Image

എന്‍.എസ്‌.എസ്‌ തുറന്നപോരിലേക്ക്‌ പോകുമ്പോള്‍ ...

Published on 13 April, 2012
എന്‍.എസ്‌.എസ്‌ തുറന്നപോരിലേക്ക്‌ പോകുമ്പോള്‍ ...
യുഡിഎഫ്‌ സര്‍ക്കാരുമായി തുറന്നപോരിലേക്ക്‌ പ്രബല സംഘടനയായ നായര്‍ സര്‍വീസ്‌ സൊസൈറ്റി കടന്നിരിക്കുന്നു എന്നു തന്നെ മനസിലാക്കണം ഇപ്പോത്തെ കേരള രാഷ്‌ട്രീയം നിരീക്ഷിക്കുമ്പോള്‍. ഏറെക്കാലമായി സമദൂര സിദ്ധാന്തം സ്വീകരിച്ചു നിന്ന എന്‍.എസ്‌.എസ്‌ ഈ സിദ്ധാന്തത്തിനുള്ളില്‍ തന്നെ ഒരു യുഡിഎഫ്‌ ചായ്‌വ്‌ എപ്പോഴും നിലനിര്‍ത്തിയിരുന്നു എന്നത്‌ ഏവര്‍ക്കുമറിയാം. പക്ഷെ കാലങ്ങളായുള്ള എന്‍.എസ്‌.എസിന്റെ യുഡിഎഫ്‌ ബന്ധത്തിനാണ്‌ ഇപ്പോള്‍ വലിയ വിള്ളല്‍ വീണിരിക്കുന്നത്‌.

കുഞ്ഞൂഞ്ഞ്‌, കുഞ്ഞാലിക്കുട്ടി, കുഞ്ഞുമാണി എന്നീ അധികാരകേന്ദ്രങ്ങള്‍ ന്യൂനപക്ഷ പ്രീണനം നടത്തി കേരള രാഷ്‌ട്രീയത്തില്‍ കുതിരകച്ചവടം നടത്തുകയാണെന്ന സുകുമാരന്‍ നായരുടെ തുറന്നു പറച്ചിലാണ്‌ കഴിഞ്ഞ ദിവസത്തെ കേരള രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ചത്‌. സുകുമാരന്‍ നായരുടെ വാക്കുകളില്‍ സത്യസന്ധമായ ജനപക്ഷ മനോഭാവമായിരുന്നോ, അതോ അവസരവാദപരമായ മുതലെടുപ്പായിരുന്നോ എന്നത്‌ പിന്നീട്‌ തെളിയിക്കപ്പേണ്ട കാര്യമാണ്‌. പക്ഷെ കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും, നേതാക്കളെയും പിന്തള്ളി സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി കേരളരാഷ്‌ട്രീയം ഹൈജാക്ക്‌ ചെയ്‌ത കാഴ്‌ചയാണ്‌ ജനങ്ങള്‍ കണ്ടത്‌.

അഞ്ചാം മന്ത്രിയെന്ന അവസരരാഷ്‌ട്രീയത്തില്‍ അമ്പരന്ന ജനത്തിന്റെ ശ്രദ്ധ തന്നിലേക്ക്‌ പിടിച്ചെടുക്കാന്‍ സുകുമാരന്‍ നായര്‍ക്ക്‌ കഴിഞ്ഞു. പ്രതിപക്ഷ നേതാവായ വി.എസും പിന്നെ പിണറായി വിജയനുമെല്ലാം സുകുമാരന്‍ നായര്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കാന്‍ കഴിയാതെ അത്ഭുതപ്പെട്ടു പോയിക്കാണണം. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിളങ്ങാറുള്ള വെള്ളിപ്പള്ളി നടേശന്‌ പോലും ഇത്തവണ സുകുമാരന്‍ നായര്‍ക്കൊപ്പം കളം നിറഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞില്ല.

മുസ്ലിംലീഗ്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കുമെന്ന ഊഹാപോഹങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ വിമര്‍ശന സ്വരം ഉയര്‍ത്തിയിരുന്നു സുകുമാരന്‍ നായര്‍. എന്നാല്‍ അപ്പോള്‍ ഇത്‌ വെറും കലക്കവെള്ളത്തിലെ മിന്‍പിടുത്തമായിട്ട്‌ മാത്രമേ ജനങ്ങള്‍ കണ്ടു കാണാന്‍ സാധ്യതയുള്ളു. പക്ഷെ സുകുമാരന്‍ നായരുടെ കലാപക്കൊടി ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ചിരിക്കണം. അതുകൊണ്ടാണ്‌ ആഭ്യന്തരമൊഴിഞ്ഞ്‌ തിരുവഞ്ചൂരിന്‌ നല്‍കി എന്‍.എസ്‌.എസ്‌ പ്രീണനത്തിന്‌ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്‌. എന്നാല്‍ ഇത്‌ കുനിന്‍മേല്‍ കുരുപോലെയായി. കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇത്‌ പടലപ്പിണക്കങ്ങളും വിമതസ്വരങ്ങളും ഉയര്‍ത്തി. എന്തിന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പോലും ഹൈക്കമാന്റിനെ പരാതി അറിയിച്ചു കഴിഞ്ഞു.

വകുപ്പ്‌ മാറ്റത്തെ വെറും ചെപ്പടി വിദ്യയെന്നാണ്‌ എന്‍.എസ്‌.എസ്‌ വിലയിരുത്തിയത്‌. വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ അരങ്ങേറിയ രാഷ്‌ട്രീയ നാടകങ്ങള്‍ കണ്ടവര്‍ പിന്നീട്‌ സുകുമാരന്‍ നായര്‍ പറഞ്ഞ കാര്യങ്ങളെ ഗൗരവത്തില്‍ നോക്കികണ്ടുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനുമില്ല.

എന്നാല്‍ സുകുമാരന്‍ നായര്‍ ഉയര്‍ത്തുന്ന ന്യായ വാദങ്ങള്‍ എത്രത്തോളം സത്യസന്ധമാണെന്നതാണ്‌ ഇനിയുള്ള ചോദ്യം. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെ മുതലെടുത്ത്‌ നായര്‍ സമുദായ അംഗമായ രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള ഒരു അജണ്ട ഇതിനു പിന്നിലുണ്ടോ എന്ന സംശയം രാഷ്‌ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്‌. കഴിഞ്ഞ ദിവസം പ്രമുഖ ചാനല്‍ ചര്‍ച്ചകളിലും മുഖ്യമന്ത്രി പദത്തിലേക്ക്‌ ചെന്നിത്തലയെ എത്തിക്കാനുള്ള ഒരു തന്ത്രം എന്‍.എസ്‌.എസിന്റെ നിലപാടുകള്‍ക്ക്‌ പിന്നിലില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. സമ്മര്‍ദ്ദങ്ങള്‍ ഏറിയാല്‍ ഉമ്മന്‍ചാണ്ടി രാജിവെച്ച്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയാകുന്നു എന്ന ഫോര്‍മുല ഉണ്ടായേക്കാം എന്ന്‌ പ്രതീക്ഷിക്കുന്നവരും കുറവല്ല. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കുമ്പോഴും പല തീരുമാനങ്ങളില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റിനെ ഒഴിവാക്കിയെന്ന സുകുമാരന്‍നായരുടെ കുറ്റപ്പെടുത്തല്‍ ഏവരും ശ്രദ്ധിക്കുക തന്നെ ചെയ്‌തിട്ടുണ്ടാകും. ഇതിലെ വാസ്‌തവങ്ങള്‍ ഇനി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.

എന്നാല്‍ നിലവില്‍ എന്‍.എസ്‌.എസ്‌ യുഡിഎഫുമായി തുറന്ന പോരിലേക്കാണ്‌ പോയിരിക്കുന്നത്‌ എന്ന്‌ വ്യക്തമായി. എല്‍.ഡി.എഫിലെ മുതര്‍ന്ന നേതാവ്‌ എം.വിജയകുമാര്‍ വ്യാഴാഴ്‌ച തന്നെ എന്‍.എസ്‌.എസ്‌ ആസ്ഥാനത്തെത്തി സുകുമാരന്‍നായര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്‌. എന്നാല്‍ ആഭ്യന്തരമന്ത്രി പദം ഏറ്റെടുത്ത്‌ ഉടന്‍ തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്‍.എസ്‌.എസ്‌ ആസ്ഥാനത്ത്‌ അനുരഞ്‌ജന ചര്‍ച്ചക്ക്‌ എത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്‌ സന്ദര്‍ശന അനുമതി നിഷേധിക്കപ്പെടുകയും ചെയ്‌തു.

തിരുവഞ്ചൂരിനെ പരസ്യമായി ഉമ്മന്‍ചാണ്ടിയുടെ ആജ്ഞാനുവര്‍ത്തിയെന്ന പറയുമ്പോള്‍, ഉമ്മന്‍ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി എന്നിവരെ പേരെടുത്ത്‌ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍, ഇവര്‍ ഭരിക്കട്ടെ തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ കണ്ടുകൊള്ളാം എന്ന്‌ പറയുമ്പോള്‍- ഇവിടെയെല്ലാം എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും ശരീരഭാഷയില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്‌ - നിലവില്‍ മുസ്ലിംലീഗ്‌ മേല്‍ക്കൈയുള്ള ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട്‌ എന്‍.എസ്‌.എസ്‌ ഇനി മമത കാട്ടില്ല. വരാന്‍ പോകുന്ന നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ എന്‍.എസ്‌.എസും, എസ്‌.എന്‍.ഡി.പിയുമെല്ലാം നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വെച്ച്‌ യു.ഡി.എഫിന്‌ എതിരാകും. കേരളാ കോണ്‍ഗ്രസ്‌ എംനും മുസ്ലിംലീഗിനും മതേതര സ്വഭാവമില്ല, അതുവഴി യുഡിഎഫിന്റെയും മതേതര സ്വഭാവം നഷ്‌ടപ്പെടുന്നു എന്ന ആരോപണമാണ്‌ എന്‍.എസ്‌.എസ്‌ ശക്തമായി മുന്നോട്ടു വെച്ചിരിക്കുന്നത്‌. ഇങ്ങനെ പ്രബല ജാതിസംഘടനകള്‍ യുഡിഎഫില്‍ നിന്നും അകലുന്നത്‌ കേരള രാഷ്‌ട്രീയത്തില്‍ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തുക തന്നെ ചെയ്യും.

നെയ്യാറ്റിന്‍കരയില്‍ എന്‍.എസ്‌.എസ്‌ എതിരാകുമോ എന്നതിനേക്കാള്‍ ഇനി ഉമ്മന്‍ചാണ്ടിയെ ഭയപ്പെടുത്തുക കേരളാ കോണ്‍ഗ്രസ്‌ ബിയുടെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ ഇനി എന്‍.എസ്‌.എസ്‌ എങ്ങനെ ഇടപെടും എന്നതിലായിരിക്കും. ബാലകൃഷ്‌ണപിള്ളയും ഗണേഷ്‌കുമാറും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ ഇപ്പോള്‍ എന്‍.എസ്‌.എസ്‌ പിള്ളയുടെ പക്ഷം ചേര്‍ന്നിരിക്കുന്നു. ഗണേഷിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ അയോഗ്യനാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ ബാലകൃഷ്‌ണപിള്ള അവസാനമായി താക്കീത്‌ നല്‍കിയിരിക്കുന്നു. ഇതിന്‌ എന്‍.എസ്‌.എസ്‌ പിന്തുണയും നല്‍കിയിരിക്കുന്നു. യുഡിഎഫ്‌ താഴെപ്പോയാലും ഗണേഷിനെ വേണ്ട എന്ന നിലപാടാണ്‌ ഇപ്പോള്‍ ബാലകൃഷ്‌ണപിള്ളയുടേത്‌.

കേരളാ കോണ്‍ഗ്രസ്‌ ബിയിലെ ആഭ്യന്തരപ്രശ്‌നം സൃഷ്‌ടിക്കുന്ന രാഷ്‌ട്രീയ സാഹചര്യം മറികടക്കാന്‍ എന്‍.എസ്‌.എസിന്റെ സഹായമില്ലാതെ യുഡിഎഫിന്‌ കഴിയില്ല. ബാലകൃഷ്‌ണപിള്ളയാവട്ടെ ഇപ്പോള്‍ പാര്‍ട്ടിയേക്കാളും കുടുതലായി എന്‍.എസ്‌.എസിന്റെ തണലിലേക്ക്‌ മാറിയിരിക്കുന്നു. എല്ലാകാലത്തും എന്‍.എസ്‌.എസിനും യുഡിഎഫിനും ഇടയിലെ പാലമായിരുന്ന പിള്ളക്ക്‌ യുഡിഎഫില്‍ നിന്നും നേരിടുന്ന അവഗണനയിലും എന്‍.എസ്‌.എസിന്‌ അതൃപ്‌തിയുണ്ട്‌.

തിരുവഞ്ചൂരിനെ പെരുന്നയില്‍ എത്തുന്നത്‌ വിലക്കിയപ്പോള്‍ എം.വിജയകുമാറിനെ എന്‍.എസ്‌.എസ്‌ സ്വാഗതം ചെയ്‌തത്‌ ഈ അവസരത്തിലാണ്‌ ഏറെ പ്രധാന്യം നേടുന്നത്‌. എല്‍.ഡി.എഫ്‌ നേതാവ്‌ ഈ അവസരത്തില്‍ തങ്ങളുടെ അസ്ഥാനത്തേക്ക്‌ വരുന്ന മറ്റൊരു വിധത്തില്‍ ചര്‍ച്ചയാകുമെന്ന ഭയമൊന്നും എന്‍.എന്‍.എസിന്‌ ഉണ്ടായിരുന്നില്ല എന്നു വേണം മനസിലാക്കാന്‍. മാത്രമല്ല എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ ഭരണസിരാ കേന്ദ്രങ്ങളില്‍ ഒരിക്കലും സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തിരുന്നില്ല എന്നും സുകുമാരന്‍ നായര്‍ പരസ്യമായി പറഞ്ഞിരിക്കുന്നു.

എന്തായാലും കേരളത്തിലെ യു.ഡി.എഫും സര്‍ക്കാരും ഒരു വലിയ പ്രതിസന്ധിയിലൂടെയാണ്‌ ഇപ്പോള്‍ കടന്നു പോകുന്നത്‌. വിമത സ്വരം ഉയര്‍ത്തിയ ആര്യാടന്‍ മുഹമ്മദ്‌ തനിക്ക്‌ കൂടുതലായി നല്‍കിയ ഗതാഗത വകുപ്പിന്റെ ചുമതല പോലും ഏറ്റെടുക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയും വിസമ്മതിച്ചത്‌ ഭരണം ചലനമറ്റു നില്‍ക്കുന്നതിന്റെ വ്യക്തമായ ഉദാഹരണം തന്നെയാണ്‌. ഘടക കക്ഷികളുടെയും, ജാതി സംഘടനകളുടെയും സമര്‍ദ്ദ തന്ത്രങ്ങള്‍ വഴങ്ങുന്ന ഒരു സര്‍ക്കാര്‍, സ്വന്തം സംഘടനയിലെ ഗ്രൂപ്പ്‌ വഴക്കും വിമത സ്വരങ്ങളും തീര്‍ക്കാന്‍ പാടുപെടുന്ന സര്‍ക്കാര്‍ എങ്ങനെ ഭരണം നടത്തുമെന്ന്‌ ജനങ്ങള്‍ക്ക്‌ തോന്നിയാല്‍ അതില്‍ അത്ഭുതവുമില്ല.

കഴിവുള്ളവരെ മന്ത്രിയാക്കുന്നു എന്ന രാഷ്‌ട്രീയ ജനകീയ നീതിക്ക്‌ പകരം പാര്‍ട്ടികള്‍ക്ക്‌ മന്ത്രിസ്ഥാനം വീതം വെക്കേണ്ടുന്ന സ്ഥിതിയിലേക്ക്‌, ജാതി സംഘടനകള്‍ക്ക്‌ മന്ത്രിയെ നല്‍കേണ്ടുന്ന അവസ്ഥയിലേക്ക്‌ കേരള രാഷ്‌ട്രീയം കടന്നു ചെന്നിരിക്കുന്നു. ഒരു മന്ത്രിക്ക്‌ വേണ്ടി കേരളത്തിന്റെ ഖജനാവില്‍ നിന്നും ഒരു വര്‍ഷം കുറഞ്ഞത്‌ ആറു കോടി രൂപയെങ്കിലും (പേഴ്‌സണല്‍ സ്റ്റാഫിന്റെ ശബളവും, യാന്ത്രകളും, മന്ത്രിമന്ദിരവും എല്ലാമടക്കം) ചിലവഴിക്കണമെന്ന്‌ വരുമ്പോള്‍ കഴമ്പും കാര്യവുമില്ലാതെ കുത്തിത്തിരുകുന്ന മന്ത്രിസ്ഥാനങ്ങള്‍ കൊണ്ട്‌ ആര്‍ക്കാണ്‌ നേട്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക