ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഫോറന്‍സിക് എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ റിലീസ് ചെയ്യും. ടൊവിനോയുടെ പിറന്നാള്‍ ദിനമായ ജനുവരി 21ന് പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വിടുക.
സെവന്‍ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്, കേരള പോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കല്‍ നിയമ ഉപദേശകനായ സാമുവല്‍ ജോന്‍ കാട്ടുക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ് ആണ് നായിക.
ഫോറന്‍സിക് സയന്‍സ് പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമാണ് ഫോറന്‍സിക്. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്ക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിങ്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.