Image

'സമര്‍പ്പണ'ത്തിന്റെ ദൈവീകാനുഭവങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 10 May, 2020
'സമര്‍പ്പണ'ത്തിന്റെ ദൈവീകാനുഭവങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)
സമര്‍പ്പണം എന്നു പേരിട്ടിരിക്കുന്ന കലാവിരുന്ന് അക്ഷരാര്‍ത്ഥത്തില്‍ ആത്മസമര്‍പ്പണമാണെന്നു പറയാം. കാരണം, മിത്രാസ് സഹോദരന്മാര്‍ -മിത്രാസ് രാജൻ, മിത്രാസ് ഷിറാസ് - രണ്ടു പേര്‍ക്കും കോവിഡ് 19 ബാധിച്ചിരുന്നു. ഇരുവരും അനുഭവിച്ച തീക്ഷ്ണമായ കാലത്തെക്കുറിച്ച് അവര്‍ ലോകത്തോട് സംസാരിച്ചിരുന്നു. ഇവിടെ വളരെ വ്യത്യസ്തമായി കലാപരമായ ചുവടുവെയ്പ് നടത്തുന്നു. അതും എന്നും വ്യത്യസ്തത കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള മിത്രാസ് കലാകുടുംബം. ഈ കോവിഡ് സമയത്ത് വളരെ മികവാര്‍ന്നതും അതേസമയം, വ്യത്യസ്തതയുള്ള ഒരു സാന്ത്വന സ്പര്‍ശവുമായാണ് അവര്‍ എത്തിയിരിക്കുന്നത്.

ആശ്വാസഗീതം എന്നൊക്കെ പറയാവുന്നതു പോലൊന്ന്. കലയുടെ ആവിഷ്‌ക്കാരഭംഗിയില്‍ വീണുമറയാത്ത വേദനകളില്ലല്ലോ. അതു തന്നെ, ഇവിടെയും മിത്രാസ് ആവര്‍ത്തിച്ചിരിക്കുന്നു. ലോകം മുഴുവന്‍ വേദനകളാലും ആത്മനൊമ്പരത്തിലും കോവിഡ് രോദനത്തില്‍ ഉഴലുമ്പോഴാണ് ഈ സ്‌നേഹസ്പര്‍ശം നമ്മെ കൈപിടിച്ചുയര്‍ത്തുന്നത്. കാലം കവിതയൈഴുതിയതു പോലെ, കലയുടെ രാഗവും താളവും മേളവും ഇവിടെ പുനര്‍ജനിക്കുന്നത് മാനവികതയുടെ മുദ്ര ചാര്‍ത്തിയാണ്.

കോവിഡ് 19 മഹാമാരിക്കെതിരെ മുന്നില്‍ നിന്നും പൊരുതുന്ന ഹെല്‍ത്ത്‌കെയര്‍ ജോലിക്കാര്‍ക്കുള്ള സമര്‍പ്പണമായി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നൃത്ത ഗുരുക്കന്മാരും നര്‍ത്തകരും കൂടി പുറത്തിറക്കിയിരിക്കുന്ന ഒരു ആല്‍ബമാണിത്. അമേരിക്കയിലുള്ള മിത്രാസ് ആര്‍ട്‌സ് തയ്യാറാക്കിയ ഈ ആല്‍ബത്തില്‍ അമേരിക്ക, ഇന്ത്യ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബഹറിന്‍, ബഹാമാസ്, സ്‌കോട്‌ലന്‍ഡ്, ദുബായ്, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്നു. മിത്രാസ് സഹോദരന്മാര്‍ മുന്നില്‍ നിന്നും നയിച്ച ഈ പുതിയ സംരംഭം സംവിധാനം ചെയ്തിരിക്കുന്നത് മിത്രാസ് സംവിധായകരായ പ്രവീണ മേനോനും സ്മിത ഹരിദാസുമാണ്. ഇത് ലോകത്തിനായി സമര്‍പ്പിച്ചിരിക്കുന്നത് പ്രശസ്ത പാട്ടുകാരിയായ കെ. എസ്. ചിത്രയാണ്.

ആത്മാനുഭവത്തിന്റെ താളരാഗങ്ങള്‍ ഹൃദയസ്പര്‍ശിയായ അനുഭവപ്പിക്കാന്‍ സമര്‍പ്പണത്തിലൂടെ മിത്രാസിനു കഴിഞ്ഞിരിക്കുന്നു. അതൊരു ദൈവീകമായ കഴിവാണ്. ആ കഴിവിനൊരു കൈയടി നല്‍കുന്നതിനൊപ്പം ഈ സമയത്ത് ഇത്തരമൊരു കലാവിരുന്ന് തികഞ്ഞ കലാസ്പര്‍ശത്തോടെ പുറത്തിറക്കാന്‍ കഴിഞ്ഞതിന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ സമര്‍പ്പണം കോവിഡിനെ തൂത്തെറിയുന്നവര്‍ക്കുള്ളതാണ്. അവരുടെ ദൈവികമായ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു ദൈവികമായ പാഥേയമാണിത്. അത്രമേല്‍ മികച്ചതാകയാല്‍ ഈ സമര്‍പ്പണം ഓരോ ആസ്വാദകനും നെഞ്ചോടു ചേര്‍ത്തുവയ്ക്കുക തന്നെ ചെയ്യും.
'സമര്‍പ്പണ'ത്തിന്റെ ദൈവീകാനുഭവങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)
'സമര്‍പ്പണ'ത്തിന്റെ ദൈവീകാനുഭവങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)
'സമര്‍പ്പണ'ത്തിന്റെ ദൈവീകാനുഭവങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക