Image

നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും: എക്‌സൈസും അന്വേഷണം തുടങ്ങി

Published on 06 July, 2020
നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും: എക്‌സൈസും അന്വേഷണം തുടങ്ങി
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയ്ക്കു സമീപം രാജാപ്പാറയിലുള്ള റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും സംഘടിപ്പിച്ച സംഭവത്തില്‍ എക്‌സൈസ് അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മുംബൈയില്‍ നിന്നു നര്‍ത്തകിമാരെത്തിയതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നത്. നര്‍ത്തകിമാരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്.ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാജാപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ്‍ 28നാണ് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യ സല്‍ക്കാരവും നടത്തിയത്. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശാനുസരണമാണ് ഉടുമ്പന്‍ചോല എക്‌സൈസ് അന്വേഷണം ആരംഭിച്ചത്. പരിശോധനയില്‍ നിയമലംഘനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് എക്‌സൈസ് സംഘം അറിയിച്ചു. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം സംഘടിപ്പിച്ച വിരുന്നിനായി എറണാകുളം ജില്ലയില്‍ നിന്നു പ്രത്യേക വാഹനത്തിലാണ് മുന്തിയ ഇനം മദ്യം എത്തിച്ചത്.

പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ഒരുക്കിയിരുന്ന ഓരോ ടേബിളുകളിലും മദ്യത്തിന്റെ 5 ലീറ്റര്‍ കുപ്പി ഒരുക്കിയിരുന്നതായും ഇതു കൂടാതെ ആയിരങ്ങള്‍ വിലയുള്ള വിദേശ മദ്യത്തിന്റെ നൂറിലധികം കുപ്പികള്‍ എത്തിച്ചിരുന്നതായുമാണ് വിവരം. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയത് വിവാദമായതോടെ അനധികൃതമായി നടത്തിയ മദ്യ സല്‍ക്കാരത്തിനെതിരെയും നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ മദ്യം വിളമ്പിയതിനു തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു ഉടുമ്പന്‍ചോല എക്‌സൈസിന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക