വാഷിംഗ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍എസ്എ) ലോകമെമ്പാടുനിന്നുമായി ഒരു ദിവസം ചോര്‍ത്തുന്നത് 200 മില്യണ്‍ സന്ദേശങ്ങള്‍. എന്‍എസ് എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രവും ചാനല്‍ ഫോറും ചേര്‍ന്നാണ് എന്‍എസ്എ ചോര്‍ത്തിയ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. കൃത്യമായ രഹസ്യാന്വേഷണ വിവിരങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപ്രകാരമാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് എന്‍എസ്എ ഉദ്യോഗസ്ഥര്‍ ബിബിസിയോട് പറഞ്ഞതായും വിശദാംശങ്ങളിലുണ്ട്.
മിസ്ഡ് കാള്‍ അലര്‍ട്ട് മുതല്‍ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍വരെ ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്കയുടെ വിവരശേഖരണപദ്ധതിയില്‍ വരുത്താനിരിക്കുന്ന പരിഷ്കാരങ്ങള്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഗാര്‍ഡിയന്‍ ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. വൈറ്റ് ഹൗസ് സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ചാണ് പൗരന്‍മാരുടെ വിവരം ചോര്‍ത്തുന്ന പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ ഒബാമ ഭരണകൂടം തയാറാവുന്നത്.