Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാകൂട്ടായ്മ

ജോര്‍ജ് കറുത്തേടത്ത് Published on 07 May, 2020
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാകൂട്ടായ്മ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഭദ്രസനാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള "ഓണ്‍ലൈന്‍ പ്രെയര്‍ ആന്‍ഡ് ഫെല്ലോഷിപ്പ്' പ്രോഗ്രാമിനു ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ചു.

കോവിഡ് 19 എന്ന മഹാമാരിയാല്‍ ലോകമെമ്പാടും പ്രതിസന്ധിയിലായിരിക്കുന്ന ഇന്നത്തെ സാഹചരത്തില്‍ വിശ്വാസികള്‍ക്ക് ആത്മധൈര്യവും പ്രത്യാശയും പകര്‍ന്നുനല്‍കുന്നതിനും, പ്രതികൂല്യതയുടെ നടുവില്‍ ആശ്രമയമേകുന്ന ദൈവത്തില്‍ ശരണപ്പെട്ട് മുന്നേറുന്നതിനുള്ള പ്രചോദനമേകുന്നതിനുമായി ക്രമീകരിച്ച ഈ ആത്മീയ കൂട്ടായ്മയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്കു പുറമെ കാനഡയിലേയും, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അറുനൂറ്റി അമ്പതോളം കുടുംബങ്ങള്‍ പങ്കുചേര്‍ന്നു.

അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ തുടക്കംകുറിച്ച ഈ പ്രോഗ്രാമിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ച തിരുമേനി, പ്രതികൂലതയുടേയും, പ്രതിസന്ധികളുടേയും നടുവില്‍ അടിപതറാതെ ക്രിസ്തുവില്‍ ആശ്രയിച്ച് മുന്നേറാന്‍ സഭാംഗങ്ങളെ ഉത്‌ബോധിപ്പിക്കുകയുമുണ്ടായി. ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് പ്രോഗ്രാമിന്റെ ക്രമീകരണം സംബന്ധിച്ച് വിശദീകരിക്കുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ തുറകളിലായി ആരോഗ്യമേഖലയില്‍ സേവനം അനുഷ്ഠിക്കുന്നവര്‍, തങ്ങളുടെ പ്രവര്‍ത്തിപരിചയത്തിന്റേയും അനുഭവങ്ങളുടേയും വെളിച്ചത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളേക്കുറിച്ചും, ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളേക്കുറിച്ചും വിജ്ഞാനപ്രദമായ സന്ദേശങ്ങളിലൂടെ അംഗങ്ങളെ ബോധവത്കരിച്ചു.

കുര്യാക്കോസ് പൈലി (സെന്റ് മേരീസ് ചര്‍ച്ച്, ലിന്‍ബ്രൂക്ക് ന്യൂയോര്‍ക്ക്) ബൈബിള്‍ പാരായണം നടത്തി. റവ.ഫാ. പോള്‍ പറമ്പാത്ത് (സെന്റ് പോള്‍സ് ചര്‍ച്ച്, ഫിലഡല്‍ഫിയ), റവ.ഫാ. തോമസ് ഫിലിപ്പ് എംഡി, രേശ്മാ വില്‍സണ്‍ (സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍), സ്റ്റെയ്‌സി സ്കറിയ (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ചിക്കാഗോ), മഞ്ജു തോമസ് (സെന്റ് മേരീസ് ചര്‍ച്ച്, വെസ്റ്റ് നയാക് ന്യൂയോര്‍ക്ക്), മെരീന മാത്യു (സെന്റ് മേരീസ് ചര്‍ച്ച് ടൊറന്റോ കാനഡ), എന്നിവരാണ് മാര്‍ഗ്ഗദര്‍ശകങ്ങളായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പങ്കുവെച്ചത്.

ആഞ്ചലിന്‍ മനു (സെന്റ് മേരീസ് ചര്‍ച്ച് എഡ്മന്റണ്‍, കാനഡ) ഏബല്‍ ജോണ്‍ (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഫിയോനിക്‌സ് അരിസോണ) എന്നിവര്‍ ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ പ്രോഗ്രാമിനു മാറ്റുകൂട്ടി.

തികഞ്ഞ ആത്മീയ നിറവിന്റേയും കൂട്ടായ്മയുടേയും ഒരു പുത്തന്‍ അനുഭവമായി മാറിയ ഈ ആത്മീയവിരുന്ന് ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ന്നും നടത്തുന്നതു സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നു ഭദ്രാസന സെക്രട്ടറി അറിയിച്ചു. ഭദ്രാസന ട്രഷറര്‍ പി.ഒ ജേക്കബ് നന്ദി രേഖപ്പെടുത്തി.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക