Image

വിശപ്പ് (കവിത: രേഷ്മ ജഗൻ)

Published on 21 June, 2020
വിശപ്പ് (കവിത: രേഷ്മ ജഗൻ)
അടിവയറ്റിലൊരു മുറിവേറ്റ
പ്രാണന്റെ വേദന
പെരുവിരലിൽ നിന്ന് തലച്ചോറിലേക്കൊരു
മിന്നൽപ്പിളർപ്പിരച്ചു
കയറിയ പോലെ

തൊണ്ടയിലെ ഉമിനീരും വറ്റിവരണ്ടു
അടിപതറിയപ്പോൾ തളർന്നുവീഴുമ്പോൾ
കണ്ണുകൾ പരതിയതൊരു
കൈത്താങ്ങിനല്ല

രുചിയും നിറവും മണവും
ഇല്ലാത്ത ഒരുപിടി അന്നം
ഗുണവും മണവും വേർതിരിക്കാത്ത
ഒരിറ്റു വെള്ളം

*********

വീടിനകത്തളങ്ങൾ സ്നേഹത്തേക്കാൾ
മുന്തിയ ലഹരികൾ സ്ഥാനം പിടിച്ചപ്പോൾ
പച്ചക്കറികളും പലവ്യഞ്ജനങ്ങളും
നീണ്ട സമരത്തിനു തയ്യാറായി
അടുക്കള ബഹിഷ്കരിക്കപ്പെട്ടു

ഒട്ടിയ വയറുകൾ വ്രതമെന്നു
കള്ളം പറഞ്ഞു കുഞ്ഞുമിഴികളിൽ
വിശപ്പിന്റെ നിലവിളിയുയർന്നു

സമാനഹൃദയങ്ങൾ കൈകൾ കോർത്തു
നെടുവീർപ്പുകളുയർത്തിയപ്പോൾ
പിന്നാമ്പുറങ്ങളിൽ ലഹരിമോന്തിയവർ
ആടിത്തിമർത്തു

ബാധ്യതകളും ഭീതിയും പരിധി ലംഘിച്ചപ്പോൾ
കണ്ണുകളാൽ പലരും  കാഞ്ചിവലിച്ചപ്പോൾ
തലകുനിച്ചിറങ്ങി
ഭൂമിയൊരു വാടകവീടെന്നറിഞ്ഞ നിമിഷം

മുന്നിൽ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന്
പറയാതെ പറഞ്ഞ കണ്ണുകൾ
പോറ്റമ്മയിലും പെറ്റമ്മയുടെ
മഹത്വമറിഞ്ഞ നിമിഷം

ഓർമ്മകളിൽ ഇപ്പോഴും
ഉള്ളൊന്നു പിടക്കും മിഴികൾ ഈറനണിയും
സ്വർഗത്തിൽ നിന്നൊരു
മാലാഖ വന്നതോർക്കും
ഹൃദയത്തിൽ ദൈവസാന്നിദ്ധ്യമറിഞ്ഞ
നിമിഷം

ഒരുതിരിച്ചറിവിന്‌
ജാതിയും മതവും അതിരു വച്ചിടത്ത്
നന്മ വറ്റാത്ത മനസ്സുകൾ
പിറവിയെടുത്തിട്ടുണ്ട്
വിശപ്പിന്റെ വിലയറിയുന്നവർ.......
കല്ലിൽ കൊത്തിയതിനെക്കാൾ
ശക്തിയുള്ള ദൈവങ്ങൾ
മരണം വരെ മറവിക്ക്
വിട്ടുകൊടുക്കാത്ത സത്യങ്ങൾ
വിശപ്പ് (കവിത: രേഷ്മ ജഗൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക