Image

ഒരിക്കൽ...ഒരാളാൽ...അങ്ങനെ (കവിത: ലിഖിത ദാസ്)

Published on 16 April, 2020
ഒരിക്കൽ...ഒരാളാൽ...അങ്ങനെ (കവിത: ലിഖിത ദാസ്)
നിങ്ങൾ കാത്തിരുന്നിട്ടില്ലേ..?
- ഞാനുണ്ട്
ഒരിക്കൽ ഒരു മനുഷ്യനാൽ
ഇങ്ങനെയൊന്ന് മായ്ച്ചെഴുതപ്പെടുമെന്ന്,
ഉടലിലെ രഹസ്യ അറകളിൽ
പച്ചകുത്തിയ പുരാതന ലിപികളെ
അയാൾക്ക് മാത്രം മനസിലാവുന്ന
ഒറ്റഭാഷയിലേയ്ക്ക് വിവർത്തനം
ചെയ്യപ്പെടുമെന്ന്,
ഇനിയും പണിതീരാത്ത,
പേരുപോലുമില്ലാത്ത ഒരു നഗരത്തിന്റെ
കവാടം ലക്ഷ്യം വച്ച്
അയാളെന്നെ നിശ്ചയമായും
കടത്തിക്കൊണ്ട് പോകുമെന്ന്
ഞാൻ കാത്തുകാത്തിരുന്നിട്ടുണ്ട്.

എനിയ്ക്കു വായിക്കാൻ
അയാളൊരു പുസ്തകം
കയ്യിൽ കരുതിയിരിക്കും.
വെളിച്ചമുള്ള മുറിയിൽ
അയാളുടെ മടിയിൽ കിടന്ന്
ഞാനതു വായിച്ചു തീരുമ്പോൾ
എനിയ്ക്കതിനെ സ്വാതന്ത്ര്യമെന്ന്
വരിയുടയാതെ വായിച്ചെടുക്കാനാവും

അന്നു വൈകുന്നേരം അയാളെഴുതിയ
ശീർഷകമില്ലാത്ത ഒരു കവിതയ്ക്ക്
എന്റെ പേരിട്ടേയ്ക്കുമെന്നും
ചതിക്കപ്പെട്ടവളുടെ കറുത്ത,
കിണറാഴമുള്ള മുറിവിനെ
ആദ്യമായി തൊട്ടുകൊണ്ട്
സാരമില്ലാ..സാരമില്ലായെന്ന്
എനിയ്ക്ക് മാത്രം കേൾക്കുന്ന പാകത്തിൽ
വിലപിച്ചു കൊണ്ടിരിക്കുമെന്നും
എനിയ്ക്കുറപ്പുണ്ട്.

പരുപരുത്ത ഒച്ചയിൽ
അയാളെന്നെ ലാളിക്കുകയും
സിഗരറ്റു ചുവയ്ക്കുന്ന
ചുണ്ടുകൾ കൊണ്ട്
അയാളെനിയ്ക്ക് താരാട്ടു പാടുകയും
ചെയ്തേയ്ക്കും.
വയറിന്റെ മടക്കുകൾക്കിടയിൽ
അയാളുടെ മുഖം അമർത്തിവച്ച്
ഞാനിരിക്കുമ്പോൾ പൊക്കിൾച്ചുഴിയിൽ
കന്നിപ്പേറിന്റെ വേവ്.

അയാളുടെ മുടിയ്ക്ക്
കുന്തിരിക്കത്തിന്റെ മണമാവും.
ചാവുനിലത്തിൽ ഉയിർപ്പിനു വന്നവന്
പിന്നെന്തു ഗന്ധമെന്നാണ്..?
തിരക്കുണ്ടെന്നും, തിരിച്ചു പോകുമെന്നും
അയാളൊരിക്കലും പറയുകയുണ്ടാവില്ല..
എന്റെയാണ് സമയം..
അയാളെ യാത്രയാക്കണമെന്ന്
ഞാൻ നിശ്ചയിക്കും വരെ
എന്റെയാണ്..എന്റെയാണ്..

രാത്രിയിരുട്ടിൽ ഞങ്ങൾ
പുഴവക്കത്ത് പോകുകയും
നിലാവില്ലെന്ന എന്റെ കെറുവിനെ
ചിരികൾ കൊണ്ടയാൾ
തണുപ്പിക്കയും ചെയ്യും.
അയാളാദ്യമായിട്ടാവും
അത്ര സ്നേഹത്തിൽ ഒരാളോട്
ചിരിച്ചിട്ടും ചുംബിച്ചിട്ടുമുണ്ടാവുക -
അങ്ങനെ..
അങ്ങനെ വിശ്വസിക്കുമ്പോൾ
ഞാൻ തലയുയർത്തി മേല്പോട്ടും ചുറ്റിനും
പലയാവർത്തി നോക്കും.
എനിയ്ക്കറിയാവുന്ന മുഴുവൻ സ്ത്രീകളിൽ
ഏറ്റവും സുന്ദരിയും ശക്തയും
ഉദാത്തയുമായ സ്ത്രീയായി
ഞാനെന്നെ സങ്കൽപ്പിക്കും.
എത്ര മനോഹരമായ കല്പനയാവുമത്.

ഇപ്പോൾ,
കൈവേഗമുള്ള ഒരു ശില്പിയിലോ
നിർത്താതെയെഴുതിക്കൊണ്ടിരിക്കു
ന്ന -
ഭ്രാന്തുള്ള ഒരു കവിയിലോ
എന്റെ ഭാഷയിൽ മാത്രം വരയ്ക്കുന്ന
ഒരു ചിത്രകാരനിലൊ ആണെന്റെ പ്രതീക്ഷ.
അയാൾ വന്നേക്കും..
തീർച്ചയായും വന്നേക്കും.
ഒരിക്കൽ...ഒരാളാൽ...അങ്ങനെ (കവിത: ലിഖിത ദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക