Image

ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രക്ഷിക്കാൻ ശ്രമിക്കുന്നു: ശോഭാ സുരേന്ദ്രന്‍

Published on 06 July, 2020
ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രക്ഷിക്കാൻ ശ്രമിക്കുന്നു: ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങള്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് ഉപയോഗിക്കുന്ന നിരവധി സംഭവങ്ങള്‍  പുറത്തു വന്നിട്ടുണ്ടെന്നും അതില്‍ അവസാനത്തേതാണ് ഇപ്പോഴത്തെ അതീവഗുരുതരമായ സ്വര്‍ണ്ണക്കടത്തെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അതിന്റെ കണ്ണികള്‍ ചെന്നു നില്‍ക്കുന്നത് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും അവര്‍ ആരോപിക്കുന്നു.

അതിലെ രാജ്യാന്തര ബന്ധങ്ങള്‍ മറനീക്കി പുറത്തു വരുന്നു എന്നതും നിസ്സാരമല്ല. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ് വേണ്ടത്.

ഒരു വശത്ത് സ്വര്‍ണ്ണക്കടത്തു പിടികൂടിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അഭിനന്ദിക്കുന്നു, മറുവശത്ത്, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയിക്കുന്ന ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രക്ഷിക്കാൻ ശ്രമിക്കുന്നു.

അതിനേക്കുറിച്ചു ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരോടു മുഖ്യമന്ത്രി പതിവു ശൈലിയിൽ ധാർഷ്ട്യത്തോടെ തട്ടിക്കയറുന്നു. പിണറായിയുടെ ഓഫീസിനെ നാലു വര്‍ഷമായി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; പ്രളയദുരിതാശ്വാസ ഫണ്ടിൽ കൈയിട്ടുവാരുന്നവരെപ്പോലും സംരക്ഷിക്കുന്ന ഓഫീസല്ലേ. എല്ലാം ജനങ്ങളുടെ തലയില്‍ വച്ച് ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി രക്ഷപ്പെട്ടുവെന്ന് കരുതുന്ന സമീപനമാണു മുഖ്യമന്ത്രിയുടേത്. തല അകത്താണെങ്കിലും ഉടല്‍ പുറത്തുതന്നെ. സ്വന്തം വകുപ്പിലും താൻ തലവനായ സർക്കാരിലും നടക്കുന്നതൊന്നും അറിയാത്ത മുഖ്യമന്ത്രിയാണ് താങ്കളെങ്കിൽ ലജ്ജിക്കണം അതിൽ.

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ പത്തു വര്‍ഷമെങ്കിലും നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസുകളിലെ ദുരൂഹ ഉന്നത ബന്ധങ്ങളിലേക്കു പോകുന്ന കേന്ദ്രതല അന്വേഷണമാണു വേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക