും വീടുകളും കമ്യൂണിറ്റി സെന്ററുകളും വിവിധ കൂട്ടായ്മകളും വ്യക്തികളും സംഭാവനയായി നല്‍കുകയാണ്. നാല് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഒരു വീടാണ് ദമാം മീഡിയാ ഫോറം പണിത് നല്‍കുക. 

അല്‍കോബാറില്‍ ചേര്‍ന്ന ദമാം മീഡിയാ ഫോറം യോഗമാണ് വീട് പണിത് നല്‍കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ചെയര്‍മാന്‍ പി.എ.എം. ഹാരിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫോറം അംഗങ്ങളായ ടി.പി.എം. ഫസല്‍, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍, അബ്ദുള്‍ അലി കളത്തിങ്ങല്‍, പി.ടി. അലവി, എം.എം. നയിം, അഷ്‌റഫ് ആളത്ത്, തോമസ് മാത്യു, അനില്‍ കുറിച്ചിമുട്ടം, ചെറിയാന്‍ കിടങ്ങന്നൂര്‍, സുബൈര്‍ ഉദിനൂര്‍, ബിജു കല്ലുമല, കെ.എം. റഷീദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നല്‍കുന്ന അക്ഷയപാത്രം പദ്ധതിക്ക് ഒരു ലക്ഷം രൂപ ദമാം മീഡിയ ഫോറം സഹായം കൈമാറിയിരുന്നു. വീട് നിര്‍മാണത്തിനുള്ള തുകയില്‍ ആദ്യഗഡുവായി ഒന്നര ലക്ഷം രൂപ ടി.പി.എം. ഫസല്‍, അഷ്‌റഫ് ആളത്ത്, എന്നിവര്‍ ചേര്‍ന്ന് എന്‍വിസാഗ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രഫ. എം.എ. റഹ്മാന് കോഴിക്കോട്ട് വച്ച് കൈമാറി.

എന്‍ഡോസള്‍ഫാന്‍ ഇരകളായ ഒരു കുടുംബത്തിന് ദമാം മീഡിയ ഫോറം വീട് നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക