Image

കണ്ണമംഗലം കൂട്ടായ്മയുടെ സഹായത്താല്‍ യുവാവ് നാടണഞ്ഞു

Published on 09 January, 2014
കണ്ണമംഗലം കൂട്ടായ്മയുടെ സഹായത്താല്‍ യുവാവ് നാടണഞ്ഞു
ജിദ്ദ: സ്‌പോണ്‍സറുടെ സാമ്പത്തിക ചൂഷണത്തിന് വിധേയനായി പ്രയാസമാനുഭവിച്ചിരുന്ന മലയാളി യുവാവ് ജിദ്ദയിലെ കണ്ണമംഗലം കൂട്ടായ്മയുടെ സഹായത്താല്‍ നാട്ടിലേക്ക് തിരിച്ചു. കണ്ണമംഗലം കിളിനക്കൊദ് സ്വദേശി തച്ചപറമ്പന്‍ ഷറഫുദ്ദീന്‍ ആണ് കണ്ണമംഗലം കൂട്ടായ്മ നല്‍കിയ വിമാന ടിക്കറ്റില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്.

കാന്‍സര്‍ പിടിപെട്ടു ചികിത്സയിലായ പിതാവിനെ കാണാന്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്ന ഷറഫുദ്ദീന്‍ ഭീമമായ സംഖ്യ സ്‌പോണ്‍സര്‍ക്കു നല്‍കിയാണ് റീഎന്‍ട്രി സംഘടിപ്പിച്ചത്. പിതാവിന്റെ മരണശേഷം ജിദ്ദയില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തോട് അയ്യായിരം റിയാല്‍ നല്‍കി സ്‌പോണ്‍സര്‍ഷിപ് മാറാന്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. ഇതിനു തൊള്ളായിരം റിയാലും ഈടാക്കി. നാട്ടിലേക്കു വിമാന ടിക്കറ്റിനുള്ള പണമുണ്ടാക്കാനായി ഒരു കടയില്‍ തല്‍ക്കാലം ജോലിക്ക് കയറി. ഈ കടയില്‍ വച്ച് ഷറഫുദ്ദീന്റെ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും ആകെയുണ്ടായിരുന്ന പണവും കളവു പോയി. സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനാല്‍ ഭീമമായ സംഖ്യ ഏജന്റിനു നല്‍കിയാണ് പുതിയ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത്. പുതിയ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് നല്‍കാം എന്ന് പറഞ്ഞു പല ഇടനിലക്കാരും ഇദ്ദേഹത്തെ സാമ്പത്തികമായി ചൂഷണം ചെയ്തു. പലരില്‍ നിന്നും കടം വാങ്ങിയാണ് അറിവില്ലായ്മ മൂലം ഇടനിലക്കാര്‍ക്ക് പണം നല്‍കിയത്. പക്ഷെ എക്‌സിറ്റ് കിട്ടിയില്ല. വീണ്ടും സ്‌പോണ്‍സര്‍ക്കു മൂവായിരം റിയാല്‍ സംഘടിപ്പിച്ചു നല്‍കിയാണ് രണ്ടാമതും എക്‌സിറ്റ് അടിപ്പിച്ചത്. ഇതിനു പുറമേ സ്‌പോണ്‍സര്‍ക്ക് പലപ്പോഴായി ഫോണ്‍ കാര്‍ഡും പണവും നല്‍കേണ്ടി വന്നു. ഷറഫുദ്ദീന്റെ പ്രയാസം കേട്ടറിഞ്ഞ കണ്ണമംഗലം കൂട്ടായ്മയുടെ ചാരിറ്റി വിഭാഗം സഹായിക്കാന്‍ മുന്നോട്ടു വരുകയായിരുന്നു. നാട്ടില്‍ മുമ്പ് ചെയ്തിരുന്ന കരിങ്കല്‍ ക്വാറിയിലെ ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

ഷറഫിയയില്‍ നടന്ന ചടങ്ങില്‍ കണ്ണമംഗലം കൂട്ടായ്മയുടെ ചാരിറ്റി സെല്‍ ചെയര്‍മാന്‍ രായിന്‍കുട്ടി ഹാജി പുള്ളാട്ട് ഷറഫുദ്ദീനുള്ള ടിക്കറ്റ് കൈമാറി. തുടര്‍ന്നു നടന്ന ചാരിറ്റി സെല്‍ യോഗത്തില്‍ ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. പി.പി ലത്തീഫ്, എ.കെ ഹംസ, ബീരാന്‍കുട്ടി കെ, കൂതീരി മുഹമ്മദ് കുട്ടി, ഉമര്‍ കല്ലായി, യു.പി മുഹമ്മദ് കുട്ടി, കെ.ടി സമദ്, അഫ്‌സല്‍ മേമാട്ടുപാറ, ടി.ടി സമദ്, ടി.ടി സലാം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി സമദ് ചോലക്കല്‍ സ്വാഗതവും ട്രഷറര്‍ മജീദ് ചേറൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

കണ്ണമംഗലം കൂട്ടായ്മയുടെ സഹായത്താല്‍ യുവാവ് നാടണഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക