Image

തെളിവ് (കവിത: സുഹ്‌റ പടിപ്പുര)

Published on 21 June, 2020
തെളിവ് (കവിത: സുഹ്‌റ പടിപ്പുര)
പൗരത്വത്തിനുള്ള തെളിവെടുപ്പിൽ,
കിടന്ന ഗർഭപാത്രത്തിന്റെ 
വിസ്തീർണവും ചുറ്റളവും
ചോദിക്കുന്നവരോട്,
'ഞാൻ  ഇനി ജനിയ്ക്കാൻ
പോകുന്നതേ ഉള്ളൂ ' എന്ന്  മുഖത്തുനോക്കിപ്പറയണം..
നീയും  ഞാനും,
പുറത്താക്കപ്പെടുന്നവരുടെ ലിസ്റ്റിലെ
ഒന്നാം നമ്പറുകാരാകുമ്പോൾ
നമ്മളിനി ആരെയാണ്
ഭയക്കേണ്ടത് ..?

ഉറയുന്ന തണുപ്പിലെ   
ഇരുളടഞ്ഞ വഴികളിൽ 
'ഇനിയെങ്ങോട്ട് 'എന്ന ഭീതി വിഴുങ്ങി
വിറങ്ങലിച്ച് നിൽക്കുന്നവരുടെ- ഹൃദയങ്ങളിലേക്ക് ,
'ഞങ്ങളുമുണ്ട്  കൂടെയെന്ന് '
ഉറക്കെ മുദ്രാവാക്യം വിളിച്ച്
ലോങ് മാർച്ച് നടത്തണം..
ഒലിച്ചു പോകുന്നത്
ചവിട്ടി നിൽക്കുന്ന
മണ്ണാണെന്ന തിരിച്ചറിവിൽ, 
തെരുവുകളിലേക്കിറങ്ങി 
ഒച്ചയിട്ടുകൊണ്ടേയിരിക്കണം..

'ജനിച്ചതിവിടെയെങ്കിൽ
മരിച്ചുവീഴുന്നതുമിവിടെ' യെന്ന്
ഇടർച്ചയില്ലാതെ 
ഉറക്കെപ്പറയുന്നവർക്ക് 
ഒരു കുല റോസാപ്പൂക്കൾ
സമ്മാനമായി നൽകണം ;
തോക്കിൻ കുഴലുകൾ 
ഉന്നം വയ്ക്കുമ്പോൾ
പരിചയാക്കാൻ അതിനേക്കാൾ
നല്ലൊരായുധം വേറേയില്ലല്ലോ. . !

പിറന്ന വീടും ജനിച്ചനാടും,
ഇതുവരെ കണ്ടതും കേട്ടതുമെല്ലാം 
മിഥ്യയായിരുന്നെന്നറിയുമ്പോഴും
ചെറുപ്പത്തിൽ ഏറ്റുചൊല്ലിയ-
ഓർമയിൽ,
വീണ്ടും  കേൾക്കാൻ -
കൊതിക്കുന്ന  വാക്കായി
'നമ്മൾ ഇന്ത്യക്കാരെന്ന്  '
പിന്നെയും പിന്നെയും  ഉറക്കെ
പറഞ്ഞുകൊണ്ടേയിരിക്കാം.. !!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക