വെളുമ്പി, കറുമ്പൻ, കാട്  (ചെറുകഥ: രാജേഷ് ടി ദിവാകരൻ)

വെളുമ്പി, കറുമ്പൻ, കാട് (ചെറുകഥ: രാജേഷ് ടി ദിവാകരൻ)

പണ്ട്, പണ്ടല്ല. ഇന്ന്, ഇപ്പോൾ. ഒരു കാട്. നന്നേ ചെറിയൊരു കാട്. കുറച്ചു പുല്ലുകൾ മാത്രമേയുള്ളു. അതിനെ കാടെന്ന് വിളിച്ചത് അവളാണ്, വെളുമ്പി. വെളുമ്പി മുയൽ. അവൾക്ക് ആ കാട് മാത്രമേ അറിയൂ. അവൾ ജീവിക്കുന്ന കാട്. അവളുറങ്ങുന്ന കാട്. ഉറങ്ങുമ്പോഴൊക്കെ അവൾ സ്വപ്നം കണ്ടു. സ്വപ്നങ്ങളിൽ പക്ഷേ വലിയ കാടുകളായിരുന്നു. മരച്ചാർത്തുകളുടെ നിഴലുകൾ നിറഞ്ഞ് അരുവികൾ ഒഴുകിയിരുന്നു. നാമ്പുകളിൽ മഴത്തുള്ളികൾ പേറുന്ന വലിയ പുൽമേടുകളുണ്ടായിരുന്നു. അവിടെ നിലാവ് ഉദിച്ചിരുന്നു. സ്വപ്നങ്ങൾ ഇഷ്ടമെങ്കിലും അവ ഇല്ലാത്തവയെന്ന് അവൾ കരുതി. സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രം. അവൾക്ക് സത്യം അവളുടെ ചെറിയ കാടായിരുന്നു. അനങ്ങിയാൽ തീരുന്ന കാട്. ഒന്ന് ആഞ്ഞ് ഓടാൻ പോലുമില്ല. അവിടെ അവൾ കറുമ്പനെ പ്രേമിച്ചു. അവൻ തിരിച്ചും.