Image

യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ: ഗാനഗന്ധര്‍വ്വന്റെ സംഗീതസന്ധ്യ

ജോര്‍ജ് തുമ്പയില്‍ Published on 14 January, 2014
യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ: ഗാനഗന്ധര്‍വ്വന്റെ സംഗീതസന്ധ്യ
ന്യൂയോര്‍ക്ക്: സംഗീതലോകത്തെ അമ്പതാണ്ട് ആഘോഷമാക്കി ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ. കെ. ജെ യേശുദാസ് അമേരിക്കയില്‍ സംഗീതനിശയൊരുക്കുന്നു. 'യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ' എന്ന പേരില്‍ നടത്തുന്ന പരിപാടി മെയ് രണ്ടാം തീയതി മുതല്‍ 31 വരെ യുഎസിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അരങ്ങേറും. യേശുദാസിനൊപ്പം മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്, പ്രശസ്ത ഗായിക സുജാത മോഹന്‍, മകള്‍ ശ്വേത മോഹന്‍ എന്നിവരും പങ്കെടുക്കും.

എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച യേശുദാസിന്റെ സംഗീതപരിപാടി ഏറെ നാളുകള്‍ക്കു ശേഷമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്. അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. യേശുദാസിന്റെ സംഗീതജീവിതം ഒരു സിനിമാകഥ പോലെയായിരുന്നു. സംഗീത പഠനം കഴിഞ്ഞയുടന്‍ 'നല്ലതങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്. കെ.എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീതലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടുകണ്ടത് യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്.

യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ് യേശുദാസ് പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്തിയിലേക്കുയര്‍ന്നു. വിജയും ഈ സംഗീതപരിപാടിയില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. 1987ല്‍ 'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ രണ്ടു വരികള്‍ റെക്കോര്‍ഡ് ചെയ്തു. 'കരാഗ്രെ വസതേ ലക്ഷ്മീ' പാടിയപ്പോള്‍ വിജയ് യേശുദാസിനു എട്ടു വയസ്സ്. നീണ്ട 13 വര്‍ഷത്തിനു ശേഷമാണു ആ ശബ്ദം മലയാളികള്‍ വീണ്ടും കേട്ടത്. 1999ല്‍ 'മില്ലേനിയം സ്റ്റാര്‍സ്' എന്ന ചിത്രത്തിനു വേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനും ഹരിഹരനും ഒപ്പം ആയിരുന്നു ആ തിരിച്ചു വരവ്. 2000 ല്‍ ആണു ചിത്രം റിലീസ് ആയത്. 'ശ്രാവണ്‍ ഗംഗേ...സംഗീത ഗംഗേ', 'ഓ മുംബൈ പ്യാരീ മുംബൈ' എന്നീ രണ്ടു പാട്ടുകള്‍. ഒരു യുവഗായകനു ഇതിലും നല്ല ഒരു അരങ്ങേറ്റം കിട്ടാനില്ല. യേശുദാസിനു 60 വയസ്സ് തികഞ്ഞ ആ വര്‍ഷത്തില്‍, മകന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുദാസിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി മാഷിന്റെ കീഴില്‍ സംഗീത പഠനം തുടങ്ങി. വിജയ് പിന്നീട് തമിഴ് സിനിമകള്‍ക്ക് വേണ്ടി പാടി.
പിന്നീട് മലയാളത്തില്‍ 'ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി,' 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്നീ ഗാനങ്ങള്‍ പാടി ഹിറ്റ് ആക്കി. പിന്നീടാണു കേരളക്കരയാകെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി വിജയും ശ്വേതാമോഹനും എത്തിയത്. എം ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനം വിജയ് യേശുദാസിന്റെ കരിയര്‍ മാറ്റി മറിച്ചു. വിജയ്  ശ്വേത ഹിറ്റ് ജോഡി ആയി. ഈ ഹിറ്റ് ജോഡികളാണ് യെസ്റ്റര്‍ഡേ, ടുഡേ പരിപാടിയിലെ മിന്നും താരങ്ങളായി മാറാന്‍ പോകുന്നത്.

 പന്ത്രണ്ടു വയസുള്ളപ്പോള്‍ മലയാളസിനിമയില്‍ പാടിത്തുടങ്ങിയ സുജാതയാണ് ഈ മെഗാ ലൈവ് ഷോയില്‍ യേശുദാസിനൊപ്പം പാടുന്നത്. തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടി കഴിവുതെളിയിച്ച സുജാത കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന 'ദൈവമെന്റെ കൂടെയുണ്ട്...', 'അമ്പിളി അമ്മാവാ...', 'അമ്മേ ആരെന്നെ..' തുടങ്ങിയ വേദോപദേശ ഗാനങ്ങള്‍ സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി.

അമ്മ മഴക്കാറിനു (മാടമ്പി), കോലക്കുഴല്‍ വിളികേട്ടോ (നിവേദ്യം), കുയിലേ പൂങ്കുയിലേ  (നോവല്‍), മാമ്പുള്ളി കാവില്‍ (കഥ പറയുമ്പോള്‍), കിളിച്ചുണ്ടന്‍ മാവില്‍ (റോമിയോ), എന്താണെന്നു (ഗോള്‍), മന്ദാരപ്പൂമൂളി  (വിനോദയാത്ര), യമുനാ വെറുതെ (ഒരേ കടല്‍), തൊട്ടാല്‍ പൂക്കും (മോസ് ആന്‍ഡ് ക്യാറ്റ്), ഒരു യാത്രാമൊഴി (കുരുക്ഷേത്ര), പ്രിയനുമാത്രം (റോബിന്‍ഹുഡ്), മാവിന്‍ ചോട്ടിലെ (ഒരുനാള്‍ വരും) തുടങ്ങി സൂപ്പര്‍ ഹിറ്റ് പാടുകള്‍ ശ്വേത മോഹന്‍ സുജാതയുടെ മകളാണ്. സുജാതയുടെ പാത പിന്തുടര്‍ന്ന് മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ശ്വേത പാടിയിട്ടുണ്ട്. സുജാതയ്ക്കും യേശുദാസിനുമൊപ്പം അമേരിക്കയില്‍ ഇതാദ്യമായാണ് ശ്വേത ഒരു ലൈവ് ഓര്‍ക്കസ്‌ട്രേഷന്‍ മ്യൂസിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ബ്രോക്കറേജാണ് പരിപാടിയുടെ മുഖ്യ ഓര്‍ഗനൈസര്‍. എന്റര്‍ടെയ്ന്‍മെന്റ് ലൈവ് ഷോ രംഗത്ത് 'ഒരേ സ്വരം' ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഏറ്റെടുത്തു നടത്തി വിജയത്തിലെത്തിച്ചിട്ടുള്ള ജേക്കബ് എബ്രഹാം (സജി) 2014-ല്‍ അവതരിപ്പിക്കുന്ന പ്രധാനപരിപാടിയാണിത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജേക്കബ് എബ്രഹാം യുഎസിലെ മലയാളി കലാപരിപാടികളിലെയെല്ലാം മുഖ്യ സാന്നിധ്യമാണ്.
വിവരങ്ങള്‍ക്ക്:
hedgebrokerage@gmail.com (516) 433 - 4310
യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ: ഗാനഗന്ധര്‍വ്വന്റെ സംഗീതസന്ധ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക