Image

സുശാന്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് അമ്മയെ കുറിച്ച്

Published on 14 June, 2020
സുശാന്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് അമ്മയെ കുറിച്ച്

ബോളിവുഡ് യുവനടന്മാരില്‍ ഏറെ പ്രതീക്ഷ പകര്‍ന്നിരുന്ന സുശാന്ത് സിങ് രജ്‌പുത്ന്റെ ആത്മഹത്യ  വാര്‍ത്ത പ്രേക്ഷകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.


 താരത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തില്‍ മരിച്ചുപോയ അമ്മയെ കുറിച്ചാണ് ജൂണ്‍ മൂന്നിന് ഷെയര്‍ ചെയ്ത പോസ്റ്റില്‍ സുശാന്ത് പറയുന്നത്.


2002ലാണ് സുശാന്ത് സിങ് രജ്പുതിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം രജ്‌പുത് കുടുംബത്തെ ആകെ തളര്‍ത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും പാട്ന വിട്ട് ദില്ലിയിലേക്ക് കൂടുമാറിയത്.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളര്‍ത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച്‌ സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്.


പാട്നയിലാണ് സുശാന്ത് ജനിച്ചുവളര്‍ന്നത്. സുശാന്തിന്റെ സഹോദരിമാരില്‍ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.



സീരിയലുകളിലൂടെയാണ് സുശാന്ത് സിങ് രജ്പുത് തന്റെ കരിയര്‍ ആരംഭിച്ചത്. സ്റ്റാര്‍ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദില്‍' എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് വന്ന 'പവിത്ര റിഷ്ത' എന്ന സീരിയല്‍ സുശാന്തിനെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി.


'കൈ പോ ചെ' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ 'ശുദ്ധ് ദേശി റൊമാന്‍സ്' (2013), ആക്ഷന്‍ ത്രില്ലര്‍ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.



ആമിര്‍ ഖാനും അനുഷ്ക ശര്‍മ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ 'പികെ'യിലെ സര്‍ഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ 'എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി'യില്‍ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാര്‍നാഥ്, ചിച്ചോര്‍ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക