Image

ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യു യോർക്ക്- ന്യൂജേഴ്‌സി അടഞ്ഞു തന്നെ (ജോര്‍ജ് തുമ്പയില്‍)

Published on 08 May, 2020
ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യു യോർക്ക്- ന്യൂജേഴ്‌സി അടഞ്ഞു തന്നെ (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: അമേരിക്കയിൽ  കൊറോണ രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 76,942 ആയി. 

ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് താരതമ്യേന കൂടുതല്‍ മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് ന്യൂജേഴ്‌സിയിലാണ്. സംസ്ഥാനത്ത് 9000 പേര്‍ എന്ന സംഖ്യയിലേക്കാണ് മരണനിരക്ക് ഉയരുന്നത്. 

ഇന്നലെയും നേഴ്‌സിങ് ഹോമില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിക്കുന്നു. രോഗവ്യാപനവും മരണവും ആശങ്ക ഉയര്‍ത്തി വര്‍ദ്ധിക്കുന്നില്ലെങ്കിലും ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളിലെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആതുരസേവന പ്രതിസന്ധികള്‍ നിലവില്‍ ഒരു സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും അടക്കമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ വാഷിങ്ടണ്‍, കാലിഫോര്‍ണിയ, എന്നീ പടിഞ്ഞാറന്‍ തീരങ്ങളാണ് ഇപ്പോഴും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നത്. തുറന്നിരിക്കുന്ന സംസ്ഥാനങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ഫെഡറല്‍ നിര്‍ദ്ദേശത്തിനു പുല്ലുവില, സംസ്ഥാനങ്ങള്‍ തുറക്കുന്നു

യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളും അവരുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം ശുപാര്‍ശ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മിക്കവരും പരാജയപ്പെടുന്നു.

വൈറ്റ് ഹൗസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടു പുലബന്ധമില്ലാത്ത വിധത്തിലാണ് ഗവര്‍ണര്‍മാര്‍ ഇപ്പോള്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണം മാറ്റുന്നത്്. കൊറോണ വൈറസ് കേസുകളുടെ കാര്യമാണ് മുഖ്യമാനദണ്ഡമായി സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടതെന്നാണ് ഫെഡറല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യം കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്തതിനാലും അളവുകള്‍ കേസ് നമ്പറുകള്‍ക്കോ ഒരു പരിധി വ്യക്തമാക്കാത്തുമാണ് പ്രശ്‌നം. അതു കൊണ്ടു തന്നെ മിക്ക സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ ഗവര്‍ണര്‍മാര്‍ തുറക്കുന്നു.

നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന പകുതിയിലധികം സംസ്ഥാനങ്ങളിലും, കേസുകളുടെ എണ്ണം മുകളിലേക്കാണെന്ന് ഡേറ്റകള്‍ കാണിക്കുന്നു. ഇതു പൊതുജനാരോഗ്യ വിദഗ്ധര്‍ക്കിടയില്‍ കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നു. വീണ്ടും തുറക്കുന്നതിനുമുമ്പ്, കൊറോണ വൈറസുമായി പൊരുത്തപ്പെടുന്ന രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനങ്ങളില്‍ കുറവുണ്ടാകണമെന്നും സാധാരണ ആശുപത്രി ശേഷി പുനരാരംഭിക്കണമെന്നും വൈറ്റ് ഹൗസ് മാര്‍ഗ്ഗനിര്‍ദ്ദേശം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ശുപാര്‍ശകള്‍ എങ്ങനെ അളക്കണം എന്നതിനെക്കുറിച്ചുള്ള പ്രത്യേകതകളില്ല.

അടുത്ത ആഴ്ചകളില്‍, പൊതുജനാരോഗ്യ വിദഗ്ധര്‍ ഒരു സംസ്ഥാനത്തിന് സുരക്ഷിതമായി വീണ്ടും തുറക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകളുടെ എണ്ണം, കൂടാതെ അതിന്റെ ഫലങ്ങളുടെ നിരക്ക് എന്നിവ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളും ആ മാനദണ്ഡങ്ങള്‍ ഒഴിവാക്കിയിരിക്കുന്നുവെന്നതിനാല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയുടെ ചാപ്പല്‍ ഹില്‍ കാമ്പസിലെ എപ്പിഡിമിയോളജിസ്റ്റ് കിംബര്‍ലി പവേഴ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല്‍ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യം

രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് മരണനിരക്ക് ഉള്ള ന്യൂജേഴ്‌സി ജയിലുകളില്‍ നിന്ന് കൂടുതല്‍ തടവുകാരെ വിട്ടയക്കണമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫിയോട് ആവശ്യപ്പെടുന്നതായി യുഎസ് സെനനറ്റര്‍ കോറി ബുക്കര്‍. ന്യൂജേഴ്‌സി ഡെമോക്രാറ്റിക് സെനറ്ററും ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ഒകാസിയോകോര്‍ട്ടെസ് ഉള്‍പ്പെടെ യുഎസ് ജനപ്രതിനിധിസഭയിലെ മറ്റ് ആറ് പേരും ഗവര്‍ണര്‍ മര്‍ഫിയോടും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോടും കൊറോണ ജയിലില്‍ പടരുന്ന സാഹചര്യത്തില്‍ തടവുകാരെ കുറയ്ക്കുന്നതിന് അടിയന്തര അധികാരങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു.

ആയിരത്തിലധികം തടവുകാരെ മോചിപ്പിക്കാന്‍ മര്‍ഫി പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് ആരോഗ്യസ്ഥിതി ഉള്ള 60 വയസ് പ്രായമുള്ളവരെ, 100 ല്‍ താഴെ ആളുകളെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത്. പൊതു സുരക്ഷയ്ക്ക് അപകടസാധ്യത സൃഷ്ടിക്കാത്തവരെ കുറ്റകൃത്യം പരിഗണിക്കാതെ കുറഞ്ഞത് 50 വയസ് പ്രായമുള്ള എല്ലാവരേയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണക്കനുസരിച്ച് ഏകദേശം 3,300 തടവുകാര്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ 50 വയസ്സ് പ്രായമുണ്ട്.

സംസ്ഥാന വിവരമനുസരിച്ച് കുറഞ്ഞത് 37 ന്യൂജേഴ്‌സി തടവുകാര്‍ വൈറസ് ബാധിച്ച് മരിച്ചു. പൊതുജനാരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത് വൈറസ് 1% തടവുപുള്ളികളെ കൊന്നുവെന്നാണ്. ന്യൂജേഴ്‌സി ജയിലുകള്‍ എല്ലായിടത്തും കൊറോണ ഭീഷണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ജയിലുകളിലെ മരണം കുറച്ചാല്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള മരണസംഖ്യ ഗണ്യമായി കുറയ്ക്കുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തെയും സെനറ്റര്‍മാര്‍ ഉദ്ധരിച്ചു. ന്യൂജേഴ്‌സി ഗവര്‍ണര്‍ക്കു പുറമേ, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, മാസച്യുസെറ്റ്‌സ്, ഇല്ലിനോയി, കാലിഫോര്‍ണിയ ഗവര്‍ണര്‍മാര്‍ക്കും ഈ കത്ത് അയച്ചു. നിരവധി ഫെഡറല്‍ തടവുകാരെ മോചിപ്പിക്കാനുള്ള ബില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള തടവുകാരെ പരീക്ഷിക്കാനും വിട്ടയക്കാനും ബുക്കര്‍ മുമ്പ് നിയമനിര്‍മ്മാണം നടത്തിയിരുന്നു.
Join WhatsApp News
ജോയ് കോരുത് 2020-05-08 11:34:16
ഇത് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആണ്. CDC യുടെ മാർഗ്ഗരേഖകൾ ഫെഡറൽ അഡ്മിനിസ്‌ട്രേറ്റീവ് ചെവികൊള്ളുന്നില്ല. പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു, അത്‌ പിൻവലിക്കാതെ സ്റ്റേറ്റുകൾ അദ്ദേഹം തന്നെ ലിബറേറ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടു കൊണ്ട് ട്വീറ്റ് ചെയ്യുന്നു. കൊറോണ കാലത്ത് കുളം കലക്കി വോട്ട് രാഷ്ട്രീയം കളിക്കുന്നത് ആരാണ് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക