Image

കോവിഡ് 19: ആലപ്പുഴയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Published on 02 April, 2020
കോവിഡ് 19: ആലപ്പുഴയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

ആലപ്പുഴ: കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ല ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്. 


അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നത് തടയുന്നതിനും അരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നത് തടയ്യുകയെന്ന ലക്ഷ്യവുമായി ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫിന്‍റെ നിര്‍ദ്ദേശ പ്രകാരം ഡ്രോണ്‍( ഹെലിക്യാം) ഉപയോഗിച്ചുളള നിരീക്ഷണം ജില്ലയില്‍ തുടങ്ങി. 


തുടക്കത്തില്‍ 25 പോലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഓമാര്‍ക്ക് ഹെലിക്യാം സൗകര്യം നല്‍കി.

ഒരു ഹെലിക്യാം ഉപയോഗിച്ച്‌ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ആകാശ വീക്ഷണം സാധ്യമാകും.


 ഏതൊക്കെ റോഡുകളിലാണ് കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് , ഏതൊക്കെ മാര്‍ക്കറ്റിലാണ് സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദ്ദേശം മറികടന്ന് ആളുകള്‍ കൂടി നില്‍ക്കുന്നത് എന്നൊക്കെ അറിയുന്നതിന് ഡ്രോണിന്‍റെ സഹായം തേടുമെന്ന് ജില്ല പോലീസ് മേധാവി പറഞ്ഞു. 


ലോക്ക് ഡൗണിന്‍റെ നിര്‍ദ്ദേശങ്ങള്‍ വളരെ കര്‍ക്കശമായി നടപ്പാക്കുക എന്നതാണ് ജില്ല ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്.

അതിന് ആവശ്യമായ എല്ലാ സഹായവും പോലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. റോ‍ഡില്‍ യാത്രചെയ്യുന്ന ഓരോ വ്യക്തിയേയും സൂം ചെയ്ത് കാണുന്നതിന് ഇതുവഴി കഴിയും. 


ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കാത്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും. ഡ്രോണ്‍ ആദ്യ പരിശോധനയില്‍ തന്നെ വഴിച്ചേരി മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടെത്തുകയും പോലീസ് പാര്‍ട്ടിയെ അവിടേക്ക് ഉടന്‍ നിയോഗിക്കുകയും ചെയ്തതായി ജില്ല പോലീസ് മേധാവി പറഞ്ഞു.


നിരീക്ഷണത്തിലുള്ള ഓരോ ഡ്രോണും വീഡിയോ റിക്കോര്‍ഡ് ചെയ്ത് അതത് പോലീസ് സ്റ്റേഷന്‍ മേധാവിക്ക് കൈമാറും. ലോക്ക് ഡൗണ്‍ പരമാവധി നടപ്പില്‍ വരുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് പോലീസ് ഇതുവഴി ലക്ഷ്യം വയ്കുുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക