Image

വിഷു (കവിത-ഡോ.എസ്.രമ)

Published on 13 April, 2020
വിഷു (കവിത-ഡോ.എസ്.രമ)
സമാഗതമായി വീണ്ടുമൊരു
സംക്രമ വിഷുപ്പുലരി.
സമയത്തിൽ ദിനരാത്രങ്ങളും
സമമായി.
സർവ്വസന്നാഹങ്ങളിൽ
സവിതാവുമെത്തി.

പച്ചപ്പിൽ തുന്നിയ പൂക്കളിൽ
പുലരിപ്പൊൻകസവിട്ട ചേലയിൽ  
പ്രകൃതിയും  നവവധുവേപ്പോൽ
ചമഞ്ഞൊരുങ്ങി.

പൂത്തുലഞ്ഞ കണിക്കൊന്നയും
പത്തരമാറ്റിലെ
കണിവെള്ളരിയും
പാടത്തെ പൊന്നിൻ
കതിരുകളും
മധുരഫലത്തിന്റെ
മാധുര്യവും
ചേർത്തവളൊരു
കണിയൊരുക്കി.
പറവകളുടെ സന്തോഷം
സംഗീതം പോലൊഴുകി.

മർത്യനോ നിശബ്ദനിന്ന്
കണിയില്ല, കൈനീട്ടമില്ല
കത്തും പൂത്തിരിയില്ല
രോഗ ഭീതിയുടെ നിഴൽ മാത്രമെങ്ങും.
പോയ കാലമാഘോഷങ്ങളത്രയും
സ്വന്തമാക്കി.
യാരവങ്ങളിലുല്ലസിച്ചൊരു
വികൃതികുട്ടിയീ മാനവൻ.

കുറുമ്പിത്തിരി കൂടിപ്പോയ
കുസൃതിക്കൊരു കൊച്ചുപ്രഹരം
കൊടുത്തമ്മയാം പ്രകൃതിയിപ്പോൾ
മിണ്ടാതെ വീട്ടിലിരുന്നോണമെന്നൊരു
ശാസനയിൽ തെല്ലിച്ഛാ
ഭംഗത്തോടവനീ വിഷു
വേളയിൽ വീടിനുള്ളിൽ
നിശബ്ദനായി.

വിഷുപ്പുലരിയിൽ
കത്തും ദീപ പ്രഭയിൽ
കണ്ണനു മുന്നിലിന്നു
കണിമാത്രമായി.
കാണാനാളില്ല, കാണിക്കയില്ല
കതിനാവെടിയില്ല
എല്ലാമറിയുമീ കുസൃതിക്കണ്ണന്റെ
ചുണ്ടിലൊരു പുഞ്ചിരി മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക