Image

ബ്രിട്ടനില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ഉള്‍പ്പടെ 3269 പേര്‍ക്ക് കോവിഡ് ബാധ

Published on 21 March, 2020
ബ്രിട്ടനില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക്  ഉള്‍പ്പടെ 3269  പേര്‍ക്ക്  കോവിഡ്  ബാധ
ലണ്ടന്‍: രണ്ടു മലയാളി നഴ്‌സുമാര്‍  ഉള്‍പ്പടെ 3269  പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയും,167   പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തതോടെ ബ്രിട്ടനില്‍ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി  ബ്രിട്ടീഷ് സര്‍ക്കാര്‍ .ഇംഗ്ലണ്ടില്‍ 2756 ,സ്‌കോട്‌ലന്‍ഡില്‍ 266 ,വെയില്‍സില്‍ 170 , നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 70  എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത് .ഇന്നലെ മാത്രം 44 പേര്‍ക്ക് മരണം സംഭവിച്ചതോടെ യാണ് കൂടുതല്‍ കടുത്ത നടപടികളിലേക്കും , പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കും കടക്കാന്‍ സര്‍ക്കാര്‍ പ്രേരിതമായത് .

സ്‌കോട്‌ലന്‍ഡിനടുത്ത ന്യൂകാസിലിലും , ലണ്ടന് അടുത്ത ന്യൂഹാമിലും താമസിക്കുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ക്കാണ് കോവിഡ് പോസിറ്റിവ് ആണ് എന്ന് സ്ഥിരീകരിച്ചത് .രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ആദ്യ രണ്ടാഴ്ചകളില്‍ വളരെ മന്ദ ഗതിയില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ , കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ശക്തമായ രീതിയിലേക്ക് മാറിത്തുടങ്ങിയത് . ആദ്യ സമയങ്ങളില്‍ പൊതു ജീവിതത്തിനു വലിയ തടസമൊന്നും ഏര്‍പ്പെടുത്താതിരുന്ന ബോറിസ് സര്‍ക്കാര്‍ ഈ വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ നഴ്‌സറി തലം  മുതല്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടുവാന്‍ തീരുമാനിച്ചു .പബുകള്‍ , ബാറുകള്‍ , നൈറ്റ് ക്ലബുകള്‍, റെസ്റ്റോറെന്റ് കള്‍, ജിമ്മുകള്‍    എന്നിവയും ഇന്നുമുതല്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുവാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട് .

ഈ അധ്യയന വര്ഷം നടത്തേണ്ടിയിരുന്ന സുപ്രധാന പരീക്ഷകള്‍ ആയ  ജി .സി. എസ് . ഇ ,  എ ലെവല്‍ പരീക്ഷകള്‍ ക്യാന്‍സല്‍  ചെയ്യുവാനും തീരുമാനം എടുത്തിട്ടുണ്ട് .ഇതുമൂലം കുട്ടികള്‍ക്ക് ലഭിക്കേണ്ട യോഗ്യതകള്‍ നഷ്ടമാകില്ല എന്നും മുന്‍പ് നടന്ന മറ്റു പരീക്ഷകളും , ഗ്രേഡുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കുവാനുള്ള നിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്കും നല്‍കിയിട്ടുണ്ട് .   ആദ്യ ഘട്ടത്തില്‍ പനി  രോഗബാധിതര്‍ ആയ എല്ലാവരെയും പരിശോധന നടപടികള്‍ക്ക് വിധേയരാക്കിരുന്നില്ല എങ്കിലും ഇന്നലെ മുതല്‍ ദിവസേന ഇരുപത്തയ്യായിരം പേരെ പരിശോധനക്ക്  വിധേയരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് .നാഷണല്‍ ഹെല്‍ത് സര്‍വീസ് എല്ലാ മുന്‍കരുതലുകളും എടുത്തു പഴുതുകള്‍ അടച്ചുള്ള നടപടികളിലേക്ക് ഇനി നീങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് , രോഗത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വിരമിച്ച അമ്പത്തിനായിരം നഴ്‌സുമാരോടും , പതിനയ്യായിരം ഡോക്ടര്‍മാരോടും  തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട് . കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 0 .1 ലേക്ക് കുറച്ചിട്ടുണ്ട് . മോര്‍ട്ടഗേജ് ഉള്‍പ്പടെ ഉള്ള ലോണുകള്‍ തിരിച്ചടക്കുവാന്‍ ബാങ്കുകള്‍ പേയ്‌മെന്റ് ഹോളിഡേയും  പ്രഖ്യാപിച്ചിട്ടുണ്ട് . 

കൊറോണ ബാധിതരായി ജോലിക്ക് ഹാജരാകാന്‍ കഴിയാതിരിക്കുന്നവര്‍ക്ക്  ശമ്പളത്തിന്റെ എണ്‍പതു ശതമാനം വരെ ( മാക്‌സിമം 2500 പൗണ്ട് വരെ)  നല്‍കുവാനും ഇന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.   യുദ്ധ സമാനമായ സാഹചര്യത്തില്‍  ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സു മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കുന്നില്ല എന്നൊരു പരാതി ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു . എന്നാല്‍ പഴുതുകള്‍ അടച്ച്  കര്‍ശനമായ പ്രതിരോധ നടപടികളില്‍ കൂടി  രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ബോറിസ് സര്‍ക്കാര്‍ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക