Image

ഇടുക്കി കാല്‍വരിമൗണ്ട്‌ ടൂറിസം ഫെസ്‌റ്റിനു വന്‍ സ്വീകാര്യത

Published on 12 February, 2020
ഇടുക്കി കാല്‍വരിമൗണ്ട്‌ ടൂറിസം ഫെസ്‌റ്റിനു വന്‍ സ്വീകാര്യത

ചെറുതോണി: വിനോദ സഞ്ചാര മേഖലയ്‌ക്കു കുതിപ്പേകാന്‍ ജില്ലാ കലക്‌ടര്‍ മുഖ്യരക്ഷാധികാരിയായി ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാല്‍വരിമൗണ്ട്‌ ടൂറിസം ഫെസ്‌റ്റിനു തുടക്കത്തില്‍ തന്നെ വന്‍ സ്വീകാര്യത. 

50 സ്‌റ്റാളുകള്‍ ഇതിനോടകം തന്നെ ബുക്ക്‌ ചെയ്‌തു കഴിഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ ശാസ്‌ത്രസാങ്കേതിക വിജ്‌ഞാന സ്‌റ്റാളുകളാണ്‌ ഏറെയും. 25 മുതല്‍ 31 വരെ കാല്‍വരിമൗണ്ട്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ടൂറിസം ഫെസ്‌റ്റ്‌. 

രണ്ടു ലക്ഷം ചതുരശ്ര അടി വിസ്‌താരത്തിലാണു സന്ദര്‍ശകര്‍ക്കായി സ്‌റ്റാള്‍ ഒരുക്കുന്നത്‌. 50000 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒരുലക്ഷത്തിലധികം പേര്‍ ടൂറിസം ഫെസ്‌റ്റിനെത്തുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. 

ഒരേ സമയം 20000 പേര്‍ക്കു കലാപരിപാടികള്‍ വീക്ഷിക്കാന്‍ കഴിയുന്ന സ്‌റ്റേജും മൈതാനവുമാണു തയാറാക്കുന്നന്നത്‌. കോട്ടയം മെഡിക്കല്‍ കോളജിലെ അനാട്ടമി ഫിസിയോളജി വിഭാഗം പ്രഫസര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരുക്കുന്ന പവിലിയന്‍ ഏറെ ശ്രദ്ധേയമാകും. 

ഇടുക്കി ഡാമിന്റെ മാതൃക സൃഷ്‌ടിച്ചുകൊണ്ട്‌ വൈദ്യുതി ബോര്‍ഡ്‌ അവതരിപ്പിക്കുന്ന വൈദ്യുതി ഉത്‌പാദന വിതരണ മാതൃകയും ശാസ്‌ത്ര വിദ്യാര്‍ഥികള്‍ക്കു പ്രചോദനമാകും.

ടൂറിസം, വനം, വ്യവസായം, സാംസ്‌കാരികം, ഖാദി, കയര്‍, കൃഷി, ഹരിതകേരളം, കുടുംബശ്രീ എന്നിവരും വലിയ തയാറെടുപ്പുകള്‍ തുടങ്ങി. 

ടൂറിസം ക്ലസ്‌റ്റര്‍ യാത്ര, ടീ ഫാക്‌ടറി വിസിറ്റ്‌, ഓഫ്‌ റോഡ്‌ ട്രക്കിങ്‌, ഫാം ടൂറിസം വിസിറ്റ്‌ കാര്‍ഷികവിള പ്രദര്‍ശനം, ദിവസേന കലാപരിപാടികള്‍, കാര്‍ഷിക ടൂറിസം, ഫിഷറീസ്‌ സെമിനാറുകള്‍ എന്നിവയും ഫെസ്‌റ്റിന്റെ ഭാഗമായിട്ടുണ്ട്‌. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയങ്കരമാകുന്ന ഉല്ലാസ റൈഡുകളോടുകൂടിയ ഹൈടെക്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്കുമായി ഫെസ്‌റ്റ്‌ കമ്മിറ്റി കരാറിലെത്തികഴിഞ്ഞു.

 ഇതുവരെ ജില്ലയില്‍ വന്നിട്ടില്ലാത്ത അത്യാധുനിക സാങ്കേതിക വിദ്യയോടെയുളള ടീമാണു കാല്‍വരിക്കുന്നിലേക്കെത്തുന്നത്‌.

വൈക്കം വിജയലഷ്‌മിയുടെ ഗാനമേള കമലാസനന്റെയും രാജേഷ്‌ അടിമാലിയുടേയും നേതൃത്വത്തിലുള്ള മെഗാഷോകള്‍, കലാമണ്ഡലം ഗോപികയുടെയും കലാജ്യോതിയുടെയും നൃത്ത സന്ധ്യ, ആലപ്പുഴ ഇഫ്‌റ്റയുടെ നാടന്‍പാട്ട്‌ ദൃശ്യാവിഷഷ്‌കാരവും ബ്‌ളൂഡയമണ്ട്‌ ട്രൂപ്പിന്റെ ഗാനമേളയും ഫ്യൂഷന്‍നൈറ്റും ടൂറിസം മേളയില്‍ ഉണ്ടാകും.
മന്ത്രിമാരായ കെ.കെ. ശൈലജ, എം.എം. മണി, ജെ. മെഴ്‌സിക്കുട്ടിയമ്മ, കെ. രാജു, ചലചിത്രസംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ പങ്കെടുക്കും. 

കാമാക്ഷി, മരിയാപുരം ഗ്രാമപഞ്ചായത്തുകള്‍, ഇടുക്കി താലൂക്ക്‌ ടൂറിസം സഹകരണ സംഘം, കാല്‍വരിമൗണ്ട്‌ ടൂറിസം ഡെവലപ്‌മെന്റ്‌ സൊസൈറ്റി, വനസംരക്ഷണസമിതികള്‍ എന്നിവര്‍ ചേര്‍ന്നാണു ടൂറിസം ഫെസ്‌റ്റിന്‌ നേതൃത്വം നല്‍കുന്നത്‌. 

സമുദ്രനിരപ്പില്‍ നിന്നും 2700 അടി ഉയരത്തില്‍ ഉളള കാല്‍വരിമൗണ്ട്‌ വ്യൂപോയിന്റാണു ടൂറിസം ഫെസ്‌റ്റിന്റെ മുഖ്യആകര്‍ഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക