Image

ജസ്റ്റിസ്‌ എസ്‌.മുരളീധര്‍, നിങ്ങള്‍ ഞങ്ങള്‍ക്കൊരു പ്രചോദനമാണ്‌ '; സ്ഥലംമാറ്റിയ ഹൈക്കോടതി ജഡ്‌ജിയോട്‌ സഹപ്രവര്‍ത്തകര്‍

Published on 27 February, 2020
ജസ്റ്റിസ്‌ എസ്‌.മുരളീധര്‍,  നിങ്ങള്‍ ഞങ്ങള്‍ക്കൊരു പ്രചോദനമാണ്‌ '; സ്ഥലംമാറ്റിയ ഹൈക്കോടതി ജഡ്‌ജിയോട്‌ സഹപ്രവര്‍ത്തകര്‍

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന്‌ നിര്‍ദേശിച്ച ദല്‍ഹി ഹൈക്കോടതി ജഡ്‌ജി എസ്‌. മുരളീധറിന്റെ സ്ഥലംമാറ്റത്തില്‍ പ്രതികരിച്ച്‌ സഹപ്രവര്‍ത്തകര്‍.

നിങ്ങള്‍ ഞങ്ങള്‍ക്ക്‌ വലിയ പ്രചോദനമാണ്‌ എന്നാണ്‌ മുരളീധറിന്റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോട്‌ പറഞ്ഞത്‌.

 ഹൈക്കോടതിയില്‍ മുരളീധറിനൊപ്പം ജോലി ചെയ്‌തിരുന്നവര്‍ അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തില്‍ വിഷമം അറിയിക്കുകയായിരുന്നു.

`നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കെല്ലാം വലിയ പ്രചോദനമാണ്‌. നിങ്ങളെ മാതൃകയായെടുത്ത്‌ പ്രവൃത്തിക്കാന്‍ കഴിയുമെന്നാണ്‌ ഞങ്ങളുടെ വിശ്വാസം', ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു.


പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയിലേക്കാണ്‌ മുരളീധറിനെ സ്ഥലം മാറ്റിയത്‌. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്‌തിരുന്നു. ഈ ഉത്തരവാണ്‌ വ്യാഴാഴ്‌ച രാത്രിയോടെ പുറത്തിറങ്ങിയത്‌.

ദല്‍ഹി കലാപകേസ്‌ പരിഗണിച്ച അന്ന്‌ തന്നെയാണ്‌ സ്ഥലംമാറ്റ ഉത്തരവ്‌ പുറത്തിറങ്ങിയത്‌. 

നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്‌ എടുക്കണമെന്ന്‌ നിര്‍ദേശിച്ചതിന്‌ പിന്നാലെ ജസ്റ്റിസ്‌ മുരളീധറില്‍ നിന്നും ചീഫ്‌ ജസ്റ്റിസ്‌ അദ്ധ്യക്ഷനായ ബെഞ്ചിലേക്ക്‌ വിദ്വേഷ പ്രസംഗ കേസ്‌ മാറ്റിയിരുന്നു.


ബി.ജെ.പി നേതാവ്‌ കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കാനാണ്‌ മുരളീധര്‍ ആവശ്യപ്പെട്ടത്‌.

കപില്‍ മിശ്ര, അനുരാഗ്‌ ഠാക്കൂര്‍, പര്‍വേഷ്‌ വര്‍മ്മ, അഭയ്‌ വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‌ പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

ദല്‍ഹി കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. 

കേസ്‌ പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന്‌ സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ്‌ ഉന്നത ഉദ്യോഗസ്ഥനോടും ജഡ്‌ജി ചോദിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക