Image

ഭരത് മുരളി നാടകോല്‍സവം: നാഗണ്ഡല മികച്ച നാടകം, സുവീരന്‍ സംവിധായകന്‍

Published on 08 January, 2014
ഭരത് മുരളി നാടകോല്‍സവം: നാഗണ്ഡല മികച്ച നാടകം, സുവീരന്‍ സംവിധായകന്‍
അബുദാബി: യുഎഇയിലെ നാടകാസ്വാദകരെ ആവേശഭരിതരാക്കിക്കൊണ്ട് കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന അഞ്ചാമത് ഭരത് മുരളി നാടകോത്സവത്തിനു തിരശീല വീണു. അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച് സുവീരന്‍ സംവിധാനം ചെയ്ത 'നാഗമണ്ഡല' മികച്ച നാടകം മികച്ച സംവിധായകന്‍ അടക്കം നാലു അവാര്‍ഡുകള്‍ വാരിക്കൂട്ടി.

കര്‍ണാടിന്റെ നാഗമണ്ഡല എന്ന നാടകമാണ് സുവീരന്‍ അരങ്ങിലെത്തിച്ച് വിസ്മയം തീര്‍ത്തത്. പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ 'കവിയച്ഛന്‍' രണ്ടാമത്തെ നാടകമായി. ഡോ. സാംകുട്ടി പട്ടങ്കരിയാണ് സംവിധായകന്‍. കൈരളി എന്‍പിസിസി അവതരിപ്പിച്ച കിഴവനും കടലും പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹമായി. തിയേറ്റര്‍ ദുബായ് അവതരിപ്പിച്ച 'തിരസ്‌കരണി' എന്ന നാടകത്തിലെ ഉണ്ണായി വാരിയരുടെ കഥാപാത്രത്തെ അനശ്വരമാക്കിയ ഷാജഹാന്‍ ഒ.ടി മികച്ച നടനായും യുവകലാസാഹിതി അവതരിപ്പിച്ച 'മധ്യധരണ്യാഴി' എന്ന നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ദേവി അനില്‍ മികച്ച നടിയായും തെരെഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നടന്‍ പ്രകാശന്‍ തച്ചങ്ങാട്ട് (കവിയച്ഛന്‍), മികച്ച രണ്ടാമത്തെ നടി മെറിന്‍ മേരി ഫിലിപ്പ് (നാഗമണ്ഡല), മികച്ച ബാലതാരം ഗോപിക ദിനേശ് (മത്തി), രംഗസജ്ജീകരണം മധു കണ്ണാടിപ്പറമ്പ് (മത്തി), ചമയം പവിത്രന്‍ (മഴപ്പാട്ട്), പശ്ചാതല സംഗീതം. വിനു ജോസഫ് (തിരസ്‌കരണി), പ്രകാശ വിതാനം സജ്ജാദ് (നാഗമണ്ഡല), യുഎഇയില്‍ നിന്നുള്ള സംവിധായകന്‍ സാജിദ് കൊടിഞ്ഞി (മാസ്റ്റര്‍പീസ്) എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍. 

ഏകാങ്ക നാടക രചനാ മല്‍സരത്തില്‍ മധു പരവൂര്‍ (ചെന്നായ്ക്കള്‍ കാത്തിരിക്കുന്നു) ഒന്നാം സമ്മാനവും ഷാജി സുരേഷ് ചാവക്കാട് (അച്ഛന്റെ സുന്ദരിക്കോത) രണ്ടാം സമ്മാനവും നേടി. ഈ നാടകോല്‍സവം ഇന്ത്യയില്‍ നടക്കുന്ന ഏതൊരു നാടകോല്‍സവത്തോടൊപ്പം ചേര്‍ക്കാവുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന് എ.കെ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു പ്രഗത്ഭരായ സംവിധായകരാണ് ഓരോ സമിതിയുടെയും നാടകങ്ങള്‍ സംവിധാനം ചെയ്യാനെത്തിയത് ഡോ. പി.കെ നമ്പ്യാര്‍, സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. 

മികച്ച നാടകത്തിന് പതിനായിരം ദിര്‍ഹമും രണ്ടാമത്തെ നാടകത്തിന് അയ്യായിരം രൂപയും മികച്ച സംവിധായകന്‍ മികച്ച നടന്‍ മികച്ച നടി എന്നിവര്‍ക്ക് രണ്ടായിരം ദിര്‍ഹം അടക്കം 14 പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്. പ്രശസ്ത സിനിമാ താരം രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു, അഹല്യ എക്‌സ്‌ചേഞ്ച് മാനേജര്‍ വി.എസ് തമ്പി, യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ, സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിധികര്‍ത്താക്കള്‍ക്കുള്ള ഉപഹാരം കെഎസ്‌സി പ്രസിഡന്റ് എം.യു വാസു സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സുനീര്‍ ജഡ്ജിമാരെ പരിചയപ്പെടുത്തി. സെക്രെട്ടറി ജയകുമാര്‍ സ്വാഗതവും കലാവിഭാഗം സെക്രട്ടറി രമേഷ് രവി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

ഭരത് മുരളി നാടകോല്‍സവം: നാഗണ്ഡല മികച്ച നാടകം, സുവീരന്‍ സംവിധായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക