Image

നയന്‍സിന്റെ ഫോട്ടോഗ്രാഫറായി മമ്മൂട്ടി, ചിരിയടക്കാനാകാതെ താരസുന്ദരി

Published on 14 June, 2020
നയന്‍സിന്റെ ഫോട്ടോഗ്രാഫറായി മമ്മൂട്ടി, ചിരിയടക്കാനാകാതെ താരസുന്ദരി
അഭിനയത്തിനൊപ്പം മറ്റ് പല ഇഷ്ടങ്ങളുമുള്ള താരമാണ് മമ്മൂട്ടി. ഡ്രൈവ് ചെയ്യാനും പുതിയ ഫോണുകളെ കുറിച്ച് പഠിക്കാനും മമ്മൂട്ടിക്ക് പ്രത്യേക താല്‍പര്യമുള്ളതായി സിനിമയിലെ സുഹൃത്തുക്കള്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട ഒരു കാര്യമാണ് ഫോട്ടോഗ്രഫി.

സിനിമാസുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ നാം കണ്ടിട്ടുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. താരസുന്ദരി നയന്‍താരയുടെ ഫോട്ടോഗ്രാഫറുടെ റോളിലാണ് മമ്മൂട്ടി ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഭാസ്‌കര്‍ ദ റാസ്‌കല്‍' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സിനിമ സെറ്റിലെ ഇടവേളയില്‍ നയന്‍സിന്റെ ഫോട്ടോ പകര്‍ത്തുകയാണ് മമ്മൂട്ടി.

യഥാര്‍ത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിര്‍ത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോള്‍ കൂടി ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ഫോട്ടോ എടുക്കുമ്പോള്‍ വളരെ കൂളായി പോസ് ചെയ്യുന്ന നയന്‍സിനെയും വീഡിയോയില്‍ കാണാം. ഫോട്ടോയെടുത്ത ശേഷം മമ്മൂട്ടി ക്യാമറ കൈമാറുന്നു. പിന്നീട്, നയന്‍താരയ്ക്കൊപ്പം നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മമ്മൂട്ടി മറന്നില്ല. മമ്മൂട്ടി തന്റെ അരികിലെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുകണ്ട് നയന്‍സും ചിരിക്കുന്നു.
മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിച്ച 'ഭാസ്‌കര്‍ ദ റാസ്‌കല്‍' സംവിധാനം ചെയ്തത് സിദ്ദിഖ് ആണ്. 2015 ലെ വിഷുവിന് പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ വിജയമായിരുന്നു. ബാലതാരങ്ങളായ അനിക, സനൂപ് സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സിനിമയിലെ 'ഐ ലവ് യു മമ്മി' എന്ന ഗാനം യുട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മൂട്ടി-നയന്‍താര ജോഡി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2005 ല്‍ 'തസ്‌കരവീരന്‍' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട്, രാപകല്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം നയന്‍സ് അഭിനയിച്ചു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക