Image

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമെന്ന്‌ ഷാജി കൈലാസ്‌; വിവാദങ്ങളില്‍ കഴമ്പില്ല

Published on 16 July, 2020
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമെന്ന്‌ ഷാജി കൈലാസ്‌;  വിവാദങ്ങളില്‍ കഴമ്പില്ല

പൃഥ്വിരാജ്‌ നായകനാകുന്ന കടുവ, പാലാ സ്വദേശി ജോസ്‌ കുരുവിനാക്കുന്നേലിനെ കുറിച്ചുള്ളതല്ലെന്ന്‌ സംവിധായകന്‍ ഷാജി കൈലാസ്‌. കടുവ ഒരു യുവ പ്‌ളാന്ററുടെ കഥയാണ്‌. ഇതിന്‌ ജോസുമായി ഒരു ബന്ധവുമില്ല. ആളുകള്‍ വെറുതേ വിവാദമുണ്ടാക്കുകയാണ്‌.'' ഷാജി കൈലാസ്‌ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

``എനിക്ക്‌ ജോസിനെ അറിയാം. അദ്ദേഹത്തെ കുറിച്ച്‌ ഒരു സിനിമയെടുക്കാന്‍ ഞാനും രണ്‍ജി പണിക്കരും തീരുമാനിച്ചതുമാണ്‌. എന്നാല്‍ ജിനുവിന്റെ തിരക്കഥ തീര്‍ത്തും വ്യത്യസ്‌തമാണ്‌. കടുവ ഒരു യുവ പ്‌ളാന്ററുടെ കഥയാണ്‌. ഇപ്പോള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളുകള്‍ വെറുതേ കാര്യമറിയാതെ വിവാദമുണ്ടാക്കുന്നതാണ്‌.'' ഷാജി കൈലാസ്‌ പറഞ്ഞു. 

താനും പൃഥ്വിരാജും മാത്രമാണ്‌ ഈ തിരക്കഥ വായിച്ചിട്ടുള്ളതെന്ന്‌ ഷാജി കൈലാസ്‌ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകനു വേണ്ടി എഴുതിയതാണ്‌. അത്‌ നടക്കാതെ വന്നപ്പോള്‍ തന്നിലേക്ക്‌ വന്നതാണ്‌. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ തികച്ചുംസാങ്കല്‍പ്പിക കഥാപാത്രമാണ്‌. ജോസിന്‌ എന്തു നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും രണ്ടുസിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

എഫ്‌.ഐ.ആര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ ജോസിനെ കാണുന്നതെന്നും ഷാജി കൈലാസ്‌ പറഞ്ഞു. രണ്‍ജി പണിക്കരാണ്‌ പിന്നീട്‌ ജോസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്നോടു പറയുന്നത്‌. എന്റെ സുഹൃത്താണ്‌ എന്നെ ജോസിന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടു പോയത്‌. അവിടെ ഷൂട്ട്‌ ചെയ്യാന്‍ പറ്റുമോ എന്നറിയാനായിരുന്നു അത്‌. എനിക്ക്‌ അദ്ദേഹത്തെയും വീടും ഇഷ്ടമായി. അല്‍പ്പനേരം ജോസുമായി സംസാരിക്കുകയും ചെയ്‌തു. 

അതിനു ശേഷം ഞാന്‍ രണ്‍ജിയോട്‌ ഇങ്ങനെ ഒരാളെ കണ്ടെന്നും പറഞ്ഞു. പിന്നീട്‌ രണ്‍ജി പണിക്കരുമായുള്ള ചര്‍ച്ചക്കിടെയാണ്‌ ജോസിനെ കുറിച്ച്‌ സിനിമയെടുക്കാമെന്ന ആലോചന വന്നത്‌. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ഷാജി കൈലാസിന്റെ സംവിധാനം നിര്‍വഹിക്കുന്ന വ്യാഘ്രം എന്ന ചിത്രത്തിലേക്കാണ്‌ ഈ കഥാപാത്രത്തെ നിശ്ചയിച്ചിരിക്കുന്നത്‌. 

പ്‌ളാന്റര്‍ കുറുവച്ചന്‍ എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്‌. എന്നാല്‍ ചില കാരണങ്ങളാല്‍ അത്‌ നടന്നില്ല. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം മോഹന്‍ലാലിനു വേണ്ടി 20 വര്‍ഷം മുമ്പ്‌ തയ്യാരാക്കിയ കഥാപാത്രമാണെന്ന്‌ രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു. 

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം ആരുടേയും സൃഷ്‌ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത്‌ ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്നു രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രമാണ്‌ ഷാജി കൈലാസ്‌ ആദ്യം സംവിധാനം ചെയ്യാന്‍ പ്രഖ്യാപിച്ച സിനിമ. ജീനു എബ്രഹാമാണ്‌ ഇതിന്റെ തിരക്കഥ. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും റിലീസ്‌ ചെയ്‌തു. 

അതിനു ശേഷം സുരേഷ്‌ ഗോപിയുടെ 250 ആം ചിത്രമായി ഒരു സിനിമ പ്രഖ്യാപിച്ചു. ഇതിന്റെ മോഷന്‍ ടീസറും റിലീസ്‌ ചെയ്‌തു.
എന്നാല തന്റെ കഥാപാത്രം കോപ്പിയടിച്ചെന്ന്‌ ആരോപിച്ചുകൊണ്ട്‌ ജിനു എബ്രഹാം കേസ്‌ നല്‍കി. തുടര്‍ന്ന്‌ സുരേഷ്‌ ഗോപിയുടെ 250 ആം ചിത്രമായി പ്രഖ്യാപിച്ച സിനിമയ്‌ക്ക്‌ കോടതി വിലക്ക്‌ ഏര്‍പ്പെടുത്തി. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര്‌ കോപ്പി റൈറ്റസ്‌ ആക്‌ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌. 

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇതു പരിഗണിച്ചാണ്‌ കോടതി സുരേഷ്‌ ഗോപി ചിത്രത്തിന്‌ വിലക്കേര്‍പ്പെടുത്തിയത്‌. 

എന്നാല്‍ തന്റെ അനുവാദമില്ലാതെ രണ്ടു സിനിമകളും പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനവുമായി കഥയിലെ കേന്ദ്രകഥാപാത്രമായ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത്‌ വന്നതോടെ രണ്ടു സിനിമകളും കുരുക്കിലായി. 

നേരത്തേ തന്റെ ജീവിതം സിനിമയാക്കുമ്പോള്‍ മോഹന്‍ലാലോ സുരേഷ്‌ഗോപിയോ അഭിനയിക്കുന്നതാണ്‌ താല്‍പ്പര്യമെന്ന്‌ ജോസ്‌ പറഞ്ഞിരുന്നു. 

തന്റെ ജീവിതം സിനിമയാക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ രണ്‍ജി പണിക്കര്‍ക്ക്‌ അനുമതി നല്‍കിയിരുന്നെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുമായി കുറുവച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ്‌ കഥയ്‌ക്ക്‌ ആധാരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക