Image

ഒരു ഭാര്യയുടെ തുറന്ന കത്ത് (കവിത എം. എ, നോര്‍ത്ത് കരോളിന)

Published on 19 December, 2019
ഒരു ഭാര്യയുടെ തുറന്ന കത്ത് (കവിത എം. എ, നോര്‍ത്ത് കരോളിന)
എന്റെ സാമൂഹ്യവും, നിയമപരവുമായ ഭര്‍ത്താവിന്
പലപ്പോഴും നിന്നോട് പറയണം എന്ന് പല കാര്യങ്ങളും ചിന്തിച്ചുറപ്പിച്ചു, നിന്നുടെ അടുത്ത് വരാറുണ്ട്.
തുടങ്ങുന്നതിനു മുന്നേ, സമയവും സൗകര്യവും അനുചിതമല്ല എന്ന് ബോധ്യപ്പെട്ടു, പറയാതെ പോയ എത്രയോ കാര്യങ്ങള്‍!
എവിടെ തുടങ്ങണം? എങ്ങനെ അവസാനിപ്പിക്കണം? എനിക്കറിയില്ല.. പക്ഷെ ഒന്നെനിക്കറിയാം..ആത്മാവ് നഷ്ടപ്പെട്ട എന്നെയായിരുന്നു നിനക്കാവശ്യം...
എപ്പോഴും ചിരിച്ചു, നിര്‍ത്താതെ വര്‍ത്തമാനം പറയുന്ന ഞാന്‍ എന്നും നിനക്ക് അരോചകമായിരുന്നു എന്നതാണ് സത്യം...
അല്ലെങ്കില്‍ വിരിയുന്നതിനു മുന്നേ എന്റെ ചിരിപ്പൂക്കളെ നീ അടര്‍ത്തി എടുക്കില്ലല്ലോ... മുന്നോട്ടു നോക്കുന്ന എന്റെ കാഴ്ച മറയ്ക്കാന്‍ ശ്രമിക്കുമായിരുന്നില്ലല്ലോ...
എന്നെ പുറകോട്ടു വലിക്കുമായിരുന്നില്ലല്ലോ... എന്നെ നിന്റെ സാമൂഹ്യ വിചാര ചട്ടങ്ങളില്‍ തളച്ചിടാനാവില്ലെന്ന തിരിച്ചറിയല്‍ നിന്നെ അടിമുടി ഉലച്ചു കാണും...

ജീവന്‍ തുടിക്കുന്ന, സ്‌നേഹം തുളുമ്പുന്ന ഞാന്‍ നിനക്കൊരു ബാധ്യത ആയതു അന്നുമുതലല്ലേ? .. എന്റെ സ്വപ്നങ്ങള്‍ നിനക്കെന്നും തമാശയും.. എന്റെ ആഗ്രഹങ്ങള്‍ വെറും അത്യാഗ്രഹങ്ങള്‍.. എന്റെ സ്‌നേഹസംരഭങ്ങള്‍ വെറും പ്രഹസനങ്ങളും.. സ്‌നേഹം മാത്രമേ ഞാന്‍ നിന്നോട് ചോദിച്ചിട്ടുള്ളൂ... നിന്നെയോര്‍ത്താകുലപ്പെടാന്‍ പോലും അവകാശമില്ലാത്തവള്‍.... വീടും നാടും ഉപേക്ഷിച്ചു നീ തന്ന വാക്കില്‍ വിശ്വസിച്ചു, നിന്റെ താലിയണിഞ്ഞു നിന്റെ കൂടെ വന്ന ഞാന്‍ ഭാര്യ ആയില്ലെങ്കില്‍ പിന്നെ എന്താകും? ഞാന്‍ ഓര്‍ക്കുന്നു... ഒരു വീട്ടമ്മ മാത്രമാകാന്‍ കഴിയില്ല എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞ ദിവസം... യുദ്ധക്കളത്തില്‍ അപ്രതീക്ഷിതമായി തോറ്റുപോയ ഒരു പോരാളിയെപ്പോലെ നീ മാറുന്നത് ഞാന്‍ അറിഞ്ഞു.. പക്ഷെ എന്നെ കൊല്ലുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും നിന്നെ ജയിപ്പിക്കാന്‍ എനിക്കറിയില്ലായിരുന്നു.. അത് വേണ്ട എന്ന് വയ്ക്കാന്‍ ഒരുപാട് ആലോചിക്കേണ്ടി വന്നില്ല..

പിന്നെ എന്നും പരീക്ഷണങ്ങള്‍ ആയിരുന്നു... എന്നില്‍ നിന്നും എന്നെ ഇറക്കിവിടാതെ ഒരു നല്ല 'അമ്മ' ആകാന്‍ സാധിക്കില്ല എന്ന് തെളിയിക്കാന്‍ അറിഞ്ഞോ അറിയാതെയോ നീ ശ്രമിച്ചു കൊണ്ടേയിരുന്നു... അവിടേയും ഞാന്‍ പരാജയപ്പെട്ടില്ല... പക്ഷെ എന്നെ മനസ്സിലാക്കിയ നിനക്ക് എന്നെ തോല്‍പ്പിക്കാനുള്ള ഏക മാര്‍ഗം നന്നേ അറിയാമായിരുന്നു... സ്‌നേഹവും, താങ്ങും, തണലും, കൂട്ടും നിഷേധിക്കുക... അവിടെ നീ വിജയിച്ചു.. വിജയിച്ചു കൊണ്ടേയിരിക്കുന്നു..

നന്നേ തളര്‍ന്നു പോകുന്ന നിമിഷങ്ങള്‍ ഉണ്ട്... ഒരു തലോടല്‍ കൊതിക്കുന്ന രാവുകള്‍ ഉണ്ട്.. പേടിയാണെനിക്ക്.. എല്ലാത്തിനോടും പേടിയാണെനിക്ക്.. ഉറങ്ങാന്‍ പോലും പേടിയാണ്.. നിശാസ്വപ്നങ്ങള്‍ ദുസ്വപ്നങ്ങളായി നിറയുന്ന രാവുകളില്‍ ഞാന്‍ തനിച്ചായതു പോലെ... പോലെ അല്ല.. തനിച്ചു തന്നെ.. ഇതിലുപരി എന്നെ കൊല്ലുന്ന മറ്റൊരു കാര്യമുണ്ട്.. നിന്റെ വിജയം മറ്റുള്ളവരെ കാണിക്കാന്‍, എല്ലാപേര്‍ക്കും അസൂയാജനകമായ ജീവിതം നിനക്കുണ്ടെന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ചുമതല കൂടി നീ എനിക്ക് തന്നു... ഉള്ളില്‍ തേങ്ങുമ്പോഴും, വളരെ വലിയ ഒരു സാമൂഹ്യ വലയം കാത്തുസൂക്ഷിക്കാനുള്ള ചുമതല.. ചിലപ്പോള്‍ ആരും കാണാതെ രാത്രിയില്‍ ഞാന്‍ ഉറക്കെ പറയാറുണ്ട്.. എന്റെ സമയം കഴിഞ്ഞു, ഇനി എനിക്ക് പറ്റില്ല എന്ന്.. ജീവിതം തീര്‍ന്നപോലെ തോന്നാറുണ്ട്..

പക്ഷെ ഉടനെ ഒരു ശബ്ദം കേള്‍ക്കാം എനിക്കു.. എന്നെ കൈവെടിയാത്ത ഏതോ ഒരു അദൃശ്യ ശക്തിയുടെ ശബ്ദം...
''അല്ല ഇത് നീ അല്ല...നീ ഇങ്ങനെ അല്ല.. ഒടുങ്ങാത്ത ഊര്‍ജ്ജത്തിന്റെ, സീമകളില്ലാത്ത സന്തോഷത്തിന്റെ അളവുകോല്‍ എന്ന് സ്വയം പ്രഖ്യാപിച്ച നീ എവിടെ?''

എന്നെ നീയിഞ്ചിഞ്ചായി കൊന്നു കൊണ്ടേയിരിക്കുന്നു.. എന്റെ മനസ്സു കൈവിട്ടു പോകുന്നു, എന്നെ ഒന്ന് സഹായിക്കൂ എന്ന് ഞാന്‍ നിന്റെ മുന്നില്‍ കേണപേക്ഷിച്ചതോര്‍ക്കുന്നോ?

അന്ന് നീ പറഞ്ഞു... ''ഞാന്‍ നിന്നോടു ക്രൂരതയൊന്നും കാട്ടുന്നില്ല .. സ്‌നേഹവും സമയവും മനഃപൂര്‍വം നിഷേധിക്കുന്നുവെന്നു മാത്രം.. എന്ന് മുതലാണ് ''ചെയ്യാതിരിക്കുക'' ഒരു കുറ്റമായതു?'' ഞാനും ആലോചിച്ചു ... നീ പറഞ്ഞത് ശരിയായിരിക്കാം.. എന്റെ പ്രതീക്ഷകളായിരിക്കാം എന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നത്..

പിന്നെ എന്റെ മുന്നില്‍ ഒരേ ഒരു മാര്‍ഗം മാത്രമേ കണ്ടുള്ളൂ.. മനസ്സ് ചികില്‌സിക്കുന്ന ഒരു ഡോക്ടറുടെ അടുത്ത് പോവുക..
അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു.. സ്‌നേഹം നിഷേധിക്കുക ഒരു കുറ്റമാണോ ഡോക്ടര്‍? കണ്ണില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന മിഴിനീര്‍മുത്തുകളെ ഞാന്‍ അവഗണിച്ചു.. അദ്ദേഹവും അത് കണ്ടില്ല എന്ന് നടിച്ചു.. എന്നിട്ടദ്ദേഹം എനിക്കൊരു കഥ പറഞ്ഞു തന്നു.. സ്‌നേഹം നിഷേധിച്ചതിനാല്‍ വളര്‍ച്ച മുരടിച്ച കുരങ്ങന്‍മാരുടെ കഥ.

എന്നിട്ടു ഉറപ്പിച്ചു പറഞ്ഞു, ''സ്‌നേഹം നിഷേധിക്കല്‍ മാനസിക പീഡനം തന്നെ''!

ഇപ്പൊ എനിക്കറിയാം ഞാനും പീഡനത്തിനിരയാണെന്നു!.. പക്ഷെ മാനസിക അടിമത്തം, ഭാവിയെ കുറിച്ചുള്ള ആകുലത എന്നീ കാരണങ്ങളാല്‍ പിടിച്ചു നില്‍ക്കുന്ന ഞാന്‍ നിന്റെ മുന്നില്‍ മരിച്ചു കൊണ്ടിരിക്കുന്നത് നീ കണ്ടില്ല എന്ന് നടിക്കുന്നു.. പൂര്‍ണ്ണമായും മരിച്ചു എന്ന് ഉറപ്പുവരുത്താന്‍ കാത്തിരിക്കുന്നതു പോലെ... എന്റെ ജഡം സുഗന്ധ ദ്രവ്യങ്ങള്‍ ചാര്‍ത്തി ഒരു കണ്ണാടി കൂടില്‍ അടച്ചു, വീടിനു ഉള്ളില്‍ പ്രദര്‍ശിപ്പിക്കാനായി നീ ദിവസങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു...
എന്നിട്ടു നിനക്ക് ലോകത്തോട് പറയാനോ, ഇവള്‍ എന്റേതായിരുന്നു എന്ന്? അതെ, ഞാന്‍ എന്ന സങ്കല്‍പം മാത്രം നിന്റേതായിരുന്നു...
ആത്മാവോ, ശരീരമോ, മനസ്സോ നിന്റേതാക്കാന്‍ നിനക്ക് ഭയം ആയിരുന്നല്ലോ... സ്‌നേഹിക്കാന്‍ നിനക്ക് ഞാന്‍ പോരാ എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു...

'സ്വന്തം ഭര്‍ത്താവിനെ പോലും മോഹിപ്പിക്കാന്‍ കഴിവില്ലാത്തവള്‍' എന്നെന്നെ മുദ്രകുത്തുമ്പോള്‍ തളര്‍ന്നു പോയ എന്റെ സ്ത്രീത്വം എത്രയോവട്ടം അപമാനിതയായിരിക്കുന്നു..

എന്നിട്ടും നീ കരുതിക്കാണില്ല സ്വയം തോല്‍ക്കണമെന്നു വിചാരിക്കാതെ ഒരാളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന്.. സ്വന്തം അരക്ഷിതത്വം നിന്നെ സ്‌നേഹിക്കുന്ന ഒരാളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നല്ലതൊന്നും സംഭവിക്കുന്നില്ല.. എനിക്കോ, നിനക്കോ. ഇപ്പോഴും ഞാന്‍ തയ്യാറാണ്.. ഒരു സംഭാഷണത്തിന്.. കുറച്ചു സമയം നെഞ്ചോട് ചേര്‍ത്ത് ഒന്നും പറയാതെ ഇരിക്കാന്‍ നീ ക്ഷണിക്കുമെന്ന സ്വപ്നം ഇന്നും അവശേഷിക്കുന്നു..

അത് സ്വപ്നം മാത്രമാണെന്ന് എന്നെക്കാള്‍ കൂടുതല്‍ ആര്‍ക്കാണറിയുക?
രണ്ടു ദശകക്കാലങ്ങള്‍ ഒരുമിച്ചു കഴിഞ്ഞിട്ടും നീ എനിക്കായി, എനിക്ക് മാത്രമായി പത്തു നിമിഷങ്ങള്‍ പോലും ചിലവഴിച്ചിട്ടില്ലല്ലോ..
ഇനി എന്ത് മായാജാലം സംഭവിക്കാനാണ്? കാലം, ഞാന്‍ തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന സമയത്തിനായി കാത്തിരിക്കുന്നു.

എന്ന്, സ്‌നേഹം സമ്മാനമായി കിട്ടാന്‍ കൊതിക്കുന്ന ഒരു ഭാര്യ!

(കവിത.എം. എ: തിരുവനന്തപുരം സ്വദേശി. ജലശുദ്ധീകരണ മേഖലയില്‍ എഞ്ചിനീയര്‍. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിനിന്നും എന്‍വിറോണ്മെന്റല്‍ എഞ്ചിനീറിങ്ങില്‍ ബിരുദാനന്തര ബിരുദം. അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ താമസം.)
Join WhatsApp News
വഴിപോക്കൻ 2019-12-19 09:25:28
അല്ല പെങ്ങളെ ..... എന്താ പ്രശ്നം
amerikkan mollakka 2019-12-22 10:04:33
എന്തിനാണ് സാഹിബാ ഇങ്ങള് സങ്കടപ്പെടുന്നത്.
ഓനെ തലാഖ് ചൊല്ലി ബെറേ നിക്കാഹ് 
കയിക്കണം .മുസ്‌ലിം പെണ്ണായാൽ ചില 
മുസീബത്ത് ഉണ്ട്. ഇതിപ്പോൾ ഇങ്ങള് 
ഹിന്ദു അല്ലെ. ആണുങ്ങളായാൽ ശരീര ബലം 
ബേണം. അതില്ലാത്തോൻ പെണ്ണുങ്ങളെ 
കസ്റ്റപ്പെടുത്തും. നല്ല ചുണയുള്ള പുരുഷന്മാർ 
ഉണ്ട്. ഇബനെ കളഞ്ഞു ജീബിതം സുഖിക്കു 
സാഹിബ. കണ്ണീരിനു ടാറ്റാ . അപ്പൊ അസ്സലാമു 
അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക