Image

ഫോമാ ഇലക്ഷന്‍ രംഗം വീണ്ടും ഉഷാറാകുന്നു; പല സ്ഥാനത്തിനും ഒന്നിലേറേ സ്ഥാനാര്‍ഥികള്‍

Published on 25 June, 2020
ഫോമാ ഇലക്ഷന്‍ രംഗം വീണ്ടും ഉഷാറാകുന്നു; പല സ്ഥാനത്തിനും ഒന്നിലേറേ സ്ഥാനാര്‍ഥികള്‍

സെപ്റ്റംബര്‍ 6-നു ഫിലഡല്ഫിയയില്‍ വച്ച് ഫോമാ ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ മല്‍സര രംഗം പെട്ടെന്നു സജീവമായി. ഫോണ്‍ വിളികളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളും തക്രുതിയായി മുന്നേറുന്നു

ഒട്ടേറെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം ആരൊക്കെ പിന്മാറുമെന്നു ഇനിയും വ്യക്തമല്ല.

ജോര്‍ജ് മാത്യു ചീഫ് ഇലക്ഷന്‍ കമ്മീഷണറും സണ്ണി പൗലോസ്, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവര്‍ കമ്മീഷണര്‍മാരുമായ സമിതിയാണു ഇലക്ഷന്‍ നടത്തുക

സ്ഥാനാര്‍ഥികളുടെ ഭാഗികമായ ലിസ്റ്റ്

പ്രസിഡന്റ്
അനിയന്‍ ജോര്‍ജ് (ന്യു ജെഴ്സി)
ഡോ. തോമസ് കെ. തോമസ് (കാനഡ)
സണ്ണി കൈതമറ്റം (ഫ്‌ലോറിഡ)

ജനറല്‍ സെക്രട്ടറി
സ്റ്റാന്‍ലി കളത്തില്‍ (ന്യു യോര്‍ക്ക്)
ഉണ്ണിക്രുഷ്ണന്‍ (ഫ്‌ലോറിഡ)

വൈസ് പ്രസിഡന്റ്
പ്രദീപ് നായര്‍ (ന്യു യോര്‍ക്ക്)
സിജില്‍ പാലക്കലോടി (കാലിഫോര്‍ണിയ)
രേഖാ ഫിലിപ്പ് (ഫിലഡല്ഫിയ)
ജോമോന്‍ കുളപ്പുരക്കല്‍ (ഫ്‌ലോറിഡ)
ഫിലിപ്പ് ചെറിയാന്‍ (ന്യു യോര്‍ക്ക്)

ജോ. സെക്രട്ടറി
ജോസ മണക്കാട്ട് (ചിക്കാഗോ)

ജോ. ട്രഷറര്‍
ജോസ് സെബാസ്റ്റ്യന്‍ (ഫ്‌ലോറിഡ)
തോമസ് ചാണ്ടി (ഫിലഡല്ഫിയ)
ബിജു തോണിക്കടവില്‍ (ഫ്‌ലോറിഡ)

വനിതാ പ്രതിനിധി
ജൂബി വള്ളിക്കളം(ചിക്കാഗോ)

ആര്‍.വി.പി
ബൈജു വര്‍ഗീസ്-ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍
ജോണ്‍ പാട്ടപ്പതി -ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍
സോണി കണ്ണോട്ടുതറ- സണ്‍ ഷൈന്‍ റീജിയണ്‍
എബി ആനന്ദ്-സണ്‍ ഷൈന്‍ റീജിയണ്‍
വില്‍സണ്‍ ഉഴത്തില്‍-സണ്‍ ഷൈന്‍ റീജിയണ്‍

അഡൈ്വസറി ബോര്‍ഡ് ചെയര്‍
ജോണ്‍ സി. വര്‍ഗീസ് (സലിം)
പോള്‍ സി. മത്തായി
സണ്ണി ഏബ്രഹാം

യൂത്ത് റെപ്രസെന്റേറ്റിവ്
കാല്‍വിന്‍ കവലയ്ക്കല്‍

നാഷണല്‍ കമ്മിറ്റി-സണ്‍ഷൈന്‍ റീജിയന്‍
ജോമോന്‍ ആന്റണി
ഔസേഫ് വര്‍ക്കി (വക്കച്ചന്‍)
ബിജു ആന്റണി

എതിരാളികളുണ്ടെങ്കിലും അനിയന്‍ ജോര്‍ജിന്റെവിജയം സുനിശ്ചിതമെന്നാണു പൊതു ധാരണ. മല്‍സരത്തിനൊന്നും താനില്ല എന്നാണു അനിയന്‍ ജോര്‍ജിന്റെ പ്രഖ്യാപിത നിലപാട് തന്നെ. മികച്ച സ്ഥാനാര്‍ഥി വന്നാല്‍ മാറികൊടുക്കാന്‍ പോലും മടിയില്ല.

താന്‍ മല്‍സരരംഗത്തു ഉറച്ചു നില്‍ക്കുന്നതായി അനിയന്‍ പറഞ്ഞു. എന്നു കരുതി പ്രചാരണവുമായി ഈ സമയത്ത് ആളുകളെ ശല്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. അതു പോലെ തനിക്ക് പാനലൊന്നും ഇല്ല. ആരു ജയിച്ചാലും അവരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കും

കലാസാംസ്‌ക്കാരിക സാമൂഹ്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജനസമ്മതി നേടിയ അനിയന്‍ ജോര്‍ജിനു വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയ, ഡെലവേര്‍ മലയാളി അസ്സോസിയേഷന്‍, സൗത്ത് ജെഴ്‌സി മലയാളി അസ്സോസിയേഷന്‍, കല ഫിലഡല്‍ഫിയ, കേരള സമാജം ഓഫ് ന്യൂജെഴ്‌സി എന്നിവ അവയില്‍ ചിലതു മാത്രം.

അതേ സമയം കാനഡയില്‍ ഇനിയും ഫോമാ കണ്‍ വന്‍ഷന്‍ നടത്തിയിട്ടില്ലെന്നും അതിനാല്‍ കാനഡക്ക് അവസരം നല്കണമെന്നുമുള്ള വാദവുമായാണു ഡോ. തോമസ് കെ. തോമസ് രംഗത്തുള്ളത്.

കാനഡയുള്‍പ്പെടെയുള്ള നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പ്രാദേശികമായി തുല്യനീതി പുലര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍ വിസ്തീര്‍ണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തേണ്ടത് തികച്ചും ന്യായമാണ്.

ഫൊക്കാന ഇതിനോടകം രണ്ടു കണ്‍വെന്‍ഷനുകള്‍ കാനഡയില്‍ നടത്തി. ഇതേ തുടര്‍ന്നാണ് അവിഭക്ത ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്റോ കണ്‍വെന്‍ഷന്‍ നടത്തിയ പ്രസിഡണ്ടായ ഡോ. തോമസ് തോമസ് ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനും ഫോമാ കണ്‍വെന്‍ഷന്‍ ഏറ്റെടുത്ത് നടത്താനും തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്.

രണ്ടു തവണമല്‍സര രംഗത്തു നിന്ന് താന്‍ ഒഴിഞ്ഞു കൊടുക്കുകയായിരുന്നുവെന്നു തോമസ് തോമസ് ഇ-മലയാളിയോടു പറഞ്ഞു. സംഘടനയുടെ നന്മ മാത്രമാണു താന്‍ നോക്കിയത്. ഇത്തവണയെങ്കിലും കാനഡയില്‍ കണ്വന്‍ഷന്‍ വരണം.

വിജയകരമായ കണ്‍വെന്‍ഷന്‍ നടത്താനുള്ള അനുകൂല കാലാവസ്ഥയാണ് ഇന്ന് കാനഡായിലുള്ളത്. ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റുകളുടെ പിന്തുണ, കലാ സാംസ്‌കാരിക സംഘടനകളുടെയും കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടല്‍-സുഖ സൗകര്യങ്ങള്‍ തുടങ്ങിയവ എല്ലാം അനുകൂല ഘടകങ്ങളാണ്.

പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഒര്‍ലാന്റോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ സജീവ പിന്തുണയോടുകൂടിയാണ് രംഗത്തു വന്നത്. നിലവില്‍ ഫോമ സണ്‍ഷൈന്‍ റീജിയന്‍ രാഷ്ട്രീയകാര്യ സമിതിയുടെ സബ് കോര്‍ഡിനേറ്ററും ഒരുമയുടെ ഉപദേശക സമിതി ചെയര്‍മാനുമാണ്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കളത്തില്‍ സ്റ്റാന്‍ലിയെ, ഫോമാ മെട്രോ റീജിയന്‍ ഒറ്റകെട്ടായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമായുടെ ജോയിന്റ് സെക്രെട്ടറിയായും, മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായും വ്യക്തിമുദ്ര പതിപ്പിച്ച സ്റ്റാന്‍ലി പ്രവര്‍ത്തന പരിചയവും, പ്രായത്തിന്റെ പക്വതയും, യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും ഉള്ള വ്യക്തി എന്നു മെട്രോ റീജിയന്‍ വിശേഷിപ്പിച്ചു

ഫോമയുടെ രൂപീകരണ കാലഘട്ടം മുതല്‍ ഫോമയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫ്‌ളോറിഡയില്‍ നിന്നുള്ള ടി. ഉണ്ണികൃഷ്ണനെ മാതൃസംഘടനയായ എം.എ.സി.എഫ്. ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. മലയാളി അസ്സോസ്സിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ പ്രസിഡന്റ്, ഫോമയുടെ രൂപീകരണ കമ്മറ്റിയില്‍ 2006-2008 കാലഘട്ടത്തില്‍ യൂത്ത് കമ്മറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2007-ല്‍ ചിക്കാഗോയില്‍ നടന്ന ഫോമാ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍, 2008 ഫെബ്രുവരിയില്‍ കേരളത്തില്‍ 4 ദിവസങ്ങളിലായി നടത്തിയ കേരളാ കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍, 2008-2009 കാലഘട്ടത്തില്‍ നടത്തിയ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ നാഷണല്‍ കോ-ചെയര്‍.

എമ്പയര്‍ റീജിയന്‍ ന്യൂയോര്‍ക്കിന്റെ പൊതുയോഗം മുന്‍ ആര്‍.വി.പി പ്രദീപ് നായരെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഐക്യകണ്‌ഠ്യേന എന്‍ഡോഴ്‌സ് ചെയ്തു. ഫോമയുടെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായ പ്രദീപ് നായര്‍ 2008 - 2010-ല്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായി മികച്ച പ്രകടനം കാഴ്ചവെച്ചു . ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വന്‍ഷന്‍ ചെയര്‍, ട്രഷറര്‍, സെക്രട്ടറി, നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫ്‌ളോറിഡ നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ ആര്‍വിപി എന്നീ നിലകളില്‍ നിസ്തുല സേവനം കാഴ്ചവെച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മികവ് തെളിയിച്ച നേതൃത്വപാടവുമായാണു സിജില്‍ പാലക്കലോടി എത്തുന്നത്. സിജിലിനെ സര്‍ഗ്ഗം മലയാളി അസോസിയേഷനാണ് ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്

മികച്ച സംഘാടക എന്ന ഖ്യാതി നേടിയ രേഖ ഫിലിപ്പ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ആദ്യകാല അസ്സോസിയേഷനുകളില്‍ ഒന്നായ ഫിലാഡല്‍ഫിയയിലെ കല ജനറല്‍ സെക്രെട്ടറി ആയിരുന്നു. ഫോമാ വനിതാ പ്രതിനിധി എന്ന നിലയിലും അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി എന്ന നിലയിലും മികവു കാട്ടി

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോമോന്‍ കുളപ്പുരക്കല്‍ മത്സരിക്കുന്നു. ഫോമയുടെ പിറവി മുതല്‍ ഫോമയെന്ന സംഘടനയോടൊപ്പം മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമാണ് ജോമോന്‍.
ജോമോന് ഫോമയുടെ എല്ലാ റീജിയനുകളിലും വിപുലമായ ഒരു സൗഹൃദവലയമുണ്ട്.

ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുമെന്ന് റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍. പാനലില്‍ ചേരില്ല. ഉണ്ട്, ഇനിയൊരു അങ്കത്തിനു ബാല്യമുണ്ട്.. ഫിലിപ്പ് ചെറിയാന്‍ പറയുന്നു.

വൈസ് പ്രസിഡന്റായി മല്‍സരിക്കുമെന്നു ആദ്യമെ പ്രഖ്യാപിച്ച അറ്റ്ലാന്റയില്‍ നിന്നുള്ള റെജി ചെറിയാന്റെ ആകസ്മിക നിര്യാണം സംഘടനയെ പിടിച്ചുലച്ചിരുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് ടി ഉമ്മന്‍ മല്‍സരിക്കുന്നു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, നാഷണല്‍ കമ്മറ്റിയംഗം, ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍, ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ ഇദ്ദേഹം ഇപ്പോള്‍ ഫോമായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്.ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ ഒറ്റകെട്ടായി തോമസ് റ്റി ഉമ്മനെ ട്രഷറര്‍ സ്ഥാനത്തേക്ക് നാമനിദ്ദേശം ചെയ്തിട്ടുണ്ട്.

ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി വെസ്റ്റേണ്‍ റീജനിലെ പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുന്നു. ലാസ് വേഗസില്‍ നടത്തിയ ആദ്യ ഫോമാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായിരുന്നു. ഫോമയുടെ കേരള ഭവന പദ്ധതി, അമേരിക്കന്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നിവയുടെ ചരിത്ര വിജയത്തിന്റെ അമരക്കാരന്‍ പോള്‍ ജോണ്‍ ആയിരുന്നു.

ജോ. സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ചിക്കാഗോയില്‍ നിന്നും ജോസ് മണക്കാട്ട് മത്സരിക്കുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടു കൂടിയാണു ഈ യുവ സാരഥി ഫോമയുടെ അമരത്തേക്ക് കടന്നു വരുന്നത്. റീജിയണല്‍ തലത്തിലും, നാഷണല്‍ തലത്തിലും ഫോമയ്ക്ക് ഒരു വാഗ്ദാനമാണ് ജോസ് മണക്കാട്ട്.

ജോ. ട്രഷറര്‍ സ്ഥാനത്തേക്ക് സൗത്ത് ഫ്‌ളോറിഡയില്‍ നിന്നും ജോസ് സെബാസ്റ്റ്യന്‍ വീണ്ടും മത്സരിക്കുന്നു. കഴിഞ്ഞ തവണ ഇതേ സ്ഥാനത്തേക്ക് മത്സരിച്ച ജോസ് നിസാര വോട്ടുകള്‍ക്കാണ് പരാജപെട്ടത്. പരാജയപ്പെട്ടെങ്കിലും ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയെ ജോയിന്റ് ട്രഷററായി മത്സരിപ്പിക്കുവാന്‍ മാപ്പ് പ്രസിഡന്റ് അനു സ്‌കറിയായുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു . കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവില്‍ കോളേജ് രാഷ്ട്രീയത്തിലൂടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചു

ഫോമാ വില്ലേജ് പ്രോജക്ട് കോ -ഓര്‍ഡിനേറ്ററും, സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റുമായ ബിജു തോണിക്കടവിലിനെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് നാമനിര്‍ദേശം ചെയ്തു.

ഷിക്കാഗോയിലെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം വനിതാ പ്രതിനിധി ആയി മല്‍സരിക്കുന്നു. ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡംഗം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും തന്റെ നേതൃപാടവം തെളിയിച്ച വ്യക്തിയാണ്. ഷിക്കാഗോ കണ്‍വെന്‍ഷനില്‍ വെല്‍ക്കം പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത് പ്രശംസ നേടിയിരുന്നു.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വര്‍ഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയെ പ്രതിനിധീകരിച്ചാണ് ബൈജു വര്‍ഗീസ് ഈ സ്ഥാനത്തേക്ക് എത്തുന്നത്.

കഴിഞ്ഞ 23 വര്‍ഷമായി ഷിക്കാഗോയിലെ എല്ലാ മലയാളി സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായ ജോണ്‍ പാട്ടപ്പതി ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പിയായി മത്സരിക്കുന്നു. നിലവില്‍ ഫോമാ നാഷണല്‍ കൗണ്‍സില്‍ (2018 2020) അംഗമാണ്. ഷിക്കാഗോയില്‍ 2018-ല്‍ നടന്ന ഫോമ കണ്‍വന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.

ഫോമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ സി. വര്‍ഗീസിനെ (സലീം) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ നാമനിര്‍ദേശം ചെയ്തു.

ഫോമയുടെ സീനിയര്‍ നേതാവായ പോള്‍ സി. മത്തായി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ആയി മല്‍സരിക്കുന്നു. ഫോമാ ജൂഡിഷ്യല്‍ കൗണ്‍സില്‍ അംഗമായി നാലു വര്‍ഷവും ചെയര്‍ ആയി നാലു വര്‍ഷവും പ്രവര്‍ത്തിച്ചു. നാഷനല്‍ കമ്മിറ്റി അംഗവുമായിരുന്നു.

ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന പ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ കല നോമിനേറ്റ് ചെയ്തു.

ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കാല്‍വിന്‍ കവലയ്ക്കല്‍ യൂത്ത് റപ്രസെന്റേറ്റീവായി ജനവിധി തേടുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ബാനറിലാണ് കാല്‍വില്‍ ഗോദയിലിറങ്ങിയിട്ടുള്ളത്.

നാഷണല്‍ കമ്മിറ്റിയിലേക്ക് ജോമോന്‍ ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും മത്സരിക്കുന്നു. തന്റെ മാതൃസംഘടനയായ റ്റാമ്പാമലയാളി അസോസിയേഷന്‍ ആണ് ജോമോന്‍ ആന്റണിയെ ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തത്.

സണ്‍ഷൈന്‍ റീജിയനില്‍ നിന്നും നാഷണല്‍ കമ്മിറ്റിയിലേക്ക് മയാമി മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ഔസേഫ് വര്‍ക്കി (വക്കച്ചന്‍) മത്സരിക്കുന്നു.

അക്കാദമിക്ക്, സംഘടനാ രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ബിജു ആന്റണി നാഷണല്‍ കമ്മിറ്റി അംഗമായി ഫ്‌ലോറിഡ സണ്‍ ഷൈന്‍ റീജിയണില്‍ നിന്നും മത്സരിക്കുന്നു.

സണ്‍ ഷൈന്‍ റീജിയണ്‍ന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണി കണ്ണോട്ടുതറ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഒര്‍ലാണ്ടോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചാണു ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്
(തുടരും)

Join WhatsApp News
Shalu Punnoose 2020-06-25 15:16:47
MAP president is not Anu, Shalu Punnnoose is the 2020 president
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക