Image

കേരളത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 43.28 കോടിയുടെ കള്ളക്കടത്തുസ്വര്‍ണം പിടികൂടി

Published on 18 October, 2019
കേരളത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 43.28 കോടിയുടെ കള്ളക്കടത്തുസ്വര്‍ണം പിടികൂടി
തിരുവനന്തപുരം: രാജ്യത്തെ സ്വര്‍ണക്കടത്ത് കേസുകളില്‍ മുന്‍നിരയില്‍ കേരളവും. കഴിഞ്ഞ ആറുമാസത്തിനിടെ 43.28 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തായി കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 150.479 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്.

കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച 36.85 കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം കടത്തിയതിന് ആകെ 277 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് കൂടുതല്‍ സ്വര്‍ണം പിടിച്ചത്, 83.69 കിലോ.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 27.73 കോടിയുടെ സ്വര്‍ണക്കടത്താണ് പിടികൂടിയത്. സ്വര്‍ണകടത്തുകാര്‍ അന്തസ്സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. വിമാന മാര്‍ഗത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് പിടികൂടാന്‍ പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍, കരയിലൂടെയുള്ള കടത്ത് കണ്ടെത്താന്‍ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഭരണങ്ങള്‍, കഷ്ണങ്ങള്‍, കുഴമ്പ്, ബിസ്കറ്റുകള്‍ എന്നിങ്ങനെയുള്ള രൂപങ്ങളിലാണ് സ്വര്‍ണം കൂടുതലായി കടത്തുന്നത്. കസ്റ്റംസ് വിഭാഗത്തില്‍ ഉദ്യോഗസ്ഥരുടെ കുറവ് കാര്യക്ഷമതയെ ബാധിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസുകളില്‍ കാര്യമായ വര്‍ധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റംസ് കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ 177 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കസ്റ്റംസ് വകുപ്പ് ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപയാണ് നല്‍കുന്നത്. അതിന്റെ 50 ശതമാനം അഡ്വാന്‍സ് റിവാര്‍ഡ് ആയി നല്‍കും. കഴിഞ്ഞവര്‍ഷം വിവരം നല്‍കിയവര്‍ക്ക് 19 ലക്ഷം രൂപയും ഈ വര്‍ഷം ഇതുവരെ വിവരങ്ങള്‍ നല്‍കിയ 30 പേര്‍ക്കായി 19.89 ലക്ഷവും വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക