Image

ഒമാനില്‍ മലയാളിയടക്കം 9 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 21 March, 2020
ഒമാനില്‍ മലയാളിയടക്കം 9 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
മസ്കറ്റ്: ഒമാനില്‍ മലയാളിയടക്കം 9 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 48 ആയി. ഈ മാസം 13ന് കണ്ണൂരില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ മസ്കത്തിലെത്തി സലാലയിലേക്കു ബസില്‍ യാത്ര ചെയ്ത കണ്ണൂര്‍ കതിരൂര്‍ സ്വദേശിയും റസ്റ്ററന്റ് ജീവനക്കാരനുമായ 53കാരനാണ് രോഗബാധിതന്‍ എന്നാണു വിവരം. പനിയും ചുമയും മൂലം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് പരിശോധനാ ഫലം വന്നത്.

ഇതാദ്യമായാണ് കേരളത്തിനു പുറത്ത് മലയാളിക്കു കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. ഇവരുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തിലാണ്. അതേസമയം ഒമാനില്‍ 13 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. സുഹാറിലും ഇബ്രിയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. സാഹചര്യങ്ങള്‍ മുതലെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണം. ഒട്ടേറെ കേസുകള്‍ ഇന്റര്‍പോള്‍ റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണു മുന്നറിയിപ്പ്. മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകള്‍. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക