Image

മലയാള സിനിമയുമായി യാതൊരു ബന്ധവുമില്ല, മഞ്‌ജുവിനെതിരെ സൈബര്‍ അറ്റാക്ക്‌ നടത്തിയിട്ടില്ല'; മാത്യു സാമുവല്‍

Published on 22 October, 2019
മലയാള സിനിമയുമായി യാതൊരു ബന്ധവുമില്ല, മഞ്‌ജുവിനെതിരെ സൈബര്‍ അറ്റാക്ക്‌ നടത്തിയിട്ടില്ല'; മാത്യു സാമുവല്‍
തൃശ്ശൂര്‍: മഞ്‌ജു വാര്യര്‍ ഡിജിപിയ്‌ക്ക്‌ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി മാത്യു സാമുവല്‍ രംഗത്ത്‌. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ ആണ്‌ അദ്ദേഹം പ്രതികരിച്ചത്‌. മഞ്‌ജു വാര്യര്‍ ശ്രീകുമാര്‍ മേനോന്‌ പുറമെ മാത്യു സാമുവലിനെതിരെയും ഡിജിപിയ്‌ക്ക്‌ പരാതി നല്‍കിയിരുന്നു. ശ്രീകുമാര്‍ മോനോന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമാണ്‌ മാത്യു സാമുവല്‍.

തനിക്ക്‌ മലയാള സിനിമയുമായി യാതൊരു ബന്ധമില്ലെന്നും മഞ്‌ജുവിനെതിരെ സൈബര്‍ അറ്റാക്ക്‌ എവിടെയും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്‍ തന്റെ നല്ല സുഹൃത്താണെന്നും ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എത്രപേരെയാണ്‌ അസ്വസ്ഥപ്പെടുത്തുന്നത്‌ എന്നെ വെറുതെ ഓര്‍ത്തു പോവുകയാണെന്നും അദ്ദേഹം കുറിച്ചു. 

അതേസമയം പരക്കുനി കോളനിയുമായി ബന്ധപ്പെട്ട്‌ താന്‍ നടത്തിയ റിപ്പോര്‍ട്ട്‌ ശരിയല്ലേ എന്ന്‌ മഞ്‌ജു വാര്യരോട്‌ അദ്ദേഹം ചോദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ ദിവസമാണ്‌ മഞ്‌ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിയ്‌ക്ക്‌ പരാതി നല്‍കിയത്‌. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍ പെടുത്തുമെന്ന്‌ ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ചാണ്‌ ഡിജിപിക്ക്‌ പരാതി നല്‍കിയത്‌. ഈ പരാതിയില്‍ ശ്രീകുമാര്‍ മേനോന്റെ സുഹൃത്തായ മാത്യു സാമുവലിനെയും താരം ഉള്‍പ്പെടുത്തിയിരുന്നു.

മാത്യു സാമുവലിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ദിലീപാണ്‌ നടിയെ ആക്രമിച്ചതിന്‌ പിന്നിലുള്ളതെന്ന സത്യം നാരദ തുറന്നു പറഞ്ഞത്‌ പിന്നീട്‌ പൊലീസും സ്ഥിരീകരിച്ചു. അന്നത്തെ പൊതുവായ ആരോപണം മഞ്‌ജുവാണ്‌ ഇത്‌ ചെയ്യിച്ചത്‌ എന്നൊക്കെയായിരുന്നു.ഇന്ന്‌ അതേ മഞ്‌ജു പറയുന്നു ഞാന്‍ അവര്‍ക്കെതിരെ ശ്രീകുമാറുമായി ഗൂഢാലോചന നടത്തിയെന്ന്‌!

എനിക്ക്‌ മലയാള സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ താമസിക്കുന്നത്‌ ഡല്‍ഹിയിലാണ്‌. ചിലപ്പോള്‍ കേരളത്തില്‍ വരാറുണ്ട്‌. കാമ്‌ബുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷിച്ചു റിപ്പോര്‍ട്ട്‌ ചെയ്യും. 

ചിലപ്പോള്‍ അത്‌ തമിഴ്‌, ബംഗാളി, ഹിന്ദി, ഇംഗ്‌ളീഷ്‌ ഭാഷകളിലെ മാധ്യമങ്ങള്‍ക്കും കൊടുക്കും. നേരത്തെ കല്യാണ്‍ സ്വാമി പറഞ്ഞു ഞാന്‍ അവര്‍ക്കെതിരെ റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്‌ എന്ന്‌. അവര്‍ പോലീസില്‍ പരാതി കൊടുത്തതും അങ്ങനെയാണ്‌. അന്നും ഇപ്പോഴും ഞാന്‍ വ്യക്തമായി പറയുന്നു-ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്‌. അതില്‍ ഇത്ര നെറ്റി ചുളിക്കാന്‍ എന്തിരിക്കുന്നു?

മഞ്‌ജുവിനോടുള്ള എന്റെ സംശയം ഇതാണ്‌- പരക്കുനി കോളനിയുമായി ബന്ധപ്പെട്ട്‌ ഞാന്‍ നടത്തിയ റിപ്പോര്‍ട്ട്‌ ശരിയല്ലേ? അതോ തെറ്റാണോ? എന്റെ കൈയില്‍ മഞ്‌ജുവിന്റെ ലെറ്റര്‍ പാഡ്‌ ഒന്നും തന്നെയില്ല. പരക്കുനി എന്ന ഗ്രാമത്തില്‍ ഗ്രൗണ്ടില്‍ പോയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതിന്റെ തെളിവ്‌ വിഡിയോയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. ഞാന്‍ മഞ്‌ജുവിനെതിരെ സൈബര്‍ അറ്റാക്ക്‌ എവിടെയും ചെയ്‌തിട്ടില്ല. വസ്‌തുതാപരമായ റിപ്പോര്‍ട്ട്‌ പല മീഡിയകളിലും വന്നത്‌ സോഷ്യല്‍ മീഡിയയില്‍ എന്റെ ടൈംലൈനില്‍ കൊടുത്തു. അതെന്റെ റൈറ്റ്‌ ആണ്‌. അത്‌ വീണ്ടും തുടരും.

ഞാന്‍ ചെയ്‌ത റിപ്പോര്‍ട്ടിനെയാണ്‌ ചോദ്യം ചെയ്യേണ്ടത്‌. അത്‌ തെറ്റാണ്‌ എങ്കില്‍ അതിനെതിരെയാണ്‌ പരാതി കൊടുക്കേണ്ടത്‌. ഇനി ആ റിപ്പോര്‍ട്ട്‌ തെറ്റാണെന്ന്‌ തെളിയിക്കാന്‍ കഴിയില്ല എങ്കില്‍, പുക മറ സൃഷ്ടിക്കാന്‍ സൈബര്‍ അറ്റാക്ക്‌ എന്നല്ല പറയേണ്ടത്‌. മറ്റൊന്ന്‌, എനിക്ക്‌ ധാരാളം പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്‌. ജേര്‍ണലിസ്റ്റ്‌ എന്ന നിലയില്‍ അതൊക്കെ ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കുകയും ചെയ്യും. അതെന്റെ ജോലിയുടെ ഭാഗമാണ്‌. ഞാനും ശ്രീകുമാറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എത്രപേരെയാണ്‌ അസ്വസ്ഥപ്പെടുത്തുന്നത്‌ എന്ന്‌ വെറുതെ ഓര്‍ത്തു പോവുകയാണ്‌!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക