Image

ഒരു അണുവിന്റെ സന്ദേശം - (ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 30 March, 2020
 ഒരു അണുവിന്റെ സന്ദേശം - (ജോണ്‍ വേറ്റം)
ആകസ്മികസംഭവങ്ങള്‍ മനുഷ്യനെ എവിടെയെത്തിക്കും? നേട്ടങ്ങള്‍ സന്തോഷവും നഷ്ടങ്ങള്‍ സന്താപവും നല്‍കാറുണ്ട്. എന്നാല്‍, രോഗശയ്യയില്‍ വീഴുമ്പോള്‍ അസ്വസ്ഥരായി ഏറെ ചിന്തിക്കുന്നവരും,  സ്വന്ത പ്രവര്‍ത്തികളിലേക്കു തിരിഞ്ഞുനോക്കി പശ്ചാത്തപിക്കുന്നവരും, സൗഖ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും കുറവല്ല. തനിക്ക്, രോഗസൗഖ്യം കിട്ടില്ലെന്നും മരണം മുന്നിലെത്തിയെന്നും അറിഞ്ഞു കരയാത്തവര്‍ വിരളം.

ഏകദൈവത്തിലോ ബഹുദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ് അധികം. അവരുടെ വിശ്വാസവീഥികള്‍ വിഭിന്നമാണെങ്കിലും ജീവിപ്പിക്കുന്ന ശക്തിയെ- ആത്മാവിനെ- തരുന്നതും എടുക്കുന്നതും സ്രഷ്ടാവ് മാത്രമാണെന്ന ധാരണയില്‍ നില്‍ക്കുന്നു. ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ മതവിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങളെ വേര്‍തിരിച്ചുനോക്കുമ്പോള്‍, അവയിലെല്ലാം സ്വീകാര്യമായഭാഗങ്ങള്‍ ഉണ്ടെന്നു കാണാം.
കൃത്യമായി നിറവേറ്റപ്പെട്ട നിരവധി പ്രചവനങ്ങള്‍ നിറവേറാനുള്ള മറ്റ് പ്രവചനങ്ങളില്‍ അടിയുറപ്പിച്ചു വിശ്വസിക്കാന്‍ സഹായിക്കുന്നു. ജ്ഞാന മാര്‍ഗ്ഗപ്രദര്‍ശകങ്ങളായ ഹൈന്ദവവേദഗ്രന്ഥങ്ങള്‍ നന്മതിന്മകളുടെ കാലവിവരണവും മനുഷ്യന് മരണവും പുനര്‍ജന്മവും ഉണ്ടെന്നു പ്രവചിക്കുന്നു. ഏകദൈവത്തിലും മനുഷ്യന്‍ ദൈവസൃഷ്ടിയാണെന്ന വിശ്വാസത്തിലും വളര്‍ന്ന യഹൂദ കൈസ്തവ ഇസ്ലാം മതങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് ഗണ്യമായ ബന്ധമുണ്ട്. മിശിഹാ ജനിക്കുമെന്ന യഹൂദക്രൈസ്തവമതങ്ങള്‍ അംഗീകരിക്കുന്നുവെങ്കിലും ക്രിസ്തുവന്നുവെന്നും വീണ്ടും വരുമെന്ന് ക്രൈസ്തവരും; വന്നില്ല പിന്നയോ വരുമെന്ന് യഹൂദരും വിശ്വസിക്കുന്നു. യേശു തന്റെ മരണ പുനരുത്ഥാനങ്ങളെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട്. (ബൈബിള്‍ മത്തായി 17:22, മര്‍ക്കൊസ് 10: 33-34, യോഹന്നാന്‍ 12:32). പ്രസ്തുത പ്രവചനങ്ങള്‍ നിറവേറിയെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അന്ത്യകാല ലക്ഷണങ്ങളെക്കുറിച്ചും യേശു പ്രവചിച്ചിട്ടുണ്ട്. അത് ആകാശവും ഭൂമിയും ചേര്‍ന്ന ഒരു ലോകത്തിന്റെ ശാശ്വതനാശത്തെയാണോ സൂചിപ്പിക്കുന്നത്? പ്രസ്തുത പ്രവചനങ്ങളില്‍ പൊന്തിനില്‍കുന്ന വചനം ഇപ്രകാരം: ലോകാരംഭം മുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാകും(ബൈബിള്‍ മത്തായി 24:21, മര്‍ക്കൊസ് 13: 19). ഇപ്പോഴുള്ള അനുബന്ധസാഹചര്യത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രവചനം ചിന്തനീയമാണ്.

യേശുവിന്റെ രണ്ടാമത്തെ വരവിനുമുമ്പ് ഉദിച്ചു വരേണ്ട 'അന്ത്യനാള്‍' അഥവാ യഹോവയുടെ ദിവസം ഉണ്ടാകുന്നതിനു മുന്നോടിയായി ആകാശവും ഭൂമിയും അതിലുളള സമസ്തചരാചരങ്ങളും നശിപ്പിക്കപ്പെടുമെന്നാണോ പ്രവചനം അര്‍ത്ഥമാക്കുന്നത്? ആകാശവും ഭൂമിയും ഒഴിഞ്ഞുപോവുകയും സൃഷ്ടിക്ക് മുമ്പ് ഉണ്ടായിരുന്ന രൂപരഹിതവും ശൂന്യവുമായിരുന്ന അവസ്ഥയില്‍ എത്തിച്ചേരുമെന്നാണോ സമര്‍ത്ഥിക്കുന്നത്? അത് യാഥാര്‍ത്ഥ്യമെങ്കില്‍ ഭൂമിയില്‍ നിവര്‍ത്തിക്കേണ്ട, യെശയ്യാവിന്റെയും യേശുവിന്റെയും ഇതരപ്രവചനങ്ങള്‍ എങ്ങനെ എവിടെ നിറവേറും? യേശുവിന്റെ രണ്ടാമത്തെ വരവിനു മുമ്പ്, ഭൂമിയെ അശുദ്ധമാക്കുന്ന മ്ലേച്ഛത നീക്കപ്പെടണമെന്നല്ലെ പ്രസ്തുതപ്രവചനത്തിന്റെ വിവക്ഷ? ആകാശത്തിന്റെയും ഭൂമിയുടെയും സമ്പൂര്‍ണ്ണനാശനമാണ് സംഭവിക്കുന്നതെങ്കില്‍, അവസാനത്തോളം സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും(മത്തായി 24: 13 ,  തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഭൂമിയുടെ അറ്റം മുതല്‍ നാലുദിക്കുകളില്‍ നിന്നും കൂട്ടിച്ചേര്‍ക്കും(മര്‍ക്കൊസ് 13: 27) എന്നീ പ്രവചനങ്ങള്‍ എങ്ങനെ നിവൃത്തിയാകും?
ലോകത്തുള്ള സകലരാഷ്ട്രങ്ങളെയും കൂട്ടിച്ചേര്‍ത്തു ഭൂമിയില്‍ സമാധാനം സ്ഥാപിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോര്‍ക്കിലുള്ള മന്ദിരത്തിന്റെ പ്ലാസയുടെ കന്മതിലില്‍മേല്‍ കൊത്തിയിരിക്കുന്ന വചനം: 
'They all Beat Their Swords Into Plowshares
And Their Spears into Pruning Hooks
Nation Shallnot Life Up Sword Against
Nation Neither Shall They Learn War -Anymore.
ISAIAH' 
നന്മകളും സമാധാനവും നിറഞ്ഞ, യുദ്ധരഹിതമായൊരവസ്ഥ ഭൂമുഖത്ത് ഉണ്ടാകുമെന്ന പ്രത്യാശയാണ് ഈ പ്രവചനം(യെശയ്യാവ് 2: 4) നല്‍കുന്നത്.

2
ബ്രഹ്മവര്‍ഷത്തിന്റെ അന്ത്യത്തില്‍ ബ്രഹ്മാവുള്‍പ്പെടെ സര്‍വ്വവും നശിക്കുമെന്നൊരു പ്രവചനവുമുണ്ട്. അതും ഫലിക്കുമോ? സകല നിരീശ്വരവാദികളെയും മതങ്ങളെയും രാഷ്ട്രീയ കക്ഷികളെയും ചിന്തിപ്പിക്കുന്ന ഒരു നിര്‍ണ്ണായകനേരമാണിത്. ഇപ്പോള്‍, മനുഷ്യരെ വീട്ടുതടങ്കലിലാക്കിയും, കൊന്നും, വ്യാപകനാശം വിതച്ചും മുന്നേറുന്ന കൊറോണ എന്ന വിഷാണു എന്തിന് വന്നു? എവിടെ നിന്നും വന്നു? പ്രവചനനിവൃത്തിക്കുവേണ്ടി ദൈവം അയച്ചതോ അഥവാ മനുഷ്യന്‍ നിര്‍മ്മിച്ചതോ? ഇതിന് ശരിയായ ഉത്തരം കിട്ടാന്‍ കാത്തിരിക്കണം. കൂട് തുറന്നുവിടുകയോ പറന്നുപോവുകയോ ചെയ്ത ഒരു ആയുധപ്പറവയാണ് കൊറോണയെന്ന് സംശയിക്കുന്നവരും ചിന്തകരോടൊപ്പം ചേരുന്നുണ്ട്.

ദൈവമില്ലെന്നും, വേദങ്ങള്‍ കെട്ടുകഥകളുടെ സമൂലമെന്നു വാദിച്ചവരും, ഉള്ളത് ഇല്ലെന്നും ഇ്ല്ലാത്തത് ഉണ്ടെന്നും തര്‍ക്കിച്ചവരും, അജ്ഞത അലങ്കാരമാക്കിയവരും, കൊറോണയുടെ മുമ്പില്‍ കുഴങ്ങുന്നു!ലോകവ്യാപകമായ ഇന്നത്തെ ഭയാനകസാഹചര്യം ദുഷ്ടജനത്തിനെതിരെയും, നീതിമാന്മാരുടെ വിടുതലിനു വേണ്ടിയും, ഉണ്ടായ ഒരു ദൈവികനടപടിയാണെന്ന് കരുതാമോ? ഈശ്വരഭക്തിയില്‍ ഉറച്ചുനില്‍ക്കാനുള്ള ഉത്തേജനമാണോ ഇത് നല്‍കുന്നത്? ലോകത്തെ ദുരിതത്തിലാക്കുന്ന ഈ പീഡാവഹസ്ഥിതി ഉണ്ടാക്കിയത് ശാസ്ത്രത്തിന്റെ അഹങ്കാരമോ ദ്രോഹമോ ആണെന്നും, മതങ്ങളും അതിന്റെ ക്രൂരവും കുറ്റകരവുമായ പ്രവൃത്തികളുമാണെന്ന അഭിപ്രായങ്ങളും ധ്വനിക്കുന്നു. ഇവയില്‍നിന്നും വ്യത്യസ്തവും സുരക്ഷിതത്വവുമുള്ള ഒരു പുതിയഭൂമിയിലേക്ക് ജനതകളെ നയിക്കുന്നതിനു മുന്നോടിയായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി ഈവിനാശക്കാറ്റിനെ കാണാമോ? ഭൂമിയുടെ പ്രകൃതിപരമായ ആവശ്യങ്ങളെ അവഗണിച്ചു ഭൂതലത്തെ തരിശാക്കിയ മനുഷ്യന്റെ അവിവേകമാണ് കൊറോണയെ ക്ഷണിച്ചുവരുത്തിയതെന്ന ശാസ്ത്രസ്‌നേഹികളുടെ നിഗമനവും അംഗീകരിക്കാവതോ?

നിങ്ങളുടെ മതം അഥവാ സഭാവിഭാഗം ദൈവത്തെ യാഥാര്‍ത്ഥമായി പ്രസാദിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ 'ഉവ്വ്' എന്ന് ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കും? അന്ധവിശ്വാസത്തിലും അനാചാരത്തിലും കലഹത്തിലും വ്യവഹാരത്തിലും കെട്ടപ്പെട്ടുകിടക്കുന്ന, മനുഷ്യദൈവങ്ങളാല്‍ ഭരിക്കപ്പെടുന്ന, ഏതല്‍ക്കാലസ്ഥിതിയില്‍ ഒരു സത്യമതത്തെ എവിടെ കണ്ടെത്താം? സത്യത്തിന്റെ പരിജ്ഞാനവും ഹൃദയനിര്‍മ്മലതയോടുകൂടിയ സ്‌നേഹവുമുള്ള മനുഷ്യരുടെ അഭാവം മതങ്ങളില്‍ വ്യക്തമാണ്. ലോകവ്യാപകസുരക്ഷക്ക് കാവല്‍പ്പടയും കോട്ടകളും മാരകായുധങ്ങളും മതിയോ? പണ്ട് സുരക്ഷക്കുവേണ്ടി  കെട്ടിപ്പൊക്കിയ കോട്ടകളും അവയ്ക്ക് ചുററുമുണ്ടാക്കിയ കിടങ്ങുകളും ഇപ്പോള്‍ വിനോദസഞ്ചാരികളുടെ വിഹാരസ്ഥാനങ്ങളായി. അതുപോലെ, ഇന്നത്തെ ആണവകേന്ദ്രങ്ങളും മാരകായുധങ്ങളും പ്രാചീന ലോകത്തിന്റെ പുരാണവസ്തുക്കളായി ഭാവികാലം കാണുമെന്നു കരുതാം.
അക്രമവും, മതഭിന്നതയും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ചു സമത്വത്തിന്റെയും സമാധാനത്തിന്റെയും ഒരു നവലോകം സ്ഥാപിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് യെശയ്യാവിന്റെ പ്രവചനത്തിന്റെ പ്രസക്തഭാഗം. സകലമനുഷ്യരും ഒരു ദൈവത്തിലും ഒരു മതത്തിലും വിശ്വസിച്ച് ഒരു ഏകലോകഭരണത്തിന്‍കീഴില്‍ സംഘര്‍ഷരഹിതമായ സാഹചര്യത്തില്‍ നന്മനിറഞ്ഞവരായി ജീവിക്കുന്ന അനുഭവമാണോ യേശുക്രിസ്തുവിന്റെ പുതിയ ആകാശവും പുതിയഭൂമിയും വാഗ്ദാനം ചെയ്യുന്നത്?
സ്വയരക്ഷയ്‌ക്കെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ആയുധങ്ങളുമായി ബഹിരാകാശത്ത് സൈനികദളങ്ങള്‍ സ്ഥാപിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, ഏത്‌നേരത്തും ഭൂമയില്‍ വൈകാരിക സംഘട്ടനം ഉണ്ടാവുമെന്ന ദീര്‍ഘദര്‍ശനത്താല്‍  രഹസ്യായുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ളവര്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാം. അതുകൊണ്ട്, ഭൂതകാല പ്രവചനങ്ങളും നിവലിലുള്ള നിസ്സഹായതയും ഭാവിയെ സംബന്ധിച്ച ഉത്കണ്ഠയും നിരത്തിവയ്ക്കുന്ന മനസ്സില്‍ തെളിഞ്ഞുവരുന്നൊരു ചിന്ത; പെട്ടെന്നു തട്ടിയുണര്‍ത്തുകയും കുത്തിനോവിയ്ക്കയും ചെയ്‌തെങ്കിലും ഒരു സമ്പൂര്‍ണ്ണനിരായുധീകരണത്തിന് ലോകരാഷ്ട്രങ്ങളെ കൊറോണ വൈറസിന്റെ ആധിപത്യം സ്വാധീനിക്കുമോ? അത് പ്രവചനപരമായ പുതിയ ആകാശത്തിന്റെയും പുതിയഭൂമിയുടെയും അനുഗ്രഹീത ആരംഭമായിരിക്കുമെന്ന് ആശിക്കാം!
മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ് തന്നെ ഭീഷണിക്ക് വിധേയമായിരിക്കുന്നതിനാല്‍ കൊറോണവൈറസിന്റെ സന്ദേശമെന്തെന്ന് നോക്കാം.

'ഞാന്‍ കൊറോണ വൈറസാണ്. ഞാന്‍ ഒരു കൊലയാളിയാണെന്ന് നിങ്ങള്‍ കരുതുന്നു. ഞാന്‍ ഒരുദൂതനാണ്. നിങ്ങളുടെ കണ്ണുകളും കാതുകളും ഹൃദയങ്ങളും തുറക്കാന്‍, കഷ്ടതയും രോഗവും മരണവും ഞാന്‍ തന്നു. ചിന്തിക്കാനും തിരുത്താനുമുള്ള നേരവും. അന്ധവിശ്വാസവും അനാചാരവും നിങ്ങളെ ഭരിക്കുന്നു. അക്രമം നയിക്കുന്നു. സമഭാവനയും സ്‌നേഹവുമില്ല. മാനസാന്തരം ഒരു മരുന്നാണ്! അതും നിങ്ങള്‍ക്കില്ല! മനുഷ്യനാണ് മനുഷ്യന്റെ ശത്രുവെന്ന സത്യം ലോകാരംഭം മുതല്‍ നിലകൊള്ളുന്നു. നിലനില്‍പിന്, പ്രതിരോധം ആവശ്യമാണ്. അതിന്റെ ഘടകമാണ് ഭീഷണി. അതുമായിട്ടാണ് ഞാന്‍ വന്നത്. അത് യുദ്ധം ഒഴിവാക്കും. ആയുധം അനുസരണമുള്ള ഉപകരണവും ശക്തിയുമാണ്. അതിന് ഹൃദയമില്ല! ഈ ലോകത്ത് സമാധാനവും സമത്വവും സുരക്ഷയും ഉണ്ടാവണം അതിന്, ആഗോളവ്യാപകമായ നിരായുധീകരണം സ്ഥാപിക്കണം. സ്രഷ്ടാവും മനുഷ്യസ്‌നേഹിയുമായ ദൈവം ഭൂമിയെ നശിപ്പിക്കില്ല. നവീകരിക്കും! എന്നേക്കാള്‍ വലിയവന്‍ എന്റെ പിന്നില്‍ ഉണ്ട്. ഇത് ഒരു മുന്നറിയിപ്പാണ്!'

 ഒരു അണുവിന്റെ സന്ദേശം - (ജോണ്‍ വേറ്റം)
Join WhatsApp News
Thomas Kuttipurathu 2020-04-03 00:38:47
I really appreciate Mr. John Vetam, to bring this timely article about Corona virus. (COVID-19). Most of the world countries has been afflicted by this invisible Virus and taking away the lives of thousands. It is a pestilence and killer virus. This has Already reached all over the places, Slums and even Palaces. Sad to say that No cure for this virus found thus far. Hence People are in great fear. Homelessness, poverty and loss of economy of all Nations widening within these 3 months. World leaders and scientists tirelessly working for helping the victims and finding the cure from this Virus and overcoming the situations. As a believer in God; I am happy to note that the Author shed the lights and explored the word of God (Holy Bible), where all walks of life can find any questions and answers of The Past, The Present and The Future of the universe and its mankind. I believe, this article will surely open the eyes of many Intellectuals, Truth Seekers and God fearing people to look into The Bible, where they can get all the answers and will have peace and courage in this present turmoil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക