Image

മകന് എന്നും ക്രൂരസ്വഭാവമായിരുന്നു, കുറ്റവാസനയുള്ളവന്‍,​ കുറ്റം തെളിഞ്ഞാല്‍ തൂക്കിക്കൊല്ലട്ടെയെന്ന് ബിലാലിന്റെ പിതാവ്

Published on 05 June, 2020
മകന് എന്നും ക്രൂരസ്വഭാവമായിരുന്നു,  കുറ്റവാസനയുള്ളവന്‍,​ കുറ്റം തെളിഞ്ഞാല്‍ തൂക്കിക്കൊല്ലട്ടെയെന്ന് ബിലാലിന്റെ  പിതാവ്

കോട്ടയം:  കുറ്റവാസനയുള്ള പ്രകൃതമായിരുന്നു താഴത്തങ്ങാടി ഷീബ കൊലക്കേസ് പ്രതി മുഹമ്മദ് ബിലാലിന്റേതെന്ന് പിതാവ് നിസാം ഹമീദ്.


അഞ്ച് വര്‍ഷം മുമ്ബ് വരെ ആലപ്പുഴയിലായിരുന്നു താമസം. അവിടെനിന്ന് താമസം മാറി കുമരകത്തെത്തിയിട്ടും ബിലാലിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല.


നന്നാക്കാന്‍ പരമാവധി നോക്കി,​ നന്നായില്ല,​ ഇപ്പോള്‍ ഇങ്ങനെയായി. ഇനി പടച്ചവന്‍ വിധിച്ചവണ്ണമാകട്ടെ, പിതാവ് പറഞ്ഞു.

മൂന്നാംക്ലാസ് മുതല്‍ വീടുവിട്ടിറങ്ങിപ്പോവുന്ന  സ്വഭാവമുണ്ടായിരുന്നു അവന്. പല മാനസികാരോഗ്യ ചികിത്സകളും നടത്തി.. സ്നേഹത്തോടെ ഉപദേശിച്ചു.കച്ചവടത്തിലെല്ലാം കൂടെക്കൂട്ടി നോക്കി. എന്നിട്ടും ശരിയായില്ല.


മുമ്ബ് പല തവണ ബിലാല്‍ ഉള്‍പ്പെട്ട കേസുകള്‍ പരിഹരിക്കാന്‍ താന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു. ഓരോ തവണയും ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുമെങ്കിലും അവന്‍ വാക്ക് പാലിച്ചിട്ടില്ല. മകന് എന്നും ക്രൂരസ്വഭാവമാണെന്നും പിതാവ് പറഞ്ഞു.


ഭക്ഷണം ശരിയായിട്ട് കഴിക്കാതെ മൊബൈലില്‍ പബ്ജി   കളിച്ചു കൊണ്ടിരിക്കുകയും വീട് വിട്ട് ഇറങ്ങി പോകുകയും ചെയ്യുന്ന തരം വിചിത്ര സ്വഭാവമായിരുന്നു മകന്റേത്. 


കഴിഞ്ഞ ദിവസം അവന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപോയി. ഇടയ്ക്കിടെ ഇറങ്ങിപ്പോകുകയും ഒന്നോ രണ്ടോ ദിവസം കഴിയുമ്ബോള്‍ മടങ്ങിയെത്തുകയും ചെയ്യുന്നതിനാല്‍ കാര്യമാക്കിയില്ല. 


ദേഷ്യം അടങ്ങുമ്ബോള്‍  തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താഴത്തങ്ങാടി കൊലപാതകം.കൊലപാതകംനടന്നപ്പോള്‍ മുതല്‍ മനസില്‍ ആധിയായി. സാലിയുടെ വീടിന് സമീപം അവന്റെ സാന്നിദ്ധ്യമുണ്ടായതായി കണ്ടെത്തിയപ്പോഴും പൊലീസ് അവനെ കസ്റ്റഡിയിലെടുക്കുമ്ബോഴും കൊലപാതകി അവനാകല്ലേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എല്ലാം വെറുതെയായി. 


കൊലപാതകത്തേക്കാള്‍ വലിയ പാതകമാണ് അവന്‍ എന്നോടും കുടുംബത്തോടും ചെയ്തത്. കുറ്റം ചെയ്‌തെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ മകനെ തൂക്കികൊല്ലട്ടെന്നും താന്‍ അതില്‍ ഇടപെടില്ലെന്നും നിസാം ഹമീദ് പറഞ്ഞു.


കൊലയ്ക്ക്ശേഷം അടുക്കളയില്‍ നിന്ന് ഗ്യാസ് കുറ്റി എടുത്തു കൊണ്ട് വന്ന് ഗ്യാസ് തുറന്നു വിടുകയും ഷീബയെയും സാലിയെയും ഷോക്കടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 


കേസിന്റെ അന്വേഷണത്തിന് പൊലീസുമായി പരിപൂര്‍ണമായി സഹകരിക്കും. ആവശ്യമായ തെളിവുകള്‍ ലഭ്യമാക്കാനും മറ്റ് കാര്യങ്ങള്‍ക്കും തന്റെ എല്ലാ സഹായവുമുണ്ടാകുമെന്നും നിസാം ഹമീദ് വെളിപ്പെടുത്തി.


അതേസമയം, പിടിയിലായ മുഹമ്മദ് ബിലാല്‍ ബുദ്ധിമാനായ ക്രിമിനലാണെന്ന് പൊലീസ് വെളിപ്പെടുത്തി. ബിലാലിന്റെ പിതാവ് നിസാം ഹമീദ് മകനെ ഒരു തരത്തിലും പിന്തുണക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.


കോട്ടയം താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബ സാലി (60) യെയാണ് കഴിഞ്ഞ ദിവസം മുഹമ്മദ് ബിലാല്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലി(65)ക്ക് ബിലാലിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. 


കൊല നടത്തി സ്വര്‍ണവും പണവും അപഹരിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്തിയ ബിലാല്‍, താന്‍ മുമ്ബ് പഠിച്ച സ്‌കൂളിന് സമീപം വാഹനം ഉപേക്ഷിച്ച്‌ എറണാകുളത്തേയ്ക്ക് കടന്നു. ഇടപ്പള്ളിയില്‍ ഒരു ഹോട്ടലില്‍ ജോലി തേടിയെത്തിയ ഇയാളെ ഇവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.

.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക