Image

സംസ്ഥാനത്ത് ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 62 പേര്‍ക്ക് കോവിഡ്19

Published on 23 May, 2020
സംസ്ഥാനത്ത് ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 62 പേര്‍ക്ക് കോവിഡ്19
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ടു പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ നാലു പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്നു പേര്‍ക്കും കോട്ടയം ജില്ലയിലെ രണ്ടുപേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും വന്നവരും (യു.എ.ഇ.9, സൗദി അറേബ്യ3, കുവൈത്ത്2, മാലദ്വീപ്1, സിങ്കപ്പുര്‍1, മസ്കത്ത്1, ഖത്തര്‍1). 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും(മഹാരാഷ്ട്ര13, തമിഴ്‌നാട്12, ഗുജറാത്ത്2, കര്‍ണാടക2, ഉത്തര്‍പ്രദേശ്1, ഡല്‍ഹി1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ മൂന്നു പേര്‍ പാലക്കാട് ജില്ലയിലുള്ളവരും രണ്ടു പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 7,303 പേരും സീപോര്‍ട്ട് വഴി 1,621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3,108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക