Image

മണ്ണിടിച്ചില്‍ സാധ്യത: ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു, തിരുവാഭരണ ഘോഷയാത്ര ജനുവരി 13ന്

Published on 11 January, 2020
മണ്ണിടിച്ചില്‍ സാധ്യത: ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു, തിരുവാഭരണ ഘോഷയാത്ര ജനുവരി 13ന്
മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മകരജ്യോതി ദര്‍ശനം നടത്തുന്നതിന് തീര്‍ഥാടകര്‍ പമ്പയിലെ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.

ഹില്‍ടോപ്പില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് എന്‍എസ്‌കെ ഉമേഷിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.

തീര്‍ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ദേവസ്വം ബോര്‍ഡ് അടിയന്തിരമായി ബാരിക്കേഡുകള്‍ നിര്‍മിക്കണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യമായ പോലീസുകാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ഏകോപിപ്പിക്കും.
2018 ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് പമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേസ് ക്യാമ്പ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഫലപ്രദമായി നിലയ്ക്കലേക്കു മാറ്റിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷവും മകരജ്യോതി ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.

മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ജനുവരി 13ന് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനഞ്ചിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്.

പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മ്മരാജയുടെ പ്രതിനിധിയായി പ്രദീപ് കുമാര്‍ വര്‍മ്മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി 13ന് പുലര്‍ച്ചെ 4.30ന് ആഭരണങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. ഉച്ചയ്ക്ക് 12 വരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. അതിനുശേഷമാണ് ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കുന്നത്. 12.55ന് രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിക്ക് തിരുവാഭരണങ്ങള്‍ ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും.

പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ കഴിയും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിക്കുന്ന രാജാവ് പമ്പയിലെത്തി ഭക്തര്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജാവ് ശബരിമലയില്‍ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന കുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്. 

മണ്ണിടിച്ചില്‍ സാധ്യത: ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു, തിരുവാഭരണ ഘോഷയാത്ര ജനുവരി 13ന്
Join WhatsApp News
അയ്യപ്പന്‍ വിചാരിച്ചാല്‍ 2020-01-12 14:07:16
അയ്യപ്പന്‍ വിചാരിച്ചാല്‍ തടയാന്‍ ഉള്ളതെ ഉള്ളു മണ്ണിടിച്ചില്‍ ഒക്കെ. പോരാഞ്ഞു തിരുവാഭരണം വളരെയധികം ദിവ്യ സക്തി ഉള്ളത് ആണ്. മണ്‍ ഇടിച്ചില്‍ തടയാന്‍ തിരുവാബരണ സക്തിക്ക് സാധിക്കും. നിങ്ങള്‍ ദര്യമായി മല കയറുക. സാമി ശരണം അയ്യപ്പ ശരണം - ചാണക്യന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക