Image

കോവിഡ് ഭീതിയില്‍ മൃതദേഹം ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

Published on 05 July, 2020
കോവിഡ് ഭീതിയില്‍ മൃതദേഹം ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
ബംഗളൂരു: കോവിഡ് ബാധിച്ചെന്ന് കരുതി മൃതദേഹത്തോട് ആരോഗ്യപ്രവര്‍ത്തകരുടെ അവഗണനയും ജാഗ്രതക്കുറവും. ഹാവേരിയില്‍ മരിച്ച 45 കാരനെ പൊതിഞ്ഞുകെട്ടി മൂന്നുമണിക്കൂറോളം ബസ്‌സ്‌റ്റോപ്പില്‍ വെച്ചതിന്‍െറ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹാവേരി റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബസ്‌സ്‌റ്റോപ്പിലാണ് പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ മൃതദേഹം കിടത്തിയത്. 

ഒരാഴ്ചയായി പനിബാധിതനായിരുന്ന 45കാരന്‍  റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ജൂണ്‍ 28 നാണ് ഇയാളുടെ സ്രവം പരിശോധനക്കെടുത്തത്. ഫലം വാങ്ങാന്‍ ശനിയാഴ്ച രാവിലെ 11 ഓടെ എത്തിയെങ്കിലും കിട്ടിയില്ല. ആശുപത്രിക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരെത്തി പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് പകരം അവിടെത്തന്നെ ഉപേക്ഷിച്ചു.

കോവിഡ് ബാധിച്ച് മരിച്ചയാള്‍ എന്ന നിലയിലായിരുന്നു ഇവര്‍ പെരുമാറിയതത്രെ. മൂന്നുമണിക്കൂറിന് ശേഷം സംസ്കാരത്തിന് കൊണ്ടുപോകാന്‍ വീണ്ടും ജീവനക്കാരെത്തുമ്പോഴേക്കും സംഭവത്തിന്‍െറ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹാവേരി ഡീഷനല്‍ ഡെപ്യൂട്ടി കമീഷണര്‍ എസ്. യോഗീശ്വര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക