Image

പെണ്ണ് (കവിത-അന്ന ബെന്നി)

Published on 08 March, 2020
പെണ്ണ് (കവിത-അന്ന ബെന്നി)
സ്വാതന്ത്ര്യമെനിക്കില്ലെന്നു
കരയുന്നു ഞാന്‍ നിത്യം
എങ്കിലുമിന്നോളം
ചിന്തിച്ചതില്ലൊരു വേളയിലും
ആരതു കവര്‍ന്നെന്നും???
ആരെനിക്കതു നിഷേധിച്ചെന്നും???

പെണ്ണൊച്ച അടക്കണമെന്നു
പഠിപ്പിച്ചോരമ്മയോ,
താലിച്ചരടില്‍ തളച്ചിട്ടൊരെന്‍
പാതിയോ,
നിനക്കതാവില്ലെന്നു ഹൃത്തിലൂട്ടി-
യുറപ്പിച്ച ലോകമോ??

അല്ല.. ഇവരാരുമല്ല..
എന്നെ ചങ്ങലക്കിട്ടത്
ഞാന്‍ മാത്രമാണ്,
എന്റെ ചിന്തകളാണ്...
അപകര്‍ഷതാ -
ബോധമാണ്....

എനിക്കു ചിരിക്കാന്‍,
ഉള്ളുതുറന്ന് കരയാന്‍ ,
പഠിക്കാന്‍.. ജീവിക്കാന്‍..
ഉണ്ണാന്‍, ഉടുക്കാന്‍
പ്രാര്‍ത്ഥിക്കാന്‍....
എന്തിനുമേതിനും ഞാന്‍ തന്നെ
മുന്നിട്ടിറങ്ങണം....
പേറ്റുനോവിന്റെ വേദനയെപ്പോലും
ചെറുചിരിയോടെ നേരിടുന്നവളാണോരോപെണ്ണും
അവളാരെയാണ് ഭയക്കേണ്ടത്??
എന്നാലും ഇടയ്ക്കവള്‍ ഒന്ന് താഴ്ന്നാല്‍
അത് സ്‌നേഹത്തിന് മുന്നില്‍ മാത്രമായിരുന്നിരിക്കണം.

സ്വാതന്ത്ര്യം,
അതു പുരുഷനില്‍ നിന്നല്ല,
എന്നില്‍ നിന്നും നിന്നില്‍നിന്നും തന്നെ...
നിന്റെ കഴിവുകള്‍
നീ തിരിച്ചറിയുമ്പോള്‍,
നിന്റെ ശക്തിയില്‍ നീ വിശ്വസിക്കുമ്പോള്‍
നീ സ്വതന്ത്രയാണ്..
ആര്‍ക്കാലും പൂട്ടാനാവാത്ത ആകാശത്തിന്റെ വിശാലതയില്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക