Image

ഇന്ന് സിനിമയിലെഴുതുന്നുണ്ടെങ്കില്‍ അതിന് കാരണം അച്ഛന്‍; വിനീത് പറയുന്നു

Published on 16 July, 2020
ഇന്ന് സിനിമയിലെഴുതുന്നുണ്ടെങ്കില്‍ അതിന് കാരണം അച്ഛന്‍; വിനീത് പറയുന്നു


സംവിധായകനായുള്ള തന്റെ യാത്രയുടെ പത്താം വാര്‍ഷികത്തില്‍ ആരാധകരോടും സഹപ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് നടന്‍ വിനീത് ശ്രീനിവാസന്‍. 2010 ജൂലൈ പതിനാറിനാണ് അഞ്ച് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് തീയേറ്ററിലെത്തുന്നത്.

'മലര്‍വാടി പുറത്തിറങ്ങിയിട്ട് പത്ത് വര്‍ഷം. നന്ദി ദിലീപേട്ടാ എന്റെ ആദ്യ ചിത്രം നിര്‍മിച്ചതിന്. പ്രജിത്തേട്ടനും ടീമിനും നന്ദി, അന്ന് മുതല്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും നന്ദി. നന്ദി വിനോദേട്ടാ എന്നെ  ഗൈഡ് ചെയ്തതിന്. അച്ഛനെക്കുറിച്ച് എനിക്കെന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇന്ന് എനിക്ക് സിനിമകള്‍ക്കായി എഴുതാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് അച്ഛന്‍ എന്നെ പഠിപ്പിച്ചത് കൊണ്ടാണ്. എന്റെ ജീവിതത്തിലെ എന്നെ അത്ഭുതപ്പെടുത്തിയ രണ്ട് സ്ത്രീകള്‍ക്ക് നന്ദി, അമ്മയും ദിവ്യയും. എന്റെ ജീവിതത്തിലേക്കും ജോലിയിലേക്കും കടന്ന് വന്ന് മാറ്റങ്ങള്‍ കൊണ്ട് വന്ന ഓരോ വ്യക്തിക്കും നന്ദി. ഇത് വരെയുളളത് മനോഹരമായ യാത്രയായിരുന്നു-' വിനീത് കുറിച്ചു

നിവിന്‍ പോളി, അജു വര്‍ ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ , ഗീവര്‍ഗീസ് ഈപ്പന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത് . നെടുമുടി വേണു, ജഗതി , സലിം കുമാര്‍, ജനാര്‍ദ്ദനന്‍ , ശ്രീനിവാസന്‍, സൂരജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിനായി അണിനിരന്നു
വിനീത് തന്നെ തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചത് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് ആണ് . പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ഷാന്‍ റഹ്മാനും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക