Image

കോവിഡ്: തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരം

Published on 06 July, 2020
കോവിഡ്: തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരം
തിരുവനന്തപുരം : ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമെന്നു മേയര്‍ കെ.ശ്രീകുമാര്‍.  പൂന്തൂറയില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സമ്പര്‍ക്കം വഴി രോഗം ബാധിച്ചതില്‍ കൂടുതല്‍ പേര്‍ പൂന്തൂറ , മണക്കാട് ഭാഗങ്ങളിലാണ്. ഇതില്‍ തീരദേശമേഖലയായ പൂന്തൂറയില്‍ ആറു പേര്‍ക്ക് ഉറവിടം അറിയാത്തതോ , സമ്പര്‍ക്കംവഴിയോ രോഗബാധയുണ്ടായത്. ഇത് അതീവ ആശങ്കയുണര്‍ത്തുന്ന കണക്കാണ്. തീരദേശ മേഖലയില്‍ കൂടുതല്‍ പേരിലേക്ക് രോഗബാധയുണ്ടായാല്‍ ജില്ലയെ പൂര്‍ണമായും ഇത് ബാധിക്കും.

മണക്കാടും സമാനമായ സ്ഥിതിയാണ്. അപകടകര സ്ഥിതി കണക്കിലെടുത്ത് പരിശോധന കൂടുതല്‍ വ്യാപിക്കും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് രോഗബാധയുണ്ടായതിനാല്‍ മുഴുവന്‍ വിതരണക്കാര്‍ക്കും പൂന്തൂറ മേഖലയിലും ആന്റിജന്‍ പരിശോധന നടത്തും. വിമാനത്താവളത്തിലും ആന്റിജന്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വന്നേക്കാം. നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം കോര്‍പറേഷന്‍ നിരോധിച്ചു.

കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ഇന്നലെ. ആകെ 38 പേര്‍ക്കാണു സമ്പര്‍ക്കത്തിലൂടെ രോഗബാധ. ഇതില്‍ 22 പേരും തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കോവിഡ് രോഗബാധയും ഇന്നലെയായിരുന്നു; 225 പേര്‍. ഏറ്റവുമധികം പേര്‍ക്ക് സ്ഥിരീകരിച്ചത് ശനിയാഴ്ച; 240 പേര്‍. ഇന്നലെ 126 പേര്‍ രോഗമുക്തരായി.

ഇന്നലെ രോഗം ബാധിച്ച 225 പേരില്‍ 117 പേര്‍ വിദേശത്തു നിന്നും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ജില്ലയിലെ 7 ഡിഎസ്‌സി ജവാന്‍മാര്‍ക്കും 2 സിഐഎസ്എഫ് ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബിഎസ്എഫുകാര്‍ക്കും 2 കപ്പല്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു. ഇതുകൂടി കണക്കാക്കിയാല്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം 51 ആകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക