Image

അകലങ്ങളിൽ (കഥ: രമണിയമ്മാൾ)

Published on 14 April, 2020
അകലങ്ങളിൽ (കഥ: രമണിയമ്മാൾ)


ഈ വരവ്..ഒട്ടും പ്രതീക്ഷിച്ചതല്ല..

കൺമുന്നിൽ വന്നു നിന്നപ്പോൾ കൺമിഴിച്ചിരുന്നു  പോയി.. 
മേശക്കപ്പുറമിട്ടിരുന്ന കസേര ചൂണ്ടി
യാന്ത്രികമെന്നോണം പറഞ്ഞു. 
"ഇരിക്കൂ ".

"എന്തുണ്ട് വിശേഷം, എന്താ ഇവിടെ, "എന്നൊക്കെ ചോദിക്കാൻ ആഞ്ഞതാണ്.
പക്ഷേ ചോദിച്ചില്ല. ശബ്ദം പുറത്തേക്ക് വന്നില്ലെന്നതാണു സത്യം..ആകെ.ഒരു പരുങ്ങൽ, ഒരു വെപ്രാളം...!

പലവട്ടം ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും, 
ഒന്നു കാണാൻ വന്നോട്ടെയെന്നു ചോദിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി ഒരു മറുപടി പറയാതെ  ഒഴിഞ്ഞുമാറുകയായിരുന്നു..  ഇപ്പോൾ  ആളു നേരിട്ടു വന്നു നിൽക്കുന്നു.. തോട്ടരികത്ത്.. 

"ഞാൻ രാവിലെ വിളിച്ചിരുന്നു, രണ്ടു വട്ടം..ഫോൺ 
എടുക്കാഞ്ഞതുകൊണ്ടാണ്  മുന്നറിയിപ്പില്ലാതെ 
പ്രത്യക്ഷപ്പെട്ടത്...ബുദ്ധിമുട്ടായോ?.." 

ലഞ്ച് ബ്രേക്കിന്റെ സമയം....താൻ..എഴുന്നേൽക്കാൻ തുടങ്ങുകയായിരുന്നു.

സഹപ്രവർത്തകർ നാലഞ്ചുപേർ   ഒരു മേശക്കു ചുറ്റുമിരുന്നു
കറികൾ  പങ്കുവച്ച് വളരെ സാവധാനത്തിൽ,  നാട്ടുവിശേഷവും വീട്ടുവിശേഷവുമൊക്കെ പറഞ്ഞുകൊണ്ടുളള ഭക്ഷണം കഴിപ്പ്..

"മാഡത്തിന് ആരായിരുന്നു  വിസിറ്റർ" എന്നു അവരു ചോദിക്കും...

ഓഫീസ് സംബന്ധിയായ കാര്യങ്ങൾക്കല്ലാതെ തന്നെ   അന്വേഷിച്ച്  ആരും 
വരാറില്ലല്ലോ..!

മൂന്നുവർഷം കൂടുമ്പോഴുളള സ്ഥലംമാറ്റം..ഏതെങ്കിലും ഒരു ജില്ലയുടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക്....
ബന്ധുക്കളും സഹോദരങ്ങളുമൊക്കെ കേരളത്തിന്റെ അങ്ങേ അറ്റത്തും..അതുകൊണ്ടു
തന്നെ അങ്ങോട്ടുമിങ്ങോട്ടുമുളള സന്ദർശനങ്ങൾ വളരെ കുറവാണ്...

തന്നെ നോക്കീ പുഞ്ചിരിച്ചു കൊണ്ടുളള  ആ ഇരിപ്പ്....

"എന്നെ ഇഷ്ടമാണെന്ന് എന്തേ പറയാത്തതു.?.
അതു കേൾക്കുന്നതുവരെ ഞാൻ ഇങ്ങനെ  ശല്യപ്പെടുത്തിക്കൊണ്ടേയിരി
ക്കും" 
പിടിവാശിക്കാരനായ കുട്ടിയേപ്പോലെ..അവൻ..
അല്ല: അയാൾ പതുക്കെ പറഞ്ഞു.....

" എനിക്കിന്നൊരു മറുപടി കിട്ടണം..വൈകുന്നേരം വിളിക്കുമ്പോൾ" .
അപ്പോൾ ആ
മുഖത്തെ ചിരി മാഞ്ഞിരുന്നു.

"ഒക്കെ ഞാൻ പറഞ്ഞിട്ടില്ലേ...പ്രതീക്ഷിക്കുന്നതുപോലെയുളള ഒരിഷ്ടം തോന്നാനുളള പ്രായമല്ലെന്റേത്..".. മുഴുവനും കേട്ടോ എന്നറിയില്ല...എഴുനേറ്റതും നടന്നു നീങ്ങിയതും പെട്ടെന്നായിരുന്നു..

ഊണുമേശയിൽ പാത്രങ്ങൾ തുറന്നുവച്ച് തന്നെ  കാത്തിരിക്കുകയായിരുന്നു അവർ.....ഒന്നും ചോദിച്ചില്ല...

അവിടുന്നുമിവിടുന്നുമൊക്കെ ഏതെല്ലാമോ കറികൾ എടുത്തു കഴിക്കുമ്പോൾ ഒരു വികാരവും തോന്നിയില്ല..
ഒരു വലിയ ഉത്തരം കൊടുക്കേണ്ടിയിരിക്കുന്നു.."നോ" പറയാനും"യെസ് " പറയാനും വിമ്മിഷ്ടപ്പടുന്ന മനസ്സ്.....

ഇങ്ങനെയൊരു ട്വിസ്റ്റ് താൻ ആഗ്രഹിച്ചിരുന്നോ...!

"കടുത്ത
ആരാധനയാണെന്ന്"
തന്റെ പ്രസരിപ്പിനെ,
ആരേയും വെറുപ്പിക്കാത്ത, സംസാര രീതിയെ,   ജോലിചെയ്യാനുളള മടിയില്ലായ്മയെ, സാഹിത്യവാസനയെ,  
പാട്ട് ആസ്വദിക്കാനുളള കഴിവിനെ, പാചക സാമർത്ഥ്യത്തെ, അടുത്തറിയാൻ തുടങ്ങിയതുമുതൽ 
ഇഷ്ടപ്പെട്ടുപോയെന്ന്...

സംസാരങ്ങൾക്കിടയിലെപ്പോഴോ  ഇഷ്ടങ്ങളും താല്പര്യങ്ങളും  പറഞ്ഞുപോയിട്ടുണ്ട്..

ഭാര്യക്ക് കഴിവുകൾ കൂടിപ്പോയെന്നു  മനസ്താപപ്പെട്ട്
സദാ നെടുവീർപ്പിട്ടു നടക്കുന്ന,
അവളെ ആരെങ്കിലുമൊന്ന് അഭിനന്ദിക്കുന്നതു കേൾക്കാനിടയായാൽ
ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുന്ന,

കഴിവുകൾ കഴിവുകേടുകളാക്കി
ചിന്തകളിൽ വിഷം പുരട്ടി കഥകൾ  മെനഞ്ഞുണ്ടാക്കി സ്വയം ആശ്വസിക്കുന്ന
 ഭർത്താവ്..

ഇതിനിടയിൽ,  കഴിവുകളെ  എണ്ണമിട്ടു പറഞ്ഞു  പ്രകീർത്തിച്ചുകൊണ്ട്  ഇഷ്ടമാണെന്ന ഒരു വാക്കിനെ അക്ഷമനായി കാത്തിരിക്കുന്ന ഒരാൾ.. എന്തൊരു വിരോധാഭാസം...!

കണ്ണു നിറയുന്നു...സന്തോഷം കൊണ്ടോ? വിഷമം കൊണ്ടോ? 

"മാഡം..എന്താ കഴിച്ചു തീരുമുന്നേ വേഗം എഴുന്നേറ്റത്?" ഊണുകഴിഞ്ഞു കട്ടുന്ന അല്പസമയത്തെ 'അന്താക്ഷരി' തുടങ്ങിവയ്ക്കുന്ന ഷീബ...

"അത്യാവശ്യം ഒരു കോൺട്രാക്ട് ബില്ല് നോക്കാനുണ്ട്.. 
ഡെപ്യൂട്ടി വിളിക്കും..." 
ഒരു വിശ്വസ്വിനീയമായ  കളളം.....

പ്രതീക്ഷിച്ചതുപോലെ
രണ്ടു  മിസ്ട്കോൾ...

തിരിച്ചു വിളിയും കാത്ത് ഈ പരിസരത്തെവിടെയെങ്കിലും കാറിനുളളിൽ ഇരിപ്പുണ്ടാവും..

ഇന്നു തന്നെ ഒരു  ഉറച്ച തീരുമാനം എടുത്തേ മതിയാവൂ...
ഒരു മദ്ധ്യവയസ്ക്കയോട് ചെറുപ്പക്കാരന് താല്പര്യം..പ്രേമം.....ആരാധന...!

ഒര നല്ല സൗഹൃദം...എല്ലായ്പ്പോഴും സ്വാഗതം ചെയ്തിട്ടേയുളളു ..ഇത് അതല്ല...
അതിരുവിട്ടുപോയേക്കാവൂന്ന അടുപ്പം..... ഇപ്പോൾ മനസ്സിലാവുന്നു.. 

തന്റെ ഭാഗത്തു നിന്നും അയാളെ പ്രലോഭിപ്പിക്കത്തക്കതായെന്തെങ്കിലും...?
ഇഷ്ടമാണ്, താല്പര്യമാണ്, എന്നു തെറ്റിദ്ധരിക്കത്തക്കതായെ
ന്തെങ്കിലും....?

വർക്കു കഴിഞ്ഞ കോൺട്രാക്ട്  ബില്ലുകൾ  പാസാക്കി വിടുമ്പോൾ ഊരും പേരും നോക്കാറില്ല....ഒബ്ജക്ഷൻസ് ക്ളിയർ ചെയ്യുവാൻ എഗ്രിമെന്റിൽ കണ്ട ഫോൺ  നമ്പരിലേക്കു വിളിച്ചു....നേരിട്ടു കണ്ടിട്ടില്ലാത്ത
കോൺട്രാക്ടർ...
അവിടുന്നായിരുന്നു തുടക്കം....
തുടരെ വർക്കുകൾ..തുടരെ ബില്ലുകൾ. ഒബ്ജക്ഷൻസ്... ക്ളിയറൻസ്....
ചിരപരിചിതരേപ്പോലെയായി..വിരസമായ ജീവിതത്തിൽ സരസമായ കുറച്ചു സംസാര നിമിഷങ്ങൾക്കുളള വഴിതുറക്കൽ.. 
ഫോൺ വിളിക്കു കാതോർത്തിരുന്നവരേപ്പോലെ  സംസാരം നീണ്ടു  നീണ്ടു പോകും. നല്ല  ശ്രോതാക്കളായിരുന്നു രണ്ടു പേരും...
".മാഡം..മാഡം.."
എന്നുളള വിളിയിൽ നിന്നും "താൻ, തനിക്ക്, തന്റേത്.".എന്നൊക്കെയുളള സംബോധനകളിലേക്കും ആ അടുപ്പം ചെന്നു നിന്നു.

രാവിലെ മുതൽ വൈകിട്ട് അഞ്ചുമണിവരെ പലവട്ടം  വിളിക്കും....മേശപ്പുറത്ത് ഫയലുകൾ ഒന്നും നോക്കാനില്ലെങ്കിൽ സംസാരം വിഷയങ്ങളിൽ നിന്നു വിഷയങ്ങളിലേക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കും.വിരസമാവാത്ത സംഭാഷണങ്ങൾ...

വർഷങ്ങൾ പഴക്കമുള്ള വിരലിലെണ്ണാവുന്ന സൗഹൃദങ്ങൾ തനിക്കിപ്പോഴുമുണ്ട്.
എന്നെങ്കിലും,  എപ്പോഴെങ്കിലും, ഒരു വിളി, ഒരു മെസ്സേജ്, വളരെ നാളുകൾക്കു ശേഷമാണെങ്കിലും അവരോടു  തമാശകൾ പറഞ്ഞ്, കേട്ട്, പൊട്ടിച്ചിരിക്കാൻ കഴിയുന്നു.
വിഷമങ്ങൾ പരസ്പരം  പങ്കുവയ്ക്കാൻ കഴിയുന്ന സൗഹൃദങ്ങൾ....

ഓരോ സ്ഥലങ്ങളിലേക്കു പറിച്ചുനടപ്പെടുമ്പോഴും അവിടുന്നെല്ലാം  ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ചു നല്ല സൗഹൃദങ്ങളെ പൊതിഞ്ഞെടുത്തിട്ടുണ്ടാവും. പ്രായഭേതമില്ലാതെ, ലിംഗ ഭേതമില്ലാതെ.. ...

സ്വന്തമെന്നു കരുതിപ്പോരുന്നവരാൽ അകലത്തേക്കു തളളിമാറ്റപ്പെട്ടുകൊണ്ടിരി
ക്കുമ്പോൾ ഒന്നും പ്രതീക്ഷിക്കിതെയുളള സൗഹൃദങ്ങൾ ജീവന്റെ നീലനില്പുതന്നെയാണ്.....

ഉച്ചയൂണിന്റെ  വിഭവങ്ങൾ എന്തൊക്കെയെന്നു ചോദിച്ചൊരു വിളിയുണ്ട്..
.."എനിക്കും കൂടി ഒരു പൊതി ചോറു  കരുതുമോ"..
"ആവാമല്ലോ "
എന്ന വെറും വാക്ക്  മറുപടി.
"ഇന്നുടുത്ത സാരിയുടെ കളർ ഏതാണ്?" കളർ പറയുമ്പോൾ
 "ഞാൻ കാണുന്നുണ്ട്..ആ കളർ തനിക്കു നന്നായിട്ടിണങ്ങും.."
മൂഡൗട്ടായിരിക്കുന്നുവെന്നുതോന്നിയാൽ തുടരെ വിളി   വരും..ദൂരെയുള്ള മനസു വായിച്ചറിയാൻ കഴിവുണ്ടു പോലും..
ഒന്നും സാരമുളളതല്ലായെന്ന സമാശ്വസിപ്പിക്കൽ....
പക്ഷേ.
." ലവ് യു,  ടേക്ക് കെയർ" എന്ന് ഓരോ ഫോൺ  വിളിയുടെ അവസാനവും പറയുന്നത്...!.

യൗവ്വനം ഇല പൊഴിച്ചുകൊണ്ടിരിക്കുന്നു. മനസ്സും പാതിയും  മരവിപ്പിച്ചു കഴിഞ്ഞിരിക്കുന്നു... 
പ്രേമിക്കാൻ പറ്റിയ സമയം..!
തന്നോടു തന്നെ പുച്ഛം..

വർഷങ്ങൾക്കു മുൻപ്, 
കുളിക്കാതെ ഈറൻ ചുമക്കേണ്ടിവന്നപ്പോൾ
വാശി തോന്നിയിരുന്നു.
ആരോടെങ്കിലും ഒരു അടുപ്പം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്...  തന്നോടടുക്കാൻ ആർക്കെങ്കിലും ഒന്നു 
തോന്നിയിരുന്നെങ്കിലെന്ന്... 
ഇഷ്ടമാണെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിലെന്ന്..
അങ്ങനെ ആരും പറഞ്ഞില്ല. .. വന്നില്ല. ..

ഇപ്പോൾ, ഇഷ്ടമാണെന്നു പറയുന്നു, ഒരാൾ.
പ്രായത്തിൽ തന്നേക്കാൾ ഒരുപാട് ഇളപ്പമുളളയാൾ..

പലവട്ടമായി, ഇഷ്ടമാണെന്നുളള തന്റെ ഒരു മറുപടിക്കുവേണ്ടി അക്ഷമനായി
കാത്തിരിക്കുന്നയാൾ...

"ഇഷ്ടമാണ്.. ഒരു നൂറു വട്ടം"
മനസ്സിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന പകയുടെ നാളങ്ങൾ. ആളിക്കത്തി പറയുന്നുണ്ട്...! അനുഭവിച്ചുകൊണ്ടിരിക്കുന്നമാനസികമായ ഞെരിച്ചമർത്തലുകളുടയും
അവഹേളനങ്ങളുടേയും 
സ്നേഹ നിഷേധങ്ങളുടേയും നേർക്കുളള പക.....എരിഞ്ഞടങ്ങിയിട്ടില്ല..!
.
"ഇനി
നനഞ്ഞു കൊണ്ടുതന്നെ ഈറൻ ചുമക്കാം..."

.പക്ഷേ...സംഭരിച്ചു വച്ച
ധൈര്യം മുഴുവനും  ചോർന്നു പൊയ്ക്കൊണ്ടിരിക്കുന്നു..

അനുഭവിക്കുന്നതു
തന്റെ വിധി... ! അതിനെ മല്ലിട്ടു ജയിക്കുവാൻ .വയ്യ...
ഇഷ്ടമാണെന്ന ഒരു വാക്കുകൊണ്ട് ...ഒരാളാൽ
നിഷേധിക്കപ്പെട്ട സ്നേഹം
മറ്റൊരാളിൽ നിന്നു 
കിട്ടുമോ...?
തന്നോടു തോന്നിയതു
ഒരു വെറും ആകർഷണം മാത്രം.....ആരാധനയുടെ ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി മാത്രം...
ഈ വൈകിയ വേളയിൽ  പകതീർത്തു രസിച്ചാൽ  പുകഞ്ഞുപോകുന്നത് ഇത്രയും കാലം ജീവിച്ചു നേടിയ തന്റെ 
സൽപ്പേരു തന്നെയാവും...!

ഫോണിൽ തുടരെ തുടരെ വരുന്ന മെസ്സേജുകൾ..!
തന്റെ ഫോൺ റിംഗ് ചെയ്യുമ്പോൾ അസ്വസ്ഥനാകുന്ന ഭർത്താവിനെപ്പറ്റി എപ്പോഴോ അയാളോടു സൂചിപ്പിച്ചിരുന്നതുകൊണ്ട് ഓഫീസ് സമയത്തു മാത്രമേ  വിളിക്കാറുണ്ടായിരുന്നുളളു. .

"ഇഷ്ടമാണ്..ഈ സൗഹൃദം ഇതേ പോലെ തുടർന്നുപോകുവാൻ.....
സൗഹൃദത്തിന്റെ അതിർവരമ്പു നിശ്ചയിച്ചു കഴിഞ്ഞു.....
ഒരു ഉറച്ച തീരുമാനമെടുത്തതിന്റെ ആശ്വാസം...

മെസ്സേജുകൾ  വായിച്ചു നോക്കാതെ മുഴുവനും  ഡിലീറ്റു ചെയ്തു കളയുമ്പോൾ തന്നോടുതന്നെ പകവീട്ടിയ സംതൃപ്തി..

ടെറസ്സു കെട്ടിടത്തിന്റെ  മുകളിലത്തെ ഈ മുറിയുടെ ..ജനാലകളും വാതിലും എപ്പോഴും തുറന്നിട്ടിരിക്കും....മാക്സിമം സ്പീഡിൽ കറങ്ങുന്ന ഫാനും......എന്നിട്ടും 
ഉഷ്ണം പുകയുന്ന മനസ്സും  ശരീരവും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക