Image

കുവൈറ്റ് ഇന്ത്യന്‍ എംബസി ജനകീയമാകുന്നു

Published on 08 January, 2014
കുവൈറ്റ് ഇന്ത്യന്‍ എംബസി ജനകീയമാകുന്നു
കുവൈറ്റ്: പരാതികള്‍ക്കും പരാധീനതകള്‍ക്കും അറുതിയായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി ജനകീയമാകുന്നു. ഈയടുത്ത കാലത്ത് നടന്ന അപഖ്യാപിത തിരച്ചലിനെ തുടര്‍ന്ന് നിരവധി ഇന്ത്യക്കാരെ നാടുകടത്തിയപ്പോയും അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന എംബസി അധികൃതര്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചു വരികയാണ്. താമസ രേഖകള്‍ കൈവശമുള്ളവര്‍ പോലും പുറത്തേക്ക് ഇറങ്ങുവാന്‍ ഭയപ്പെട്ടിരുന്ന ആ കാലത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ ഭയാശങ്കകള്‍ തീര്‍ക്കുവാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ വാര്‍ഷിക അവധിയിടുത്ത് വിദേശത്തേക്ക് പോയത് പ്രവാസി സമൂഹത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. കുവൈറ്റിലെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള നേരെയുള്ള ആക്രമണങ്ങളിലും പിടിച്ചുപറിയിലും തികച്ചും നിരുത്തരവാദപരമായ നിലപാടായിരുന്നു എംബസി അധികൃതര്‍ സ്വീകരിച്ചുപോന്നത്. നൂറുകണക്കിന് നിരപരാധികളായ തങ്ങളുടെ സഹോദരന്മാരെ അകാരണമായി പിടിക്കപ്പെട്ടപ്പോള്‍ അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ സ്വദേശികള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ എംബസി ഉപരോധിക്കുക പോലുമുണ്ടായി. നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ അംബാസഡറെ മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണവും പ്രതിഷേധ യോഗങ്ങളും നടത്തുകയും ഹൃസ്വ സന്ദര്‍ശനത്തിയ കേന്ദ്ര സംസ്ഥാന മന്ത്രിമാരെ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

സതീഷ് സി. മേത്ത സ്ഥാനമൊഴിഞ്ഞ് വിനോദ് ജെയിന്‍ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതല ഏറ്റെടുത്തതോടുകൂടിയാണ് എംബസിയെ ജനകീയവല്‍ക്കരിക്കുവാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. സ്ഥാനമേറ്റു ഒരു മാസത്തിനുള്ളില്‍ തന്നെ നിരവധി ജനകീയ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള വീസാ ചാര്‍ജ് ഏകീകരിക്കല്‍, നൂറോളം വരുന്ന എംബസിയില്‍ റെജിസ്റ്റര്‍ ചെയ്ത പ്രവാസി സംഘടനകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എംബസി ഓഡിറ്റോറിയം വിട്ടു കൊടുക്കല്‍, ക്രൂരമായ ആക്രമണങ്ങള്‍ക്കും പിടിച്ചുപറിക്കും ഇരയാകുന്നവര്‍ക്ക് പോലീസ് നടപടികള്‍ക്കൊപ്പം തന്നെ പ്രഥമ വിവര റിപ്പോര്‍ട്ടുമായി എംബസിയെ സമീപിക്കുകയാനെങ്കില്‍ ഇരകള്‍ക്ക് ആവശ്യമായ നിയമപരമായ സഹായവും സ്വന്തനവും നല്‍കുവാനുള്ള തീരുമാനം, സോഷ്യല്‍ വെബ് സൈറ്റുകളായ ഫേസ് ബുക്ക്, ടിറ്റര്‍ വഴി സാധാരണക്കാരനുപോലും പ്രാപ്യമായ രീതിയില്‍ എംബസി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളാണ് ചുരുങ്ങിയ കാലയളവില്‍ നടപ്പിലാക്കിയിരിക്കുന്നത്. പലവിധ പ്രശ്‌നങ്ങളില്‍ പെട്ട് വ്യാകുലപ്പെട്ടിരിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് എംബസിയുടെ സമീപനങ്ങള്‍ അത്താണിയാകുമെന്നാണ് കരുതപ്പെടുന്നത്.

ജോലി സംബന്ധമായ ഏതൊരു പ്രശ്‌നത്തിനും പരാതികള്‍ സമര്‍പ്പിക്കാനും പരിഹാരം കാണാനും എംബസി ഹെല്‍പ്പ്‌ലൈന്‍ (25674163) വഴി ബന്ധപ്പെടാവുന്നതാണ്. ഇതിനുപുറമേ എംബസിയിലെ ഹെല്‍പ് ഡസ്‌ക് ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരേയും ഇപ്പോള്‍ ലഭ്യമാണ്. നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കും അപകടത്തില്‍ പെട്ടവര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വേണ്ടുന്ന നിയമ ഉപദേശങ്ങള്‍ നല്‍കുന്നതിനും ജോലി സംബന്ധമായി കബളിക്കപ്പെട്ടവര്‍ക്കും ലീഗല്‍ ക്ലിനിക്കിനെ ബന്ധപ്പെടാവുന്നതാണ്. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

കുവൈറ്റ് ഇന്ത്യന്‍ എംബസി ജനകീയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക