സര്‍ സി.പി. യെന്ന പേരില്‍ വിഖ്യാതനായിരുന്ന സചീവോത്തമ സര്‍ ചെത്പത് പട്ടാഭിരാമ
രാമസ്വാമി അയ്യര്‍, തിരുവിതാംകൂര്‍ ദിവാനും രാഷ്ട്ര തന്ത്രജ്ഞനും പ്രസിദ്ധനായ
വക്കീലും ഭരണാധികാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. രാജവംശം നിലവില്‍
നിന്നിരുന്ന തിരുവിതാംകൂറില്‍ 1936 മുതല്‍ 1947 വരെ ദിവാനുമായിരുന്നു. ഇരുപതാം
നൂറ്റാണ്ടില്‍ നിയമം, രാഷ്ട്രീയം, രാജ്യഭരണം, സാമൂഹികം, വിദ്യാഭ്യാസം ജീവ കാരുണ്യം,
സാഹിത്യം, ബൌദ്ധികം എന്നീ തലങ്ങളില്‍ ആറു പതിറ്റാണ്ടോളം വ്യക്തിമുദ്ര
പതിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ആധിപത്യം സ്ഥാപിച്ചു.സ്വതന്ത്ര ഭാരതത്തിന്റെ
ഉദയത്തില്‍ രാഷ്ട്ര നിര്‍മ്മാണത്തിനുള്ള സി. പി യുടെ അമൂല്യ സംഭാവനകള്‍
സ്തുത്യര്‍ഹമായിരുന്നു.
ലോര്‍ഡ് വേവലിന്റെ പേരിലുള്ള വൈസറോയി ജേര്‍ണലില്‍
തിരുവിതാംകൂറിലെ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യരെ
വിശേഷിപ്പിച്ചിരിക്കുന്നത് 'അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വിദഗ്ധനായ
ഭരണാധികാരിയായിരുന്ന മഹത് വ്യക്തി'യെന്നായിരുന്നു. തിരുവിതാം കൂര്‍ മഹാരാജാവ് ശ്രീ
ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ പറഞ്ഞത് 'സത്യമോ അസത്യമോ എന്താണെങ്കിലും
നാം സി.പി. യെ അവഹേളിക്കരുതെന്നായിരുന്നു'. അദ്ദേഹത്തെപ്പറ്റി തിരുവിതാംകൂറിലെ ഒരു
പ്രമുഖ വ്യക്തിയില്‍ നിന്നും അത്തരം ഒരു അഭിപ്രായം വന്നത് ആദ്യമായിട്ടായിരുന്നു.
സി.പി. യുടെ ശാപം കേരളമണ്ണില്‍ പതിച്ചുവെന്നു വേണം കരുതാന്‍. ആദ്ദേഹം തിരുവിതാം
കൂറിനു നല്കിയ സംഭാവനകള്‍ അതുല്യമാണ്. അദ്ദേഹത്തെപ്പോലെ മിടുക്കനായ ഒരു ഭരണാധികാരി
ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ഒരു പക്ഷെ സ്വതന്ത്ര തിരുവിതാംകൂറെന്ന നിലപാട്
അദ്ദേഹം എടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രസിഡന്റ് വരെയുള്ള സമുന്നതമായ
പോസ്റ്റുകള്‍ അലങ്കരിക്കുമായിരുന്നു.
1879 നവംബര്‍ മൂന്നാം തിയതി സി ആര്‍
പട്ടാഭിരാമന്റെയും സീതാലക്ഷ്മി അമ്മാളിന്റെയും മകനായി സി. പി. മദ്രാസ്സില്‍
ജനിച്ചു. പട്ടാഭി രാമയ്യര്‍ പ്രസിദ്ധനായ ഒരു ന്യായാധിപനായിരുന്നു. സ്വാമി
വിവേകാനന്ദനെ മതങ്ങളുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലയച്ചതും
അദ്ദേഹം അദ്ധ്യക്ഷനായുള്ള സംഘടനയായിരുന്നു. രാമ സ്വാമി അയ്യര്‍ ചെറുപ്പം മുതലേ
വായനയില്‍ വളരെ തല്പ്പരനായിരുന്നു. പിതാവ് കൊടുക്കുന്ന പോക്കറ്റുമണി കൊണ്ട് അദ്ദേഹം
പഠിക്കുന്ന കാലങ്ങളില്‍ത്തന്നെ പുസ്തകങ്ങളുടെ വലിയ ഒരു ശേഖരണം തന്നെ നടത്തി.
സുഹൃത്തുക്കളെയും തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ നിന്ന് പുസ്തകങ്ങള്‍ വായിക്കാന്‍
അനുവദിച്ചിരുന്നു. പില്ക്കാലത്ത് മദ്രാസ് പട്ടണത്തിലെ ഒരു സ്വകാര്യ വ്യക്തിയുടെ
വകയായ വലിയൊരു ലൈബ്രറിയായി വളര്‍ന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
അദ്ദേഹത്തിന്‍റെ പിതാവ് ഇംഗ്ലീഷ് സാഹിത്യത്തിലെ പലതരം സാഹിത്യകൃതികള്‍
ഉള്‍ക്കൊള്ളുന്ന ഇരുപത്തി നാലു വാല്യങ്ങളടങ്ങിയ ഗ്രന്ഥങ്ങള്‍ മേടിച്ചു കൊടുത്തു.
ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സി. പി. ആ പുസ്തകങ്ങള്‍ മുഴുവന്‍ പഠിച്ച്
ഇംഗ്ലീഷ് സാഹിത്യത്തില്‍ നല്ല പ്രാവീണ്യം നേടി.
രാമസ്വാമി ആദ്യം മദ്രാസിലെ
വെസലി സ്കൂളില്‍ പഠിച്ചു. അവിടെനിന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി
1894ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഇന്റര്‍ മെഡിയറ്റിനു ചേര്‍ന്നു. 1895ല്‍
പതിനാറു വയസുള്ളപ്പോള്‍ ഒമ്പതു വയസുള്ള സീതാമ്മയെന്ന കുട്ടിയെ വിവാഹം ചെയ്തു.
ഇംഗ്ലീഷിലും സംസ്കൃതത്തിലും ബി എ ഡിഗ്രികള്‍ ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കി.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ക്രിസ്ത്യന്‍ മെഡലും സംസ്കൃതത്തില്‍ സര്‍വ്വ കലാശാല മെഡലും
നേടി. അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നത് ഒരു ഇംഗ്ലീഷ് പ്രൊഫസറാകുവാനായിരുന്നു
എന്നാല്‍ പിതാവിന്റെ ഇംഗിതമനുസരിച്ച് 1901ല്‍ മദ്രാസ് ലോ കോളേജില്‍ ചേര്‍ന്നു.
ഒന്നാം ക്ലാസ്സില്‍ തന്നെ നിയമ ബിരുദം എടുത്തു. അദ്ദേഹം വക്കീലാകാതെ ഗോപാല കൃഷണ
ഗോഖലയുടെ സാമൂഹിക സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഗോഖലെയുമായി
മൈത്രിയിലായിരുന്നു. പിന്നീട് ആനി ബസന്റുമായി സഹകരിച്ച് ഹോം റൂള്‍ ലീഗില്‍
ചേര്‍ന്നു. നെഹ്രുവിനോടൊപ്പം അദ്ദേഹവും ആ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ന്യൂ ഇന്ത്യാ ജേര്‍ണല്‍ എഡിറ്ററായി സേവനം ചെയ്തു. 1917ല്‍ ആനി ബസന്റ് ഇന്ത്യന്‍
നാഷണല്‍ കൊണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളില്‍ രാമസ്വാമിയായിരുന്നു
സെക്രട്ടറി. ഗാന്ധിജിയുടെ സ്വദേശിവല്‍ക്കരണത്തോടും നിസഹകരണ പ്രസ്ഥാനത്തോടും
എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ഗാന്ധിജിയുമായി അകന്നു
നിന്നു.
മുപ്പത്തിയൊന്നാം വയസില്‍ അദ്ദേഹം സ്വന്തം നിലയില്‍ വക്കീലായി
പരിശീലനം തുടങ്ങി. മദ്രാസ് ഹൈ കോടതിയിലെ ഏറ്റവും പേരുകേട്ട വക്കീലായി അറിയപ്പെടാന്‍
തുടങ്ങി. മുന്നൂറില്‍പ്പരം കേസുകള്‍ കൈകാര്യം ചെയ്തു വിജയിയായി. മദ്രാസ്
ഹൈകോടതിയില്‍ ജഡ്ജിയായി അദ്ദേഹം നിയമതിനായെങ്കിലും സ്വീകരിക്കാതെ
നിരസിക്കുകയാണുണ്ടായത്. മദ്രാസ് ഗവര്‍ണ്ണര്‍ വില്ലിംഗ്ടന്‍ പ്രഭു അദ്ദേഹത്തെ 1920
മുതല്‍ 1923 വരെ മദ്രാസ് പ്രവിശ്യയുടെ അഡ്വക്കേറ്റ് ജനറാലായി തിരഞ്ഞെടുത്തു.
അലഹബാദില്‍ നടത്തിയ അഖിലേന്ത്യാ അറ്റോര്‍ണിമാരുടെ സമ്മേളനത്തിന്റെ
പ്രസിഡണ്ടായിരുന്നു. 1923 മുതല്‍ 1928 വരെ മദ്രാസ് ഗവര്‍ണ്ണരുടെ എക്‌സിക്യൂട്ടിവ്
നിയമ സമിതിയില്‍ അംഗമായിരുന്നു. 1931 മുതല്‍ 1936 വരെ ഇന്ത്യാ വൈസ്രോയുടെ
കൌണ്‍സിലിലെ സുപ്രധാന നിയമജ്ഞനായും സേവനം ചെയ്തു. 1926ലും 1927ലും ജനീവായിലെ ലീഗ്
ഓഫ് നാഷന്‍സില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.1932ല്‍ ലണ്ടനിലെ മൂന്നാം വട്ട
മേശ സമ്മേളനത്തില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. 1933 ല്‍ ആഗോള തത്ത്വ ശാസ്ത്ര
സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ചു. 1934ല്‍ കാശ്മീര്‍ സ്‌റ്റേറ്റിന്റെ
ഭരണഘടനാ നക്കല്‍ ഉണ്ടാക്കിയതും സി. പി. യായിരുന്നു. ഇന്ത്യയിലെ പല
യൂണിവേഴ്‌സിറ്റികളുടെയും ബോര്‍ഡ് മെമ്പറായിരുന്നു. 1941ല്‍ കമാണ്ടര്‍ ഒഫ്
സ്റ്റാര്‍ ഓഫ് ഇന്ത്യാ ( Knight Commander of the Star of India )(KCSI). എന്ന
പദവിയും നേടി.
1931ല്‍ ശ്രീമൂലം തിരുന്നാള്‍ മഹാരാജാവ് മരിച്ചപ്പോള്‍
അടുത്ത കിരീടാവകാശിയായ ചിത്തിര തിരുന്നാളിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍
ചിത്തിരയ്ക്ക് രാജാവായി കിരീടം നല്കാന്‍ സാങ്കേതികമായ തടസങ്ങളുണ്ടായിരുന്നു. സി.പി.
ചിത്തിരയുടെ കിരീട ധാരണത്തിനു അനുവാദം തേടി ഇന്ത്യയുടെ വൈസ്രോയിയോട് നേരിട്ടു
സംസാരിച്ചു. സി. പി. രാജാവിന്റെ ഉപദേഷ്ടാവെന്ന ചുമതല വഹിക്കുന്ന വ്യവസ്തയില്‍
ചിത്തിരയെ രാജാവായി വാഴിക്കാനുള്ള അനുവാദം വൈസ്രോയി നല്കി. 1931 മുതല്‍ 1936 വരെ
രാജാവിന്റെ പ്രധാന ഉപദേശകാനായി സി. പി യുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നിയമ
നിര്‍മ്മാണങ്ങള്‍ക്കായി ശ്രീ മൂലം പ്രജാ സഭകള്‍ ഉണ്ടാക്കിയതും സി പി.യുടെ ഉപദേശ
പ്രകാരമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന രണ്ടു പ്രജാ സഭാ അസമ്പ്‌ലികളായിരുന്ന
ശ്രീ മൂലം സഭയുടെയും രണ്ടാം മണ്ഡലമായിരുന്ന ശ്രീ ചിത്തിര സ്‌റ്റേറ്റ്
കൌണ്‍സിലിന്റെയും അദ്ധ്യക്ഷ പദം അലങ്കരിച്ചിരുന്നത് സി. പി യായിരുന്നു. ശ്രീ
ചിത്തിര തിരുന്നാള്‍ മഹാരാജാവ് അദ്ദേഹത്തോട് രാജ്യത്തിന്റെ ദിവാനാകാന്‍
ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം ആ പദവി സ്വീകരിക്കുകയും ചെയ്തു.
1936 ല്‍
ദളിതരായ ഹിന്ദു ജനങ്ങള്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാനുള്ള രാജവിളമ്പരം
തയാറാക്കിയത് ദിവാനായിരുന്ന സി.പി. യായിരുന്നു. അക്കാലത്ത് മഹാത്മാ ഗാന്ധി സി.പി
യേയും രാജാവിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. യഥാസ്ഥിതികരായ ഹിന്ദുക്കളുടെ
എതിര്‍പ്പ് സി.പി യ്ക്ക് അന്ന് നേരിടേണ്ടിയും വന്നു. തിരുവിതാംകൂറില്‍ ഹൈഡ്രോ
ഇലക്ട്രിക്ക് പദ്ധതികള്‍ കൊണ്ടുവന്നതും സി.പി യായിരുന്നു. പള്ളിവാസല്‍
ഇലക്ട്രിക്ക് പദ്ധതി, പീച്ചിപ്പാറ ഇലക്ട്രിക്ക് പദ്ധതി, പെരിയാര്‍ വന്യമൃഗ സംരക്ഷണം
എന്നിങ്ങനെ സി. പി യുടെ ഭരണ നേട്ടങ്ങളുടെ ഭാഗമാണ്.1940 കാലങ്ങളില്‍ തിരുവനന്തപുരം
കന്യാകുമാരി റോഡു ദേശവല്‍ക്കരിച്ചത് ഇന്ത്യയുടെ റോഡു ഗതാഗത ചരിത്രത്തിലെ ആദ്യത്തെ
സംഭവമായിരുന്നു. എണ്‍പെത്തിയെട്ടു മൈയില്‍ ദൂരം തിരുവനന്തപുരം കന്യാകുമാരി റോഡു
റബ്ബര്‍ ടാറിംഗ് നടത്തിയതും ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.
പാവപ്പെട്ട
കുട്ടികള്‍ക്കായി പഠിക്കാനവസരങ്ങളുണ്ടാക്കാന്‍ വേണ്ടി സ്കൂളുകളില്‍ ഉച്ച ഭക്ഷണം
നടപ്പിലാക്കിയ ആദ്യത്തെ ഭരണാധികാരിയും സര്‍ സി. പി. യായിരുന്നു. അതിനായി
തിരുവിതാംകൂര്‍ സാധുജന ഫണ്ടും ഉണ്ടാക്കി. അന്നാ ചാണ്ടിയെ ജില്ലാ ജഡ്ജിയായി
നിയമിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് അന്നാ ചാണ്ടി ഹൈക്കോടതിയിലെ ആദ്യത്തെ
സ്ത്രീ ജഡ്ജിയായി വിരമിച്ചു. ട്രാവന്‍കൂര്‍ ബാങ്ക് സ്ഥാപിച്ചതും സി. പിയാണ്. ആ
സ്ഥാപനം അതിനുശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറായി ഉയര്‍ന്നു.
അദ്ദേഹത്തിന്‍റെ ഭരണകാലത്ത് തിരുവിതാംകൂര്‍ വ്യവസായപരമായി വളരെയധികം
ഉയര്‍ന്നിരുന്നു. അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ആലുവാ അലൂമിനിയം ഫാക്ടറി
വന്നത് അദ്ദേഹത്തിന്‍റെ ശ്രമഫലമായിരുന്നു. കൂടാതെ ഇന്ത്യയില്‍ ആദ്യമായി അമേരിക്കന്‍
സഹായത്തോടെ തിരുവിതാംകൂര്‍ ഫെര്‍ട്ടി ലൈസര്‍ ഫാക്റ്ററി സ്ഥാപിച്ചു. തിരുവിതാംകൂര്‍
സിമന്റ് ഫാക്റ്ററി, തിരുവിതാംകൂര്‍ ടൈറ്റാനിയം കമ്പനി, തിരുവിതാം കൂര്‍ റയന്‍സ്
ലിമിറ്റഡ് മുതലായ വ്യവസായ സ്ഥാപനങ്ങള്‍ തിരുവിതാംകൂറില്‍ സ്ഥാപിച്ചത്
അദ്ദേഹമായിരുന്നു. ദിവാനെന്ന നിലയില്‍ തിരുവിതാംകൂറിന്റെ വരുമാനം അന്ന് നാലിരട്ടി
വര്‍ദ്ധിക്കുകയും ചെയ്തു.
തിരുവിതാകൂര്‍ സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ സര്‍
സി.പി. യായിരുന്നു. പിന്നീട് അത് കേരള സര്‍വ്വ കലാശാലയായി പേരു മാറ്റി. 1937ല്‍
സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ചിത്തിര തിരുന്നാള്‍ മഹാരാജാവും വൈസ് ചാന്‍സലര്‍ സി
.പി. യുമായിരുന്നു. 1939ല്‍ തിരുവിതാംകൂര്‍ സര്‍വ്വ കലാശാല അദ്ദേഹത്തിനു
ഡോക്ട്രെറ്റ് ബിരുദം നല്കി ബഹുമാനിച്ചു. പത്മനാഭ ക്ഷേത്രം പുതുക്കി പണിയുകയും
തിരുവനന്തപുരം ആര്‍ട്ട് ഗ്യാലറി വിപുലമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദിവാന്‍
ഭരണകാലത്ത് തൂക്കിക്കൊല നിറുത്തല്‍ ചെയ്തതു. മരണ ശിക്ഷ നിറുത്തല്‍ ചെയ്ത ഇന്ത്യയിലെ
ആദ്യത്തെ രാജഭരണമുള്ള രാജ്യമെന്ന പദവിയും തിരുവിതാംകൂറിനു ലഭിച്ചു. ഇന്ത്യയില്‍
ആദ്യമായി സൗജന്യമായ നിര്‍ബന്ധിത വിദ്യാഭ്യാസവും നടപ്പാക്കി.
മാറി മാറി
വരുന്ന സര്‍ക്കാരുകളെ തങ്ങളുടെ ഇഷ്ടത്തിനൊപ്പം വരുതിയില്‍ വരുത്താന്‍ സഭാ
മേലാദ്ധ്യഷന്മാര്‍ ഇടയലേഖനങ്ങള്‍ ഇറക്കാറുണ്ട്. ഇടയ ലേഖനങ്ങള്‍
അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിച്ചുകൊണ്ട് ഇടയമക്കള്‍ കേരളത്തില്‍ അനേക പ്രക്ഷോപങ്ങളും
സംഘടിപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ ഇടയ ലേഖനമെന്ന വാള് അന്നുള്ള
സര്‍ക്കാരിനെതിരെ ആദ്യമായി വീശിയത് ചങ്ങനാശേരി ബിഷപ്പായിരുന്ന ജയിംസ്
കാളാശേരിയായിരുന്നു. സ്വകാര്യ സ്കൂളുകള്‍ ദേശവല്ക്കരിക്കാനുള്ള സി.പിയുടെ നീക്കത്തെ
ക്രിസ്ത്യന്‍ സമൂഹമൊന്നാകെ എതിര്‍ത്തിരുന്നു. ഒരു സായുധ വിപ്ലവത്തിന്റെ
ഭാഷയിലായിരുന്നു ബിഷപ്പ് കാളാശേരി ഇടയലേഖനം ഇറക്കിയത്. കേരള ചരിത്രത്തില്‍
സര്‍ക്കാരിനെതിരെയുള്ള ആദ്യത്തെ ഇടയ ലേഖനമായിരുന്നു അന്ന് ബിഷപ്പ്
പുറപ്പെടുവിച്ചത്. കുപിതനായ സി.പി. രാമ സ്വാമി അയ്യര്‍ ബിഷപ്പിനെതിരെ പ്രകോപനപരമായ
നടപടികള്‍ എടുക്കുമെന്ന് ഭയന്ന് ചങ്ങനാശേരി പട്ടണം ജനബാഹുല്യം കൊണ്ട്
നിറഞ്ഞിരുന്നു. പാലായില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആയിരക്കണക്കിന്
സായുധ മക്കളാണ് അക്കാലങ്ങളില്‍ മെത്രാന്റെ അരമനയ്ക്കു ചുറ്റും കാവല്‍
നിന്നിരുന്നത്. സി.പി. സര്‍ക്കാരിന് മെത്രാനെ അറസ്റ്റു ചെയ്യാനും
പദ്ധതികളുണ്ടായിരുന്നു. ഒന്നും ചെയ്യാന്‍ സാധിക്കാതെ സി.പി. രാമസ്വാമി അയ്യര്‍ ആ
ഉദ്യമത്തില്‍ നിന്നും പിന്മാറുകയാണുണ്ടായത്. വാസ്തവത്തില്‍ ഇടയലേഖനത്തിന്റെ ഭാഷ
സര്‍ സി.പി. തെറ്റി ധരിക്കുകയായിരുന്നു. 1945 ഓഗസ്റ്റു പതിനഞ്ചാം തിയതി
പുറപ്പെടുവിച്ച ഇടയ ലേഖനത്തിന്റെ ആമുഖമായി ബിഷപ്പ് ഉപയോഗിച്ചിരുന്ന ആലങ്കാരിക
വാക്കുകള്‍ സി.പി. യെ കുപിതനാക്കി. ലൂക്കായുടെ ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ച് ഒരു
സായുധ വിപ്ലവ ഭാഷയിലായിരുന്നു ഇടയ ലേഖനം തയ്യാറാക്കിയിരുന്നത്.
ബിഷപ്പ്
കാളാശേരി ഇടയ ലേഖനത്തിലെഴുതിയ ഉദ്ധരണികള്‍ ഇങ്ങനെ, "അവന്‍ അവരോടു അരുള്‍ ചെയ്തു,
"ഇപ്പോള്‍ മുതല്‍ മടിശീലയുള്ളവന്‍ അതെടുക്കട്ടെ. വാളില്ലാത്തവന്‍ തന്റെ കുപ്പായം
വിറ്റു വാള്‍ വാങ്ങട്ടെ. അവര്‍ പറഞ്ഞു, കര്‍ത്താവേ ഇവിടെ രണ്ടു വാളുണ്ട്. മതി. "
ഇടയ ലേഖനം തുടരുന്നു, "നമ്മുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന ആദ്യത്തെ വാള്‍ നാം
നിരീശ്വര വാദികളായ കമ്മ്യൂണിസത്തിനെതിരെ വീശിക്കഴിഞ്ഞു. ഇനി നമ്മുടെ കൈവശമുള്ള
രണ്ടാമത്തെ വാളിനെ, അദ്ധ്യാത്മിക അണുബോംബിനെ പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈ
വന്നിരിക്കുന്നു. മടിശീലയുള്ളവന്‍ അതെടുത്തു കൊള്ളാനുള്ള അവസരവും ഇതാ
സമാഗതമായിരിക്കുന്നു. എങ്കിലും നാം ഉടനെ ആ വാള്‍ ഊരുന്നില്ല. അദ്ധ്യാത്മിക ബോംബു
പൊട്ടിക്കുന്നുമില്ല. " സായുധ വിപ്ലവ ഭാഷയില്‍ മെത്രാനെഴുതിയ ഇടയ ലേഖനത്തില്‍
സി.പി. നടുങ്ങി. സഭ, ഒരു സായുധ വിപ്ലവത്തിന് തയാറാകുന്നുവെന്ന് സി.പി. യും കരുതി.
ഇടയ ലേഖനത്തിന്റെ ധ്വനി മുഴക്കിക്കൊണ്ട് കുഞ്ഞാടുകള്‍ അതനുസരിച്ച് കുറുവടികളുമായി
ചങ്ങനാശേരി പട്ടണം മുഴുവന്‍ സമര ഭൂമിപോലെയാക്കിയിരുന്നു.
ഈഴവ മുസ്ലിം
ക്രിസ്ത്യന്‍ സമുദായങ്ങളുടെ അവശതകള്‍ പരിഹരിക്കാനായി 1932ല്‍ ആരംഭിച്ച
പ്രക്ഷോപത്തെയാണ് 'നിവര്‍ത്തന പ്രക്ഷോപ'മെന്നു പറയുന്നത്. അന്നുണ്ടായിരുന്ന
തിരുവിതാംകൂര്‍ നിയമസഭയിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും ജനസംഖ്യാനുപാതികമായി
പ്രാധിനിത്യം വേണമെന്ന് പ്രക്ഷോപ നേതാക്കള്‍ ആവശ്യപ്പെട്ടു. ദേശീയ വാദികള്‍ അഴിച്ചു
വിട്ട നിസഹരകരണ പ്രസ്ഥാനമോ, സിവില്‍ നിയമ ലംഘനമോ നിവര്‍ത്തന വാദികള്‍
പിന്തുടരുമെന്നു ഭയപ്പെട്ട് സി.പി. ആദ്യം പ്രക്ഷോപകാരികളോട് ശത്രുതാ മനോഭാവമാണ്
പുലര്‍ത്തിയത്. പിന്നീട് അവരുടെ ആവശ്യങ്ങള്‍ സി.പി. പരിഗണിക്കുകയും ചെയ്തു.
അതിനുശേഷം ക്രിസ്ത്യന്‍ ശക്തികളുടെ പിന്തുണയോടെ ദിവാന്‍ ഭരണത്തിനെതിരെ അതിശക്തമായ
ഒരു പ്രസ്ഥാനം തന്നെ രൂപാന്തരപ്പെട്ടു. ദിവാനെതിരെ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ്
നിലവില്‍ വന്നു. അന്ന് സ്‌റ്റേറ്റ് കോണ്‍ഗ്രസിനെ നയിച്ചത് അക്കാമ്മ
ചെറിയാനായിരുന്നു.
സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്, 1947ല്‍
അനന്തപുരിയൊന്നാകെ രാജാവിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. പാളയം മുതല്‍
തമ്പാന്നൂര്‍വരെയും അവിടെനിന്നു കിഴക്കേകോട്ടവരെയും സര്‍ സി. പി. യുടെ
നേതൃത്വത്തില്‍ കുതിരപ്പട്ടാളം നിരനിരയായി ഉണ്ടായിരുന്നു. പെട്ടെന്നാണ്
തമ്പാന്നൂരില്‍ ഗാന്ധിതൊപ്പി ധരിച്ച ആയിരങ്ങള്‍ പ്രത്യക്ഷമായത്. അവരുടെ മുമ്പില്‍
ഒരു തുറന്ന വണ്ടിയില്‍ ചട്ടയും മുണ്ടും നേര്യതുമിട്ടു ഗാന്ധി തൊപ്പിയും ധരിച്ചു ഒരു
ധീര വനിതയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരത്തി അക്കാമ്മ ചെറിയാനായിരുന്നു ധീര
ധീരയായി അന്നത്തെ ജനത്തെ നയിച്ച ആ നേതാവ്. സ്വാതന്ത്ര്യത്തിനുള്ള ദാഹത്താല്‍
മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു നൂറുകണക്കിന് പ്രവര്‍ത്തകരും ഒപ്പം
ഉണ്ടായിരുന്നു. ലക്ഷ്യം രാജാവിനെയും സി. പി.യേയും കാണുകയെന്നതായിരുന്നു. രാജാവിനെ
കാണുവാന്‍ അന്നവര്‍ക്ക് സാധിച്ചില്ല. . ജയിലിലായിരുന്ന സ്വാതന്ത്ര്യ സമരനേതാക്കളായ
പട്ടം താണുപിള്ളയേയും സി. കേശവനെയും പറവൂര്‍ ടി.കെ. നാരായനപിള്ളയേയും മറ്റു
നേതാക്കന്മാരെയും ജയില്‍ വിമുക്തമാക്കണമെന്നായിരുന്നു അക്കാമ്മ ചെറിയാന്റെ ആവശ്യം.
അന്ന് വൈകുന്നേരംതന്നെ നേതാക്കന്മാരെ ദിവാന്‍ ജയില്‍ വിമുക്തരാക്കി. തമ്പാന്നൂരില്‍
അന്നുതന്നെ പട്ടത്തിന്റെ നേതൃത്വത്തില്‍ ഒരു മഹായോഗവും
ഉണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റുര്‍ക്ക് സി. പി. യോടു വിരോധം വരുവാന്‍
കാരണമുണ്ട്. കാരണം സി.പി. കമ്മ്യൂണിസത്തെ എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ
അധികാരത്തിളപ്പില്‍ കമ്മ്യൂണിസത്തെ നശിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തിരുന്നു. സര്‍
സി. പി. യെ ഏകാധിപതിയും കമ്മ്യൂണിസ്റ്റ് വിരോധിയുമായിട്ടാണ് കണക്കാക്കുന്നത്.
എങ്കിലും 1959ല്‍ ജനാധിപത്യ വ്യവസ്ഥയില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ
പുറത്താക്കിയപ്പോള്‍ അദ്ദേഹം എതിര്‍ത്തിരുന്നു. അത് ഭരണഘടനാ ലംഘനമാണെന്നും ഈ
നിയമജ്ഞന്‍ പറയുകയുണ്ടായി.
എന്നാല്‍ വലതു പക്ഷ ചിന്താഗതിക്കാരായ മലയാള മനോരമ
അദ്ദേഹത്തെ വ്യക്തിപരമായി വിമര്‍ശിച്ച് ശത്രുത പുലര്‍ത്താന്‍ താത്പര്യപ്പെട്ടത് മത
രാഷ്ട്രീയങ്ങളുടെ കൂട്ടില്‍ അകപ്പെട്ടതു കൊണ്ടായിരിക്കണം. ക്രിസ്ത്യാനികള്‍
നടത്തിക്കൊണ്ടിരുന്ന നാഷണല്‍ കൊയിലോണ്‍ ബാങ്കും മനോരമയും യാതൊരു കാരണവുമില്ലാതെ
നിറുത്തലാക്കിച്ചത് സി. പിയുടെ ക്രിസ്ത്യാനികളോടുള്ള പകകൊണ്ടായിരുന്നുവെന്നും
വിമര്‍ശനങ്ങളുണ്ടായിരുന്നു. അന്ന് മനോരമയുടെ മുഖ്യ പത്രാധിപര്‍ മാമ്മന്‍
മാപ്പിളയായിരുന്നു. നാഷണല്‍ കൊയിലോണ്‍ ബാങ്കില്‍ അഴിമതികള്‍
ധാരാളമുണ്ടായിരുന്നുവെന്നും സി.പി. യുടെ സമയോചിതമായ പ്രവര്‍ത്തനം കൊണ്ട്
നിക്ഷേപകരുടെ നിക്ഷേപം നഷ്ടപ്പെട്ടില്ലെന്നുമാണ് ചരിത്രകാരനായ ശ്രീധരമേനോന്‍
രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവിതാംകൂര്‍ നാഷണല്‍ കൊയിലൊണ്‍ ബാങ്ക്
അദ്ദേഹം ഇല്ലാതാക്കിയപ്പോള്‍ പൊതുജന വിമര്‍ശനങ്ങള്‍ വളരെയേറെയായിരുന്നു. ആദ്യകാല
പാര്‍ലമെന്റ് മെമ്പറും സുഡാന്‍ അംബാസിഡറുമായിരുന്ന സി.പി. മാത്തനായിരുന്നു
ബാങ്കിന്റെ സ്ഥാപകനും ഡിറക്റ്ററും. മലയാള മനോരമ മുഖ്യപത്രാധിപര്‍ മാമ്മന്‍ മാപ്പിള
ബാങ്കിന്റെ ചെയര്‍മാനും. പിന്നീട് മാമ്മന്‍ മാപ്പിളയേയും സി.പി. മാത്തനെയും
തിരുവിതാംകൂര്‍ സര്‍ക്കാര്‍ ജയിലിലടച്ചു. സര്‍ക്കാരിനെയും വ്യക്തിപരമായി
സി.പി.യെയും വിമര്‍ശിച്ചതിന് മലയാള മനോരമ പൂട്ടി മുദ്ര വെച്ചു.
അമേരിക്കന്‍
മോഡലില്‍ ഒരു സ്വതന്ത്ര തിരുവിതാംകൂര്‍ സി.പി.രാമസ്വാമി അയ്യര്‍ വാഗ്ദാനം ചെയ്തു.
അമേരിക്കന്‍ സംവിധാനത്തിലുള്ള ഭരണ മോഡലിലും സ്വാതന്ത തിരുവിതാകൂര്‍ ആശയങ്ങളിലും
പ്രതിഷേധിച്ച് ആലപ്പുഴ പ്രദേശങ്ങളില്‍ വയലാര്‍ പുന്നപ്ര പ്രദേശങ്ങളില്‍ ശക്തിയേറിയ
പ്രതിഷേധ പ്രകടനങ്ങളുണ്ടായി. എന്നാല്‍ സി. പി. സമരക്കാരെ അടിച്ചമര്‍ത്തി.
ആയിരക്കണക്കിനു ജനവിഭാഗങ്ങള്‍ വയലാര്‍ പുന്നപ്ര ലഹളയില്‍
മരണമടഞ്ഞു.
1947ല്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് അധികാരം കൈമാറുന്ന
സമയമായിരുന്നു. ഇന്ത്യയിലെ ഒരോ രാജ സംസ്ഥാനങ്ങള്‍ക്കും ഇന്ത്യയോടോ പാക്കിസ്ഥാനോടോ
ചേരുകയോ സ്വതന്ത്രമായി ഭരിക്കുകയോ ചെയ്യാനുള്ള വ്യവസ്ഥയും അധികാര കൈമാറ്റലില്‍
ഉണ്ടായിരുന്നു. ബുദ്ധിമാനായ സി.പി. ഏകാധിപതിയായി സ്വതന്ത്ര തിരുവിതാംകൂറിനായി
നിലകൊണ്ടു. തിരുവിതാംകൂറിനെ ദിവാന്റെ നിയന്ത്രണത്തിലുള്ള പരമാധികാര രാഷ്ട്രമായി
രൂപപ്പെടുത്താനും ശ്രമങ്ങള്‍ തുടങ്ങി. .അമേരിക്കന്‍ മാതൃകയിലുള്ള ഭരണഘടനയും
വാഗ്ദാനം ചെയ്തു. അധികാരം ഉപയോഗിച്ച് വിപ്ലവത്തെ അടിച്ചമര്‍ത്താനും ശ്രമിച്ചു.
ദിവാന്റെ ഉപദേശം അനുസരിച്ച് ചിത്തിര തിരുന്നാള്‍ രാജാവ് തിരുവിതാംകൂറിനെ 1947
ആഗസ്റ്റ് ഇരുപത്തിയാറു മുതല്‍ പൂര്‍ണ്ണാധികാരമുള്ള രാജ്യമായി വിളംബരം
ചെയ്തു.
ഓണാട്ടു മഠം ചിദംബരം സുബ്രമണിയ അയ്യര്‍, (കെ സി എസ് മണി )എന്ന
സാമൂഹിക പ്രവര്‍ത്തകന്‍ സി.പി യെ വധിക്കാന്‍ ശ്രമിച്ച വ്യക്തിയെന്ന പേരില്‍
അറിയപ്പെടുന്നു. 1947 ജൂലൈ ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരം സ്വാതിതിരുന്നാള്‍
സംഗീത അക്കാഡമിയുടെ മുമ്പില്‍ വെച്ചു കെ സി എസ് മണി സി.പി യെ ആക്രമിച്ചു. അന്നവിടെ
പാട്ടു കച്ചേരി നടക്കുകയായിരുന്നു. ആക്രമത്തില്‍ സി.പി. മുറിവേല്‍ക്കപ്പെട്ടു. സി
പി യുടെ നേരെയുള്ള ആക്രമണം കഴിഞ്ഞയുടന്‍ മഹാരാജാവ് ചിത്തിര തിരുന്നാള്‍
തിരുവിതാംകൂറിനെ ഇന്ത്യാ യൂണിയനില്‍ ചേര്‍ക്കുന്ന തീരുമാനം അറിയിച്ചു. 1947
ആഗസ്റ്റ് പത്തൊമ്പതാം തിയതി ദിവാന്‍ സ്ഥാനം സി. പി. രാജി
വെച്ചു.
ദിവാന്‍പദവി രാജി വെച്ചശേഷം 1948ല്‍ അദ്ദേഹം ലണ്ടനില്‍ പോയി.
അവിടെനിന്നു ഗവര്‍ണ്ണര്‍ ജനറലായിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റന്റെ
ശുപാര്‍ശയനുസരിച്ച് അനേക ബഹുമതികളോടെയും ബ്രിട്ടീഷ് പദവികളോടെയും മടങ്ങി വന്നു.
പിന്നീട് ബ്രസീല്‍, അര്‍ജന്റീന, പെറു മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
അമേരിക്കയില്‍ പ്രസിഡണ്ട് ഹാരി എസ് ട്രൂമാനെയും സന്ദര്‍ശിച്ചു.1952- 53
കാലങ്ങളില്‍ ആസ്‌ട്രേലിയാ, ന്യൂസിലാണ്ട്, യൂ എസ് എന്നീ രാജ്യങ്ങളില്‍ വിസിറ്റിംഗ്
പ്രൊഫസറായിരുന്നു. 1960 ലും 1970ലും അണ്ണാമല, ബനാറസ് യൂണിവേഴ്‌സിറ്റികളുടെ ഒരേ
സമയം വൈസ് ചാന്‍സലര്‍ ആയി ചുമതലകള്‍ വഹിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി
അനേക യൂണിവേഴ്‌സിറ്റികള്‍ ഡോക്ടര്‍ ബിരുദങ്ങള്‍ (ഡി.ലിറ്റ്. എല്‍ എല്‍ ഡി) നല്കി
ബഹുമാനിച്ചു. വിവിധ വിഷയങ്ങളിലായി അനേക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1966
സെപ്റ്റംബറില്‍ 'ഹിസ്റ്ററി ഒഫ് മൈ ടൈംസ് (history of my times) എന്ന പുസ്തക
രചനയുടെ ഗവേഷണങ്ങള്‍ക്കായി അദ്ദേഹം ഇംഗ്ലണ്ടിലായിരുന്നു. അവിടെ ഇന്ത്യാ
ലൈബ്രറിയില്‍ 1966 സെപ്റ്റംബര്‍ ഇരുപത്തിയാറാം തിയതി ഒരു ചാരുകസേരയില്‍
ഇരുന്നുകൊണ്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കവേ ബോധരഹിതനായി വീഴുകയും ഉടന്‍ തന്നെ
മരിക്കുകയും ചെയ്തു. മരിക്കുമ്പോള്‍ അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു. അങ്ങനെ
ജീവിതത്തിന്റെ പല മേഖലകളിലായി അത്യുന്നത പദവികള്‍ അലങ്കരിച്ചിരുന്ന സര്‍ സി. പി.
യെന്ന മഹാനായ വിവാദ പുരുഷന്റെ അന്ത്യം കുറിച്ചു. പ്രസിദ്ധനായ ആ
രാഷ്ട്രതന്ത്രജ്ഞന്റെ മരണം ഇന്ത്യയിലെ എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ
പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും
പ്രസിഡന്റ് സക്കീര്‍ ഉസൈനും കാമരാജനും രാജഗോപാലാചാരിയും സന്ദേശങ്ങള്‍ വഴി
അനുശോചനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.