Image

പാടുന്നു പാഴ്മുളം പോലെ! (അനുഭവക്കുറിപ്പുകള്‍ 73: ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 06 March, 2020
പാടുന്നു പാഴ്മുളം  പോലെ!   (അനുഭവക്കുറിപ്പുകള്‍   73:  ജയന്‍ വര്‍ഗീസ് )
ബിസിനസ് നല്ല നിലയില്‍ ആയതോടെ സാന്പത്തിക ക്ലേശങ്ങളില്‍ നിന്നുള്ള മോചനവും, മാനസിക ആധികളില്‍ നിന്നുള്ള വിടുതലും സാധ്യമായി. ജെ. പി. മോര്‍ഗനില്‍ ജോലി ചെയ്തിരുന്ന എല്‍ദോസിന്  അവിടുത്തെ  പ്രകടനത്തിന്റെയും, പരിചയത്തിന്റെയും അടിസ്ഥാനത്തില്‍  ആയിരിക്കണം,  ' വളരെ പ്രമുഖവും, പ്രശസ്തവുമായ ഒരു സ്വിസ്സ് ബാങ്കില്‍  ' വൈസ് പ്രസിഡണ്ട് ' എന്ന ഉയര്‍ന്ന തസ്തികയില്‍ നിയമനം കിട്ടി. സാധാരണ പ്രൊഫഷണലുകള്‍ക്ക്  ഒരു വര്‍ഷം ശന്പളമായി കിട്ടുന്നതിനേക്കാള്‍ വലിയ തുക ബോണസ്സായി കൊടുക്കുന്ന സ്ഥാപനമായിരുന്നു അത്. ' അക്യുറ '  യുടെ ഉയര്‍ന്ന മോഡലിലുള്ള കാര്‍ സ്വന്തമാക്കിക്കൊണ്ട് ഒരു നല്ല കാര്‍ വാങ്ങുക എന്ന അവന്റെ സ്വപ്നം അവന്‍ സാധിച്ചെടുത്തു. 
തണ്‍ടു
നാട്ടില്‍ ഞങ്ങള്‍ പുതുതായി വാങ്ങിയ രണ്ടേക്കര്‍ പതിന്നാലു സെന്റ് ഭൂമിയില്‍ ആ നാട്ടിലെ ഏറ്റവും പഴക്കമുള്ള ഒരു വീടാണ് ഉണ്ടായിരുന്നത്. എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച സ്‌കറിയാ സാറിന്റെ അപ്പന്‍ പണിയിച്ച വീടായിരുന്നു അത്. പൗലോച്ചന് വീതമായി കിട്ടിയപ്പോള്‍, പോര്‍ച്ചും, രണ്ടു മുറികളും, ഒരു ബാത് റൂമും നല്ല ഉറപ്പിലും, ഭംഗിയിലും പഴയ വീടിനോട് കൂട്ടിച്ചേര്‍ത്തു പണിതിരുന്നു.  ഞങ്ങളുടെ കൊച്ചപ്പനാണ് പൗലോച്ചന് വേണ്ടി ഈ പണികള്‍ നോക്കി നടത്തിച്ചിരുന്നത്. അപ്പനമ്മമാര്‍ അമേരിക്കയില്‍ വന്നു പോയതിനു ശേഷം അനുജന്‍ ബേബിയുടെ കുടുംബത്തോടൊപ്പം അവര്‍ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. നാട്ടിലുള്ള ഞങ്ങളുടെ സഹോദരങ്ങളിലാര്‍ക്കും തന്നെ ഒരു  നല്ല വീട് ഇല്ലാതിരുന്നതിനാലും, വയസാം കാലത്ത് ഒരു നല്ല വീട്ടില്‍ താമസിക്കാനുള്ള അവസരം എല്ലാവര്‍ക്കും പ്രത്യേകിച്ച് അപ്പനമ്മമാര്‍ക്കും ഉണ്ടാവട്ടെ എന്ന സത്യസന്ധമായ ഉദ്ദേശത്തോടെയും, എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീട് നാട്ടില്‍ പണിയിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. 

( നാട്ടില്‍ നിന്ന് കടല്‍ കടന്ന് വിദേശങ്ങളില്‍ ചേക്കേറുന്ന എല്ലാ മലയാളിയുടെയും ഒരു വലിയ സ്വപ്നമാണ് നാട്ടില്‍ ഒരു നല്ല വീട് എന്നുള്ളത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ' ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് പേര് വീണു പോയ ആ പച്ചപ്പിന്റെ ദേശത്ത് ഒരു കൂടു കൂട്ടുവാനുള്ള മോഹം അവിടെ നിന്നും ഇര തേടി പറന്നകന്നു പോയ എതു കുരുവിയുടെയും ആത്മ നൊന്പരമായി നില നില്‍ക്കുന്നു എന്നതിനാലാവണം, ഈ വികാരത്തെ സഹൃദയരായ മനുഷ്യ സ്‌നേഹികള്‍  ' ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകള്‍ ' എന്ന് ഹൃദയ രക്തം കൊണ്ട്  രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് ഞാന്‍ കരുതുന്നു. )

വീട് പണിയുവാനുള്ള തീരുമാനം വലിയ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. നമ്മുടെ നാട്ടില്‍ നമുക്കറിയാവുന്ന പണിക്കാരെ മാത്രമേ വീട് പണിക്കായി വിളിക്കാവൂ എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അതി വേഗം വീടുകള്‍ പണിതു തരുന്ന കോണ്‍ട്രാക്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും, നമ്മള്‍ ചിലവഴിക്കുന്ന ലക്ഷക്കണക്കിന് വരുന്ന പണം നമ്മുടെ നാട്ടില്‍ നമ്മളോടൊപ്പം ജീവിച്ചവര്‍ക്ക് കൂടി പ്രയോജനപ്പെടണം എന്ന എന്റെ ചിന്താഗതിയാണ് ഈ തീരുമാനം എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത് 

ബേബിയുടെ ഭാര്യ കുഞ്ഞമ്മയുടെ ബന്ധുവായ ഒരു എന്‍ജിനീയര്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തു കൊണ്ട് പ്ലാന്‍ വരച്ചു തന്നു. അഞ്ചു ബെഡ് റൂമുകളും അഞ്ചു ബാത്ത് റൂമുകളും, രണ്ട് ലിവിങ് റൂമുകളും, കിച്ചനും, ഡൈനിംഗ് റൂമും ഉള്‍ക്കൊള്ളുന്ന ഒരു വീട്. മുന്‍വശത്ത് വീടിന്റെ നീളത്തോളം വരുന്ന പോര്‍ട്ടിക്കോയും അതിനും മുന്‍പില്‍ കാര്‍ പോര്‍ച്ചും. ഏകദേശം അരയേക്കറോളം വരുന്ന വിശാലമായ ചുറ്റു മതിലിന്നുള്ളില്‍ രണ്ടു നിലയിലുള്ള ഒരു വീട്.

വീടുപണി ആരംഭിച്ചു. അക്കരപ്പറന്പില്‍ ആനയോളം വലിപ്പത്തില്‍ വളര്‍ച്ച മുറ്റി നിന്ന തേന്‍ വരിക്ക പ്ലാവ് നമ്മുടെ കുഞ്ഞിരാന്‍ പണിക്കന്റെ മകന്‍ കോന്നന്‍ പണിക്കനെക്കൊണ്ട് മുറിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ഞങ്ങള്‍ സ്ഥലം വാങ്ങുന്നതിനും മുന്‍പേ അവിടെയുണ്ടായിരുന്ന ഈ പ്ലാവിലുണ്ടാവുന്ന മുഴുവന്‍ ചക്കകളും തിന്നു തീര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. പുഴുങ്ങുന്‌പോള്‍ നന്നായി വേവുകയും, പഴുക്കുന്‌പോള്‍ ഓരോ ചുളയിലും ഒരു തുള്ളി തേന്‍ നിറച്ചു വയ്ക്കുകയും ചെയ്തിരുന്ന ഈ ചക്ക അവിടെ ജീവിച്ചപ്പോള്‍ ഞങ്ങളുടെ മുഖ്യമായ ഒരാഹാരമായിരുന്നു. ഓരോ വര്‍ഷവും  നൂറില്‍ കുറയാതെ ചക്കകള്‍ കായ്ച്ചിരുന്നു ഈ പ്ലാവില്‍. ചില വര്‍ഷങ്ങളില്‍ നൂറ് തികയുന്നില്ല എന്ന് കാണുന്‌പോള്‍ ' ഇക്കൊല്ലം നൂറ് കായ്ക്കില്ലാട്ടോ ' എന്ന് എന്നെ വെല്ലുവിളിക്കുന്ന പത്രുവിനോട് : ' താന്‍ നോക്കിക്കോ, കായ്ച്ചു വരുന്നതേയുള്ളു ' എന്ന് ഞാന്‍ പറയുകയും, അതേപോലെ നൂറോ അതിലധികമോ ചക്കകള്‍ ആ വര്‍ഷവും കായ്ക്കുകയും ചെയ്തിരുന്ന ഒരത്ഭുത പ്ലാവായിരുന്നു അത്. 

ഞങ്ങളുടെ നാട്ടില്‍ ചക്കകള്‍ വിലക്ക് വില്‍ക്കുന്ന ഒരു സന്പ്രദായം അന്ന് നിലവില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ബാക്കിവരുന്ന ചക്കകള്‍ പത്രു ഉള്‍പ്പടെയുള്ള അയല്‍ക്കാര്‍ക്കും, ബന്ധുക്കള്‍ക്കും കൊടുത്ത് തീര്‍ക്കുകയായിരുന്നു പതിവ്. ഞങ്ങള്‍ ഇങ്ങോട്ടു പോന്നതിന് ശേഷം  പ്ലാവില്‍ക്കയറി ചക്കയിടാന്‍ ആളില്ലാതെ വരികയും, ( മൂവാറ്റു പുഴയില്‍ വച്ച് വണ്ടിക്കാരുമായുണ്ടായ വഴക്കിനിടയില്‍ ബസ് കണ്ടക്ടര്‍ എന്റെ കൈ പിടിച്ചു തിരിച്ചു കളയുന്നത് വരെ ഞാനാണ് അണ്ണാനെപ്പോലെ വലിഞ്ഞു കയറി ചക്കയിട്ടിരുന്നത് ) മിക്ക വീട്ടുകാര്‍ക്കും ആവശ്യത്തിന് ചക്ക ഉണ്ടായിരുന്നതിനാലും, പുതിയ തലമുറ ചക്കയെ ഒരു ' നോണ്‍ സ്റ്റാറ്റസ് ഫ്രൂട്ട് ' ആയി കണക്കാക്കിയിരുന്നതിനാലും, ഞങ്ങളുടെ പ്ലാവുകളില്‍ ഉണ്ടാവുന്ന നൂറു കണക്കിന് ചക്കകള്‍ ആര്‍ക്കും വേണ്ടാതെ പഴുത്ത് ചീഞ്ഞു വീഴുന്ന ഒരു സാഹചര്യമാണ് നിലവില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ആണ്  വളരെ വേദനയോടെ പ്രിയപ്പെട്ട ഈ തേന്‍വരിക്ക മുറിക്കുവാന്‍ ഞാന്‍ തീരുമാനം എടുത്തത്. 

പുത്തന്‍ തലമുറയുടെ ഈ ' ചക്കപ്പേടി ' വ്യക്തമാക്കാന്‍ ഉതകുന്ന ഒരു സംഭവം ഓര്‍മ്മയിലുണ്ട്. ഞങ്ങളുടെ റ്റെനന്റ് ആയിരുന്ന ഒരു പെണ്‍കുട്ടി അവളുടെ ഭര്‍ത്താവിനുള്ള വിസാ പേപ്പറുകള്‍ ഞങ്ങളുടെ കയ്യില്‍ നാട്ടില്‍ തന്നു വിട്ടു. പേപ്പറുകള്‍ വാങ്ങാന്‍ അവളുടെ ഭര്‍ത്താവ് വീട്ടില്‍ വരുന്‌പോള്‍ ഞാന്‍ ചക്കപ്പഴം തിന്നു കൊണ്ടിരിക്കുകയാണ് ' വാ, ഇരിക്ക് നല്ല ചക്കപ്പഴമുണ്ട്  തിന്ന് ' എന്ന് ഞാന്‍ അയാളെ ക്ഷണിച്ചതും, ' ഓ! ചക്കപ്പഴമോ ഞാന്‍ കഴിക്കാറില്ല ' എന്ന് പറഞ്ഞു കൊണ്ട് അയാള്‍ ഒരു പത്തടി പിന്നോട്ട് മാറിക്കളഞ്ഞതും ഒരുമിച്ചു കഴിഞ്ഞു. ' അമേരിക്കയില്‍ നിന്ന് വന്നിട്ട് ചക്കപ്പഴം കഴിക്കുന്ന ഇവനെന്തു തെണ്ടിയാ ? എന്നൊരു പരിഹാസ ഭാവം അയാളുടെ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തിരുന്നു. പില്‍ക്കാലത്ത് അമേരിക്കന്‍ മലയാളി സംഘടനകളില്‍ സജീവ സാന്നിധ്യമായിത്തീര്‍ന്ന  ഇദ്ദേഹത്തിന് ഇപ്പോഴും ചക്കപ്പേടി ഉണ്ടോ എന്ന് നിശ്ചയമില്ല. 

ഇല്ലാത്ത സ്റ്റാറ്റസ് കെട്ടിപ്പൊതിഞ്ഞു ചുമന്നു കൊണ്ട് നടക്കുന്ന വിദേശ മലയാളികള്‍ക്ക് മാത്രമല്ലാ, നാട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലാത്ത നാട്ടുകാര്‍ക്കുമുണ്ട് ഇത്തരം ചില  കാഴ്ചപ്പാടുകള്‍.  നാട്ടിലെത്തുന്ന എല്ലാ അവസരങ്ങളിലും പറ്റുന്ന തരത്തിലുള്ള തൂന്പാപ്പണികള്‍ ( മണ്‍ വേലകള്‍ ) ഞാന്‍ ചെയ്‌യാറുണ്ട്. സ്വന്തം വീട്ടിലെ പണികള്‍ സ്വയം ചെയ്‌യുന്നതിലുള്ള സംതൃപ്തിയും,  നമ്മള്‍ നടന്നു വന്ന കല്‍പ്പടവുകള്‍ ഇതൊക്കെയായിരുന്നു എന്ന പാഠം സ്വന്തം മനസിനെ പഠിപ്പിക്കാനുള്ള ഒരു എക്‌സര്‍സൈസ് ആയിട്ടുമാണ് ഞാനിത് ചെയ്യുന്നത്. ഇത് കാണുന്ന നാട്ടുകാര്‍ രഹസ്യമായും, പരസ്യമായും പറയുന്ന ഒരു വാചകമുണ്ട് : ' ഇവനെന്തൊരു പിശുക്കന്‍ ? കുറച്ചു രൂപാ മുടക്കാന്‍ പറ്റാഞ്ഞിട്ട് കാട്ടുന്ന കോപ്രായമല്ലേ ഇത് ? ' 

( ഞങ്ങള്‍ പണിയിച്ച വീടിന്റെ വലിയ മുറ്റം അപ്പനാണ് പതിവായി അടിച്ചിരുന്നത്. ആദ്യം ഈ പണി ചെയ്തിരുന്നത് അമ്മയായിരുന്നെങ്കിലും, വയസാം കാലത്ത് അമ്മയേക്കാള്‍ ആരോഗ്യം തനിക്കാണെന്ന്  പറഞ്ഞു കൊണ്ടാണ് അപ്പന്‍ ഈ പണി ഏറ്റെടുത്തത്. ഞാന്‍ നാട്ടിലുള്ളപ്പോള്‍ അപ്പനെക്കൊണ്ട് ഇത് ചെയ്യിക്കാതെ ഞാനായിരിക്കും മുറ്റമടിക്കുക. ഒരു ദിവസം ഞാനിതു ചെയ്‌യുന്‌പോള്‍ അന്ന് വീട്ടിലുണ്ടായിരുന്ന ഞങ്ങളുടെ ഒരു ഗള്‍ഫുകാരന്‍ ബന്ധു അത്ഭുത പരതന്ത്രനായി അത് നോക്കി നിന്നത് ഇന്നും ഞാനോര്‍ക്കുന്നു. ' പന്തം കണ്ട പെരുച്ചാഴി ' എന്നൊക്കെ പറയുന്നത് എന്താണെന്ന് അന്നാണ് എനിക്ക് ശരിക്കും മനസിലായത്. ) 

വീട് പണിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. എല്ലാറ്റിനും മുന്നില്‍ നില്‍ക്കാന്‍ ബേബിയും, കുഞ്ഞമ്മയും ഉണ്ടായിരുന്നു. കുഞ്ഞുമാത്തു ചേട്ടന്റെ അനുജനായ   മാണിയുടെ പോത്താനിക്കാട്ടുള്ള  ' കല്ലട '  സ്വോ മില്ലിലാണ് തടിയുരുപ്പടികള്‍ അറുപ്പിച്ചെടുത്തത്. എന്റെ കൂടെ കുറിഞ്ഞിയില്‍ താമസിച്ച ചാക്കോച്ചേട്ടന്റെ ഇളയ മകനും, സ്‌കൂള്‍ സമരത്തില്‍ എന്നോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച കുഞ്ഞു മാത്തൂച്ചേട്ടന്റെ അനുജനുമാണ് മാണി. ലോകത്തിലുള്ള മുഴുവന്‍ മക്കള്‍ക്കും വേണമെങ്കില്‍ പിന്‍ തുടരാവുന്ന  ഒരു ധീര മാതൃക കൂടിയാണ് മാണി. കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭാര്യയോടൊപ്പം കുവൈറ്റില്‍ ആയിരിക്കുന്‌പോളാണ് മാണിയുടെ 'അമ്മ സ്‌ട്രോക് വന്ന് ഒരു വശം തളര്‍ന്ന് കിടപ്പിലായത്. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ മാണി ഈ സ്വോ മില്‍ ആരംഭിക്കുകയും, അമ്മയുടെ പരിചരണം സ്വയം ഏറ്റെടുക്കുകയും ചെയ്തു. എന്നും രാവിലെ പത്തു മണിക്ക് മുന്‍പ് അമ്മയെ എടുത്തു കൊണ്ട് പോയി പ്രഭാത കൃത്യങ്ങള്‍ ചെയ്യിപ്പിച്ച്, കഴുകിത്തുടച്ചു കുളിപ്പിച്ച്, പൗഡര്‍ പൂശി വസ്ത്രങ്ങള്‍ മാറ്റിച്ച്, കിടക്കയില്‍ കിടത്തിയിട്ട്, അന്നന്നത്തെ വസ്ത്രങ്ങള്‍ കഴുകി ഉണക്കാനിട്ടിട്ട് ആയിരുന്നു മാണി മില്ലില്‍ പോയിരുന്നത്. അന്നൊക്കെ അവരുടെ വീട്ടിലെത്തുന്നവര്‍ക്ക് അവരുടെ മുറ്റത്തെ അയയില്‍ മാണി ഉണക്കാനിട്ട വസ്ത്രങ്ങളുടെയും, പഴന്തുണികളുടെയും തോരണങ്ങള്‍ എന്നും കാണാമായിരുന്നു. 

( മാണിയുമായി താരതമ്യപ്പെടുത്തുന്‌പോള്‍ ഞാന്‍ എത്ര താഴെയാണെന്ന് സ്വയം തിരിച്ചറിയുന്നുണ്ട്. എന്റെ 'അമ്മ ഇതേ സാഹചര്യത്തില്‍ ആയിരുന്നപ്പോള്‍ ഒന്ന് രണ്ടു തവണ അമ്മയെ എടുത്ത് ഞാന്‍ ബാത്ത് റൂമില്‍ കൊണ്ട് പോയിട്ടുണ്ട് എന്നതൊഴിച്ചാല്‍, രണ്ടു വര്‍ഷത്തോളം കിടക്കയില്‍ ആയിപ്പോയ അമ്മയെ പരിചരിക്കാനായി ഒരു പരിചാരികയെ ഏര്‍പ്പെടുത്തുവാനേ എനിക്ക് കഴിഞ്ഞുള്ളു. അമേരിക്കയിലെ ജോലിയും അതില്‍ നിന്നുള്ള ഡോളറിന്റെ തിളക്കവും ഉപേക്ഷിച്ചു പോകുവാന്‍ എനിക്ക് സാധിച്ചില്ല എന്ന് പശ്ചാത്താപത്തോടെ ഇവിടെ കുന്പസാരിക്കുന്നു.) 

നാട്ടില്‍ ഞങ്ങളുടെ കസ്റ്റമേഴ്‌സും, എന്റെ നാടക സുഹൃത്തുക്കളും ഒക്കെ  ആയിരുന്ന ഒരു കൂട്ടം യുവാക്കളാണ് വീടുപണി ഏറ്റെടുത്തത്. മരപ്പണിക്കായി വന്നത് കുഞ്ഞിരാന്‍ പണിക്കന്റെ ഒരു പേരക്കുട്ടിയും, അനുജന്‍ ഇട്ടിപ്പിള്ളയുടെ രണ്ടു മക്കളും, കൂടി ആയിരുന്നു. കല്‍പ്പണിയും, കോണ്‍ക്രീറ്റിങ്ങും ഒറ്റക്കണ്ടം കോളനിയില്‍ താമസക്കാരനായ ശിവദാസനും സംഘവുമാണ് ചെയ്തിരുന്നത്. മിക്കവാറും പണികള്‍ തച്ചു വ്യവസ്ഥയില്‍ ആയിരുന്നെങ്കിലും എല്ലാ പണിക്കാര്‍ക്കും ഉച്ചയൂണും, വൈകുന്നേരത്തെ ചായയും കുഞ്ഞമ്മ തന്നെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിക്കൊടുത്തിരുന്നു. പണിക്കാരെ രണ്ടാം തരക്കാരായി കാണുകയും, സ്വയം മുതലാളി ചമഞ്ഞ് പരമ ശത്രുക്കളെപ്പോലെ അവരോട് പെരുമാറുകയും ചെയ്‌യുന്ന നമ്മുടെ സമൂഹത്തില്‍ നിന്ന് വ്യത്യസ്തരായി, നമുക്ക് വേണ്ടി പണിയാനെത്തുന്നവര്‍ വിശന്നിരിക്കരുതെന്നും, അവരുടെ മനസ്സ് നമുക്കെതിരെ തിരിയരുതെന്നും ഉള്ള,  അപ്പന്‍ മുതല്‍ തുടര്‍ന്ന് വന്ന ഞങ്ങളുടെ കുടുംബത്തിന്റെ പൊതുവായ കാഴ്ചപ്പാടാണ് ഇതിലൂടെ നടപ്പിലായത്. 

മൂവാറ്റുപുഴയിലുള്ള '  കാദറിക്കാ '  എന്ന ബില്‍ഡിംഗ് മെറ്റിരിയല്‍സ് കച്ചവടക്കാരനാണ് സാധനങ്ങള്‍ എത്തിച്ചു തന്നു കൊണ്ടിരുന്നത്. നമ്മള്‍ ആവശ്യപ്പെടുന്ന സാധനം ആവശ്യപ്പെടുന്ന സമയത്ത് കാദറിക്കാ സൈറ്റില്‍ ഇറക്കി തരും. എന്നതായിരുന്നു രീതി. ഇലക്ട്രിക് മെറ്റീരിയല്‍സ് ഡല്‍ഹിയില്‍ നിന്ന് റോയി വന്നപ്പോള്‍ കൊണ്ട് വന്നു. ബാംഗ്ലൂരില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്ന ഒരു മലയാളി സംഘത്തെ അനീഷ് ഏര്‍പ്പാടാക്കി തന്നു. കോതമംഗലത്തുള്ള ഒരു സുഹൃത്താണ് ഇലക്ട്രിക് ജോലികള്‍ ചെയ്തു തന്നത്. . അപ്പനുമമ്മയും അനുജന്മാരും കൊച്ചപ്പനും, ഒക്കെക്കൂടിയുള്ള ഞങ്ങളുടെ കുടുംബം സഹായിച്ചും, സഹകരിച്ചുമാണ് വീടുപണി നടത്തിക്കൊണ്ടിരുന്നത്. 

റോഡില്‍ നിന്നും അല്‍പ്പം ഉയര്‍ന്ന ഒരു സ്ഥലത്താണ് വീട് നില്‍ക്കുന്നത് എന്നതിനാല്‍ അങ്ങോട്ട് വാഹനങ്ങള്‍ കയറുന്നതിനായി ഒരു വളഞ്ഞ വഴി നിര്‍മ്മിച്ച് അതില്‍ കരിങ്കല്ല് പാകി. റോഡിലെ ഗേറ്റിന്റെ തൂണുകളില്‍ നിയോണ്‍ ലൈറ്റുകള്‍ പിടിപ്പിച്ചു. അരയേക്കറോളം വരുന്ന പ്ലോട്ടിന് ചുറ്റു  മതില്‍ നിര്‍മ്മിച്ച് ലൈറ്റുകള്‍ സ്ഥാപിച്ചു. മുറ്റം നിറയെ ഫ്‌ലോര്‍ ബ്രിക്കുകള്‍ പാകി വൃത്തിയാക്കി. എന്റെ കുടുംബത്തിന്റെ അദ്ധ്വാനവും, തടി ഉള്‍പ്പടെയുള്ള സ്വന്തം സാധനങ്ങളുടെ വിലയും കൂട്ടാതെ അന്ന് അന്പത് ലക്ഷം രൂപാ ചിലവില്‍ പെയിന്റിങ് വരെ പൂര്‍ത്തിയായ ഒരു മനോഹര വീട് പണി തീര്‍ന്നു. ( ഈ വീടിന് ചിലവായ തുകയില്‍ ബഹു ഭൂരിപക്ഷവും ' ബ്യൂട്ടി സ്‌പോട്ട് ' എന്ന ഞങ്ങളുടെ ബിസിനസ്സില്‍ നിന്ന് ലഭിച്ച ലാഭമായിരുന്നു എന്നതിനാല്‍ അത് നോക്കി നടത്തിയിരുന്ന മേരിക്കുട്ടിക്ക് അവകാശപ്പെട്ടതാണ് അതിന്റെ ക്രെഡിറ്റ് എന്ന് സമ്മതിച്ചു കൊള്ളുന്നു. )

വീടിന്റെ ചിമ്മിനിയുടെ മുകളില്‍ മുന്‍കാലങ്ങളില്‍ വാട്ടര്‍ ടാങ്ക് വരുന്നിടത്ത് എന്റെ നിര്‍ദ്ദേശാനുസരണം ഒരു പ്രാവിന്‍ കൂട് നിര്‍മ്മിച്ചിരുന്നു. ചിമ്മിനിക്കു മുകളില്‍ ഒരു ചതുരപ്പെട്ടിയും അതിലേക്കു പ്രാവുകള്‍ക്ക് കയറാനും, ഇറങ്ങാനുമായി നാല് ദ്വാരങ്ങളും ആയിരുന്നു സെറ്റപ്പ്. ഈ ചതുരപ്പെട്ടിക്ക് മുകളിലുള്ള കോണ്‍ക്രീറ്റ് റൂഫിന് മുകളില്‍ നല്ല വലിപ്പത്തിലുള്ള ഇന്‍സ്റ്റന്റു റെക്‌സിന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് അതില്‍ നിന്നായിരുന്നു വാട്ടര്‍ സപ്ലെ.

എന്നും പ്രകൃതിയുടെ ആരാധകനായിരുന്ന എന്റെ മനസ്സ് വായിച്ചിട്ടാണോ എന്നറിയില്ല, ധാരാളം പ്രാവുകള്‍ നമ്മുടെ പ്രാവിന്‍ കൂട്ടില്‍ കയറാനും ഇറങ്ങാനും തുടങ്ങി. അധികം വൈകാതെ കൂട്ടില്‍ നിന്ന് കുഞ്ഞുങ്ങളുടെ കൂജനങ്ങളും, അമ്മമാരുടെ കുറുകലുകളും പതിവ് സംഗീതമായി പൊഴിഞ്ഞു കൊണ്ടിരുന്നു. ക്രമേണ നമ്മുടെ വീടും പരിസരവും, അവിടുത്തെ വൃക്ഷങ്ങളുടെ ശിഖരങ്ങളും പ്രാവുകളുടെ ഒരു താവളമായി മാറി. സ്വപ്നങ്ങളുടെ ചിറകുകള്‍ കുടഞ്ഞ്, മൃദു കുറുകലുകളുടെ സര്‍ഗ്ഗ സംഗീതം പൊഴിച്ച് അവകള്‍ എന്നെപ്പോലെ തന്നെ എന്റെ വീടിന്റെ അവകാശികളായിത്തീര്‍ന്നു. 

പാടുന്നു പാഴ്മുളം  പോലെ!   (അനുഭവക്കുറിപ്പുകള്‍   73:  ജയന്‍ വര്‍ഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക