Image

ലോക്ക്ഡൗൺ (കവിത: ഷുക്കൂർ ഉഗ്രപുരം)

Published on 14 May, 2020
ലോക്ക്ഡൗൺ (കവിത: ഷുക്കൂർ ഉഗ്രപുരം)
ഇത് കേവലം
കെട്ടിപ്പൂട്ടല്ല,
ഗണിതശാസ്ത്ര
സമവാക്യവുമായി
ചുറ്റിപ്പുണർന്ന്
ഉയിർകൊണ്ട
വാചകമാണിത്.
സർവ്വ സാർവ്വത്രിക 
ഗണിത
സമവാക്യങ്ങളേയും
തെറ്റിച്ച കണക്ക്
കൂട്ടലാണ്
ലോക്ക്ഡൗണിന്റേത്.
ഇപ്പോൾ
വിശ്വഗോളത്തി-
ലൊരിടത്തും
കണക്ക് കൂട്ടലുകൾ
ശരിയാവാറില്ല.
മനുഷ്യ ജീവന്റെ
കിഴിക്കലും
ഗണിക്കലും
മാത്രമാണ് ചുറ്റും
നടക്കുന്നത് .
വീടണയുന്നവർ    
ഇപ്പോൾ
ചവിട്ടടിദിനങ്ങളുടെ
എണ്ണമാണ് നോക്കാറ്.
അരിമണിയുടെ
എണ്ണമാണ്
അടുക്കളയിൽ
അളന്നെടുക്കുന്നത്.
പടിഞ്ഞാറിലെ 
പത്രത്താളിൽ
ചരമകോളത്തിലെ
മനുഷ്യൻറെ കണക്ക്
ആരുമിപ്പോൾ
എണ്ണി നോക്കാറില്ല.
ഇപ്പോൾ
സ്നേഹത്തിൻറെ 
ഇഴുകിച്ചേർന്ന രൂപം
ഒരു മീറ്ററകലത്തിലാണ്
നില കൊള്ളാറുള്ളത്.
പാഠശാലകളിലെ
പരീക്ഷാ
പേപ്പറുകളിൽ നിന്നും
മാർക്കിൻറെ എണ്ണവും 
എന്നേ ഇറങ്ങിപ്പോയി.
പേഴ്സിലെ പണവും
ആരുമിപ്പോൾ 
എണ്ണി നോക്കാറില്ല.
ഇപ്പോൾ
അന്നത്തിന്റെ
എണ്ണവും വണ്ണവും
ആരും പറയാറുമില്ല.
പലരും
രണ്ടുമൂന്നിറക്ക്
വെള്ളം കുടിച്ചാണ്
ഉയിരിനെ പിടിക്കുന്നത്.
ക്വാറന്റൈൻ
ദിനങ്ങൾ
മാത്രമാണിപ്പോൾ
ലോകമെണ്ണാറുള്ളത്. 
ശ്മശാനത്തിലാണ്   
അതിഥികളിന്ന്  
ഒരുമിച്ച് കൂടുന്നത്,
സ്മാരക ശിലകളുടെ
എണ്ണം മാത്രമാണിന്ന്
പെരുത്ത്
കൊണ്ടിരിക്കുന്നത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക