Image

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്തു

Published on 27 March, 2020
ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്തു

കൊല്ലം : ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ  അനുപം മിശ്രക്കെതിരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.  ഇദ്ദേഹത്തിനെതിരെ വകുപ്പ്തല നടപടിക്ക് കലക്ടര്‍ ബി അബ്ദുള്‍നാസര്‍ ശുപാര്‍ശ ചെയ്തു. 

കൊല്ലം തേവള്ളിയിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ്  യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്ര കടന്നത്. ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അറിയിച്ചിരുന്നു. ക്വാറന്റൈന്‍ ലംഘനം ഉള്‍പ്പെടെ നാലു വകുപ്പുകളാണ് കലക്ടര്‍ക്കെതിരെ ചുമത്തിയത്.   സര്‍വീസ് റൂള്‍  മറികടന്നതു സംബന്ധിച്ച്   കലക്ടര്‍ സര്‍ക്കാരിന്  റിപ്പോര്‍ട്ട് നല്‍കി. അനുമതിയില്ലാതെ സഥലംവിട്ട ഇദ്ദേഹം കാണ്‍പൂരിലുണ്ടെന്നാണ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കലക്ടര്‍ക്ക് ലഭിച്ച മറുപടി .

സിംഗപ്പൂര്, മലേഷ്യ എന്നിവിടങ്ങളില്‍ ഹണിമൂണ്‍  പോകാന്‍ അനുപം മിശ്ര അവധിയെടുത്തിരുന്നു. 18ന് തിരികെയെത്തി സര്‍വീസില്‍ പ്രവേശിച്ച സബ് കലക്ടറോട്  ക്വാറന്റൈനില്‍ കഴിയാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഇദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരെയും ക്വാറന്റൈന് അയച്ചു. എന്നാല്‍, രണ്ടു ദിവസമായി ക്വാര്‍ട്ടേഴ്സില്‍ കാണാത്തതിനാല്‍ സമീപത്തുള്ളവര്‍ കലക്ടറെ അറിയിച്ചു. കലക്ടറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് അനുപം മിശ്ര കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. തനിക്ക് ഭാഷ വശമില്ലെന്നും ഒറ്റപ്പെട്ടതിനാല്‍ ബംഗളൂരുവിലുള്ള സഹോദരന്റെ വീട്ടിലേക്ക് മടങ്ങിയതാണെന്നും അറിയിച്ചു. പിന്നീടാണ് കാണ്‍പൂരിലാണെന്ന മറുപടി ലഭിച്ചത്. തുടര്‍ന്ന് കലക്ടര്‍ നിയമലംഘനത്തിനെതിരെ സര്‍ക്കാരിന്  റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക