Image

മനുഷ്യമനസുകൾക്ക് ഇങ്ങനെയല്ലാതെ മിടിക്കാനാവില്ല (ഷിബു ഗോപാലകൃഷ്ണൻ, കാലിഫോർണിയ)

Published on 28 March, 2020
മനുഷ്യമനസുകൾക്ക് ഇങ്ങനെയല്ലാതെ മിടിക്കാനാവില്ല (ഷിബു ഗോപാലകൃഷ്ണൻ, കാലിഫോർണിയ)
ഇതാദ്യമായി ഒരു രാജ്യത്തെ സ്ഥിരീകരിച്ച കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഈ നിമിഷം അമേരിക്കയിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 104,126. ഒരു ലക്ഷം ആക്റ്റീവ് കേസുകൾ. ഇന്ന് മാത്രം സ്ഥിരീകരിച്ചത് ~18,600 കേസുകൾ. ഇന്ന് മാത്രം മരണപ്പെട്ടത് 400 പേർ.

മാർച്ചു മാസം ഒന്നാം തീയതിയാണ് ന്യൂയോർക്കിൽ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിക്കുന്നത്. അതിനുശേഷമുള്ള 27 ദിവസങ്ങൾകൊണ്ടാണ് അമേരിക്ക മറ്റെല്ലാ ലോകരാജ്യങ്ങളെയും എണ്ണത്തിൽ പിന്നിലാക്കിയത്, ഫ്രാൻസിനേക്കാളും ഇറാനെക്കാളും യുകെയെക്കാളും കൊറോണ കേസുകൾ ന്യൂയോർക്കിൽ മാത്രം സ്ഥിരീകരിക്കപ്പെട്ടത്! ഈ നിമിഷത്തെ ന്യൂയോർക്കിലെ മാത്രം പോസിറ്റീവ് കേസുകൾ 46,262 ആണ്. ഒന്നര ലക്ഷം ടെസ്റ്റുകൾ ഇതുവരെ ന്യൂയോർക്കിൽ നടന്നു, ദിവസേന 17,000-18,000 ടെസ്റ്റുകൾ!

ഇന്ന് ഗവർണർ കോമോ പറഞ്ഞത്, കൊറോണ ബാധിതരിൽ 20% ശതമാനം മാത്രമാണ് ടെസ്റ്റ് ചെയ്യപ്പെടുന്നത്, ബാക്കി 80% കൊറോണ ആണെന്നു പോലുമറിയാതെ സ്വയം മുക്തമാകുന്നു. അവരുടെ എണ്ണം എത്രയെന്നു പോലും അറിയില്ല. സ്ഥിരീകരിക്കപ്പെടുന്നതിൽ 13% ത്തിനു മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമുള്ളത്. അവരുടെ എണ്ണം ഇനിവരുന്ന ആഴ്ചകളിൽ എത്രകണ്ട് ഉയരുമെന്നു യാതൊരു വ്യക്തതയുമില്ല.

ഐസിയുവും വെന്റിലേറ്ററും ഉൾപ്പടെയുള്ള ചികിത്സ വേണ്ടിവരുന്നവർക്കു നിലവിൽ അതുനൽകാൻ കഴിയുന്നതുകൊണ്ടാണ് മരണനിരക്ക് ഇപ്പോഴും ഒന്നരശതമാനമായി പിടിച്ചുനിർത്താൻ കഴിയുന്നത്. ഒരാഴ്ചകൊണ്ട് പണിപൂർത്തിയായ 1000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി ഇന്നു പ്രവർത്തനമാരംഭിച്ചു. അത്തരത്തിൽ നാലെണ്ണം കൂടി വേണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടാൻ പോകുന്നു. ആയിരം ആശുപത്രി കിടക്കകളുമായി അമേരിക്കൻ നേവിയുടെ കപ്പൽ തിങ്കളാഴ്ച ന്യൂയോർക്ക് തീരത്തു നങ്കൂരമിടും.

എങ്കിലും ആവശ്യത്തിനു കിടക്കകളും ഐസിയു ബെഡും വെന്റിലേറ്ററും ഉണ്ടാവില്ല എന്നുള്ള ആശങ്കയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പോസിറ്റീവ് കേസുകൾക്കൊപ്പം ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ കൊറോണാവ്യാപനങ്ങളുടെ എപ്പിസെന്റർ ന്യൂയോർക്കാണ്. ആകെയുള്ള കേസുകളിൽ പകുതിയോളം അവിടെ നിന്നു മാത്രമാണ്. ഓരോ മൂന്നുദിവസം കൂടുമ്പോഴും കേസുകളുടെ എണ്ണം ഇരട്ടിയാവുന്നു. സമാനതകളില്ലാത്ത പോരാട്ടമാണ് ന്യൂയോർക്ക് സംസ്ഥാനം ഗവർണർ ആൻഡ്രൂ കോമോയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ദിവസേനയുള്ള അദ്ദേഹത്തിന്റെ പ്രസ്സ് മീറ്റുകൾക്കായി അമേരിക്കൻ ജനത കാത്തിരിക്കുന്നു. വസ്തുനിഷ്ഠമായും വൈറ്റ് ഹൗസുമായി നിരന്തരം കലഹിച്ചും തുറന്നടിച്ചും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞും കോമോ തന്റെ ജനതയെ കൈപിടിച്ചു നടത്തുന്നു.

അവരുടെ എല്ലാ കണക്കുകൂട്ടലുകളും മറികടന്നാണ് ഇപ്പോൾ രോഗികൾ ഹോസ്‌പിറ്റലൈസ്‌ ആയിക്കൊണ്ടിരിക്കുന്നത്. എല്ലാ ആശുപത്രികളും 50 മുതൽ 100 ശതമാനം വരെ ബെഡ് കപ്പാസിറ്റി കൂട്ടിയിരിക്കുന്നു. ആകെ 4,000 വെന്റിലേറ്റർ മാത്രമാണ് ഇപ്പോൾ ഉള്ളത്. 30,000 വെന്റിലേറ്ററുകൾ കൂടി വേണ്ടിവരുമെന്നാണ് കോമോ പറയുന്നത്. ഫെഡറൽ 400 വെന്റിലേറ്ററുകൾ കൂടിയാണ് ന്യൂയോർക്കിനു നൽകിയത്, ഇതിനെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചു- 26,000 ന്യൂയോർക്കേഴ്‌സ് മരിക്കാൻ പോവുകയാണ് നിങ്ങൾ വെന്റിലേറ്റർ തരാത്തതിനാൽ!! നിസ്സഹായതയും നിരാശയും മുഴങ്ങുന്ന കോമോയുടെ പൊട്ടിത്തെറി ഫലം കണ്ടു, 4,000 വെന്റിലേറ്റർ കൂടി ന്യൂയോർക്കിനു നൽകാൻ തീരുമാനമായി. ഒരു വെന്റിലേറ്ററിൽ എങ്ങനെ രണ്ടു രോഗികളെ കിടത്താമെന്നു ഞങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിക്കുകയാണെന്നു കോമോ പ്രഖ്യാപിച്ചു. റിട്ടയർ ആയവരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ സന്നദ്ധപ്രവർത്തനത്തിനു മികച്ച പ്രതികരണമാണ് രാജ്യത്തു ഉടനീളം ലഭിക്കുന്നത്. 40,000 ആളുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ കഴിഞ്ഞു.

എന്തുകൊണ്ടാണ് ന്യൂയോർക്കിൽ ഇത്രയധികം കേസുകൾ?

"ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്ന ജനതയാണ്. ലോകത്തെ മുഴുവൻ യാതൊരു മടിയുമില്ലാതെ ഞങ്ങൾ സ്വീകരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ അത്രയും അടുത്താണ്. അങ്ങനെയൊരു ദൗർബല്യം ഞങ്ങൾക്കുണ്ട്, അതാണ് ഞങ്ങൾക്ക് ദോഷമായത്, എന്നാൽ അതേ ദൗർബല്യം തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയും. അതുകൊണ്ടു തന്നെയാണ് ഞങ്ങൾ ഇതിനെ മറികടക്കാൻ പോകുന്നതും." കോമോ പറഞ്ഞു.

"എല്ലായിടത്തുനിന്നും ന്യൂയോർക്കിനു സഹായങ്ങൾ വരുന്നുണ്ട്, സഹായം ചെയ്യാൻ കഴിയാത്ത മനുഷ്യരോട് പറയുന്നത് നിങ്ങൾക്കും ഞങ്ങളെ സഹായിക്കാനാകും, വീട്ടിലിരുന്നാൽ മാത്രം മതി. ന്യൂയോർക്കിനു ഇപ്പോൾ തന്നെ ഒരുപാടു കാര്യങ്ങൾ ആവശ്യമുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഈ അവസ്ഥയിൽ എത്തിയാൽ ഞങ്ങൾക്ക് അത് വലിയ പ്രയാസമാകും, നിങ്ങൾ വീട്ടിലിരിക്കുക, ഞങ്ങളെ സഹായിക്കുക"

ഇറ്റലിയെ പോലെ യുഎസ് എത്തുന്നു എന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്, പ്രായമായവരെ മരണത്തിനു വിട്ടുകൊടുക്കണമെന്നുള്ള ആശയങ്ങൾ സജീവമാണ്. മറ്റുപല സംസ്ഥാന നേതാക്കളും അത്തരത്തിൽ അഭിപ്രായപ്പെട്ടുകഴിഞ്ഞു. ഒന്നോ രണ്ടോ ശതമാനം മനുഷ്യർക്ക് വേണ്ടി രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ തകർത്തുകളയരുതെന്നാണ് അവർ പറയുന്നത്. ഇവിടുത്തെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും തങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി അതേറ്റെടുക്കാൻ തയ്യാറാണെന്നാണ് അവർ പറയുന്നത്. ഇതേ ചോദ്യം കോമോയോട് ചോദിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

"എന്റെ അമ്മ അങ്ങനെ ചിലവഴിച്ചു കളയാനുള്ളതല്ല, നിങ്ങളുടെ അമ്മ അങ്ങനെ ചിലവഴിച്ചു കളയാനുള്ളതല്ല. ഒരു മനുഷ്യജീവനു മേലും ഡോളറിൽ എഴുതിയ പ്രൈസ് ടാഗ് കെട്ടിത്തൂക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. 2% വരുന്ന ആ ന്യൂയോർക്കേഴ്‌സിനുവേണ്ടിയും ഞങ്ങൾ പോരാടും."
9/11 സമയത്താണ് I ❤️ NewYork എന്ന ലോഗോ ഇങ്ങനെ മാറ്റിയെഴുതിയത്. അതുപോലെയൊരു ദുരിതകാലത്തിലൂടെയാണ്, യുദ്ധത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. അപ്പോൾ മനുഷ്യമനസുകൾക്കു ഇങ്ങനെയല്ലാതെ മിടിക്കാനാവില്ല.
മനുഷ്യമനസുകൾക്ക് ഇങ്ങനെയല്ലാതെ മിടിക്കാനാവില്ല (ഷിബു ഗോപാലകൃഷ്ണൻ, കാലിഫോർണിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക