Image

ചോക്ലേറ്റ് (കഥ: സന റബ്സ്)

Published on 27 July, 2020
ചോക്ലേറ്റ് (കഥ: സന റബ്സ്)

തുടുത്തുപഴുത്ത മുന്തിരിക്കുലകളെ കൈകളില്‍ ഞെരടിയുതിര്‍ത്ത് ആ  ചാറ്  നേരിട്ടുതന്നെ കേക്കിനു മുകളിലേക്കൊഴിച്ചു വസുന്ധര തന്റെ  കൈകള്‍ മൂക്കിനോടടുപ്പിച്ചു.

“ഹാ......” ആ ഗന്ധത്തില്‍ നിന്നും മുക്തയാകാന്‍ ഇഷ്ടമില്ലാതെ അവള്‍ ശ്വാസം ആഞ്ഞുവലിച്ചുകൊണ്ടിരുന്നു. പുറത്തേക്ക്  വിട്ടാല്‍ ആ മണം എന്നേക്കുമായി നഷ്ടപ്പെട്ടാലോ എന്നോര്‍ത്ത് .....

കാശ്മീരിലെ റജിമെന്റ്റ് ക്യാമ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ കിരണ്‍ ദത്തിന്റെ ക്വാര്‍ട്ടേഴ്സിലെ അടുക്കളയിലെ മൈക്രോവേവ് അവനിലേക്ക് ആ  കേക്ക് ബേക്ക് ചെയ്യാനായി വെച്ച നിമിഷം ഇരുന്നൂറ്റമ്പതോളം കിലോമീറ്റര്‍ അപ്പുറത്ത്  ഒരു റോയല്‍ എന്ഫീല്‍ഡ് ഹിമാലയന്‍ ബുള്ളറ്റിന്റെ ആകസിലേറ്ററില്‍ കാലമര്‍ന്നു.

വസുന്ധര  അടുക്കളയുടെ ജനല്‍ തുറന്നു. ഒക്ടോബറിന്റെ പ്രസരിപ്പില്‍ നിന്നും പതുക്കെ മഞ്ഞിന്‍റെ കമ്പിളിയിലേക്ക് കാശ്മീര്‍ കയറിത്തുടങ്ങുന്ന സമയം.

ജനലിലൂടെ നേര്‍ത്ത പുകപടലംപോലെ മഞ്ഞ് അകത്തുകയറി. അവള്‍ പെട്ടെന്ന് ജനലടച്ചു. ഡൈനിംഗ് മേശയില്‍ ഇരുന്ന ചെറിയും മുന്തിരിയും ഓറഞ്ചുമെടുത്ത് ഒന്നുകൂടി കഴുകി. പതുക്കെ ഓറഞ്ചല്ലികള്‍ അടര്‍ത്തിയെടുത്ത്  തേനിലേക്കിട്ടു.

കൈകള്‍ തുടച്ചു ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. അപ്പുറത്ത് കിരണിന്റെ ശബ്ദം കേട്ടു. “ഹാപ്പി ആനുവേഴ്സറി..” വസുന്ധര പറഞ്ഞു.

“ഹ..റിയലി..! ഫാന്റാസ്റ്റിക്... ഹാപ്പി ആനുവേഴ്സറി..” കിരണിന്റെ വാക്കുകളില്‍ അല്പം പരിഹാസമുണ്ടയിരുന്നോ എന്ന് വസുന്ധരയ്ക്ക്  തോന്നി.

“ഞാന്‍ കിരണിന് ഏറ്റവും ഇഷ്ടമുള്ള കേക്ക് ഉണ്ടാക്കുന്നു. നേരത്തെ വരണം....” മറുപടി കാക്കാതെ അവള്‍ ഫോണ്‍ വെച്ചു. പിന്നീട് കുട്ടയില്‍ നിന്നും രണ്ട് ഓറഞ്ചുകൂടി പൊളിച്ച് അല്ലികളെടുത്തു കുരുകളഞ്ഞ് കൈയ്യില്‍തന്നെ വെച്ച് പിഴിഞ്ഞു. മനോഹരമായ  നീണ്ട വിരലുകളിലൂടെ മഞ്ഞ നിറമുള്ള ചാറൊഴുകി വെളുത്ത ബൌളില്‍ തുള്ളിതുള്ളിയായി വീണു.

അപ്പോള്‍ ക്യാമ്പില്‍  സന്നി പിടിച്ചു വിറച്ചു തുള്ളിക്കിടക്കുന്ന ജവാന്‍റെ ഞരമ്പിലേക്ക് കിരണ്‍ ആന്റിബയോട്ടിക് തുള്ളികള്‍ അല്പാല്പം കയറ്റിവിടുകയായിരുന്നു.

വസുന്ധരയുടെ ഫോണ്‍ ശബ്ദിച്ചു. അപ്പുറത്ത് അവളുടെ അച്ഛനായിരുന്നു. ‘ഹാപ്പി ആനുവേഴ്സറി പറയാനാണോ പപ്പാ വിളിച്ചത്? ഞാന്‍ കേക്ക് ഉണ്ടാക്കികൊണ്ടിരിക്കയാണ് പപ്പാ..എന്തായാലും ഉണ്ടാക്കി കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം...അമ്മയോടും പറഞ്ഞേക്ക്.” പതിവില്ലാതെ മകളുടെ സ്വരത്തിലെ സന്തോഷം കേട്ട് മേജര്‍ സുരേന്ദര്‍ ഷെട്ടി അല്പം സംശയത്തോടെ ഫോണ്‍ വെച്ചു.

വസുന്ധരയുടെ പൂപോലുള്ള മുഖം കാണുമ്പോഴെല്ലാം അവളുടെ അമ്മയുടെ മുഖമാണെന്ന അഭിമാനം ഷെട്ടിയുടെ മനസ്സില്‍ അവള്‍ വളരുംവരെ ഉണ്ടായിരുന്നെന്ന് തോന്നുന്നു. എന്നാല്‍  ചെളിയിലോ ചായത്തിലോ മുക്കിയ തന്റെ കാലുകള്‍ വെളുത്ത പെയിന്റടിച്ച ചുമരില്‍ തേച്ച് അത് നോക്കിനിന്നാസ്വാദിക്കുന്ന മകളുടെ സ്വഭാവം പലപ്പോഴും ആ അച്ഛന് പിടികൊടുത്തതേയില്ല. 

മനസ്സിലുള്ളത് പുറത്തു കാണിക്കാതെ കണ്ണുകൊണ്ട് ചിരിക്കാന്‍ വളരെ പെര്‍ഫക്റ്റ്  ആയി പ്രാക്റ്റീസ് ചെയ്ത ഈ ലോകത്തിലെ ഒരേയൊരു പെണ്ണാണ് നീയെന്ന് കിരണ്‍ അവളെ പലയാവര്‍ത്തി പരിഹസിച്ചിട്ടുണ്ട്. അയാളുടെ പരിഹാസങ്ങള്‍ക്കു മറുപടിയായി  വസുന്ധരയുടെ ചുണ്ടിന്‍കോണില്‍ എപ്പോഴുമൊരു മന്ദഹാസം വിരിഞ്ഞു നിന്നു.

പട്ടാള ക്യാമ്പുകളില്‍ നടത്തപ്പെടുന്ന ഓരോ പാര്‍ട്ടികളിലും വസുന്ധരയുടെ ടാറ്റ്യൂ  കുത്തിയ  ഷോള്‍ഡറിന്റെ പിന്‍ഭാഗത്തിലേക്ക് അടര്‍ന്നു വീഴുന്ന ആരാധകരുടെ കണ്ണുകള്‍ കിരണിനെ എന്നും അലസ്സോരപ്പെടുത്തി. കിരണ്‍ എന്ന പേരില്‍നിന്നും പടർന്നുപോകുന്ന ടാറ്റ്യൂവിന്‍റെ ഒരു വള്ളി അവളുടെ ചുരുണ്ടുകൂടിക്കിടക്കുന്ന മുടിച്ചുരുളുകളില്‍ ലയിച്ചു. തോളില്‍ ഭര്‍ത്താവിന്‍റെ  പേര് കൊത്തിവെച്ച സ്ത്രീകള്‍ അപൂര്‍വമായതിനാല്‍ പല കണ്ണുകളും അയാളെ അസൂയയോടെ തിരയുന്നത് വസുന്ധര ഒരു ഗൂഢസ്മിതത്തോടെ നോക്കിനിന്നു.

 പ്ലസ്‌ ടുവിന് പഠിക്കുമ്പോഴാണ് സുരേന്ദര്‍ ഷെട്ടി തന്‍റെ കുടുംബത്തോടൊപ്പം   ആസാം റൈഫിളില്‍ വന്നത്. അവിടത്തെ മിലിട്ടറി സ്കൂളില്‍ വസുന്ധരയക്ക് അഡ്മിഷന്‍ വാങ്ങിക്കുമ്പോള്‍ നാട്ടില്‍ നിന്നും പിരിഞ്ഞ കൂട്ടുകാരേക്കാൾ  ഉപരി അവളെ അലട്ടിയത്  തന്നെ കൊളുത്തിവലിച്ചിരുന്ന രണ്ട്പൂച്ചക്കണ്ണുകളായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ എയറോനോട്ടിക്കില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടാനായി അഡ്മിഷന്‍ ശരിയാക്കാന്‍ അവള്‍ അച്ഛനോടാവശ്യപ്പെട്ടൂ. പൂച്ചക്കണ്ണുകളുടെ മിന്നുന്ന പ്രഭയാണ് അതിനപ്പുറമെന്നു സുരേന്ദര്‍ ഷെട്ടി അപ്പോള്‍ മനസ്സിലാക്കിയില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വസുന്ധരയുടെ പഠനകാലം.

“പ്രഭാ, എനിക്കിപ്പോ ബോട്ടിങ്ങിന് പോകണം..” അവധിദിനങ്ങളുടെ ആലസ്യത്തില്‍ പ്രഭാകറിന്റെ കണ്ണുകളിലൂടെ ആകാശം നോക്കി വസുന്ധര പറഞ്ഞു.

 “ഈ തണുപ്പിലോ?”  അയാള്‍ ചോദിച്ചു. “ആകാശത്തൂടെ പറക്കണം എന്നാണെങ്കില്‍ ഇപ്പോഴിവിടെ വിമാനമുണ്ട്... ഇത് ബോട്ടില്‍.... നിനക്കെപ്പോഴും കൈപ്പിടിയില്‍ ഉള്ളത് വേണ്ടല്ലോ അല്ലെ...” പ്രഭാകറിന്‍റെ കളിയാക്കല്‍ അവള്‍ ഗൌനിച്ചതേയില്ല.

മുന്‍പൊരിക്കല്‍ ഒരു ബോട്ട് യാത്രയില്‍ ഓവര്‍കോട്ട് ധരിക്കാന്‍ കൂട്ടാക്കാതെ ഉടലുലഞ്ഞിട്ടും ചില്ലുകള്‍പോലെ ആഴ്ന്നിറങ്ങുന്ന തണുപ്പില്‍ കാറ്റ്പിടിച്ചത് പോലെ അവള്‍ നിന്നത് അയാളോര്‍ത്തു.

“ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ അത് പറ...” വസുന്ധര എഴുന്നേറ്റു ജനലിനരികിലെത്തി. ആ കൊടും തണുപ്പില്‍ ഒരു പക്ഷെ അവള്‍ ജനല്‍ തുറന്നേക്കും എന്നൊരു ഉള്‍വിളി അയാള്‍ക്കുണ്ടായി. അയാള്‍ അടുത്തെത്തും മുന്‍പേ അവള്‍ ജനാല വിരിമാറ്റി  ഗ്ലാസ് സൈഡിലേക്ക് തള്ളിമാറ്റിയിരുന്നു.

എല്ലുകളിലേക്ക് ഒരുനിമിഷം കൊണ്ട് കൊടിയ വിഷം തുളഞ്ഞുകയറിയ പോലെ പ്രഭാകര്‍ ഒന്ന് വിറച്ചു. മരവിച്ചുപോയ അയാളിലേക്ക് ഒറ്റനിമിഷം കൊണ്ടവള്‍ പാഞ്ഞുകയറി. ഗ്ലാസ്‌ തള്ളിയടച്ചു വിറച്ചുകൊണ്ട് രണ്ടുപേരും താഴെ വീണ് കത്തിക്കൊണ്ടിരുന്ന ഫയര്‍ പ്ലേസിലേക്ക് ഉരുണ്ടു.

“ഇനിയുമുണ്ടോ നിന്റെ പരീക്ഷണങ്ങള്‍?” അയാള്‍ തലതിരിച്ചു അവളെ നോക്കി.

“ഈ തണുപ്പിലല്ലേ നിനക്കിപ്പോള്‍ ബോട്ട് സവാരി വേണ്ടത്? ഈ മൂന്ന് വര്‍ഷങ്ങളില്‍ നിന്‍റെ ഇഷ്ടങ്ങള്‍ മാത്രമേ നടന്നുള്ളൂ എന്നത് നീ മറക്കില്ലല്ലോ അല്ലെ?” തന്‍റെ നെഞ്ചിലേക്ക് എടുത്തുവെച്ച കാല്‍പാദങ്ങളില്‍ പതുക്കെ വിരലോടിച്ച് പ്രഭാകര്‍ ചോദിച്ചു.

കുറെ നേരം വസുന്ധരയും അയാളും പരസ്പരം നോക്കിക്കിടന്നു.

“കഴിഞ്ഞ വർഷം  കാശ്മീരിലേക്ക് പപ്പാ ട്രാന്‍സ്ഫര്‍ ആയപ്പോള്‍ അവിടെ കണ്ട മെഡിക്കല്‍ ഡോക്ടറെപ്പറ്റി പറഞ്ഞത് പ്രഭ ഓര്‍ക്കുന്നില്ലേ? അയാളുമായുള്ള വിവാഹത്തിന് പപ്പയ്ക്ക് താല്‍പ്പര്യമുണ്ട്.”

“ഉം....” പ്രഭാകര്‍ മൂളി.

“ഞാന്‍ നമ്മുടെ കാര്യം വീട്ടില്‍ പറയും ഇപ്രാവശ്യം...”

“എനിക്ക് യാതൊരു പ്രതീക്ഷയുമില്ല വസുന്ധരാ.. നീ എന്‍റെ കൂടെ വന്നാല്‍ നിന്റെ അച്ഛന്‍ തിരിഞ്ഞു നോക്കില്ല. നിനക്ക് നയാപൈസ അയാള്‍ തരില്ല. എനിക്കിനി എന്നോ കിട്ടാനിടയുള്ള  ജോലിയും സ്റ്റാറ്റസ്സും നിനക്ക് മതിയെങ്കില്‍  നിനക്കെപ്പോഴും എന്നിലേക്ക്‌ വരാം...ജീവിതം കടുത്തതായിരിക്കും. ”

വസുന്ധര ഒന്നും മിണ്ടിയില്ല. കിരണ്‍ ദത്ത് തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് കണക്കില്ലാത്ത സ്വത്തും അച്ഛന്റെ സ്വാധീനവും തന്റെ സൗന്ദര്യവും കണ്ടാണെന്ന് അവള്‍ക്കു തീര്‍ച്ചയുമായിരുന്നു.

“അടുത്ത ആഴ്ച ചെന്നെയില്‍ ചെറിയച്ഛന്റെ വീട്ടില്‍ പോകുകയാണ്. അവിടെ ഒരു വിവാഹമുണ്ട്. ആ തിരക്കുകളില്‍ പലപ്പോഴും അവരാരും വീട്ടില്‍ ഉണ്ടാകില്ല. പ്രഭ ചെന്നെയില്‍ വരണം. ബാക്കി നമുക്ക് അവിടന്ന് തീരുമാനിക്കാം.”

“നീ ഈ കാര്യം വീട്ടില്‍ പറഞ്ഞാല്‍ അവര്‍ക്ക് സമ്മതമല്ലെങ്കില്‍ നമുക്ക് പിന്നീടൊരിക്കലും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. നല്ലവണ്ണം ഓര്‍മ്മയുണ്ടല്ലോ അല്ലെ..?”

പ്രഭാകറിന്റെ ചോദ്യം വെറുതെയല്ല എന്ന് വസുന്ധരയ്ക്ക് നന്നായി അറിയാമായിരുന്നു.  പരസ്പരം യാതൊരു ഉറപ്പുകളും കൊടുത്തില്ലെങ്കിലും ഒന്നിക്കാനുള്ള ത്വര രണ്ടുപേരുടെയും മിഴികളില്‍ മത്സരിച്ചുകൊണ്ടിരുന്നു. ഓരോ നിമിഷത്തിനും അപ്പുറമെന്ത് എന്ന് അവരിരുവരും ഒരിക്കലും ചര്‍ച്ച ചെയ്തില്ല.

ചെന്നൈയിലെ ബന്ധുവീട്ടിലെ ബഹളത്തില്‍ പങ്കെടുക്കുമ്പോഴും വസുന്ധര പഴുതുകള്‍ തേടി പ്രഭാകറെ വിളിച്ചുകൊണ്ടിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ കല്യാണത്തിരക്കിന്റെ ഷോപ്പിംഗിനായി ആളൊഴിയുമെന്നും തങ്ങള്‍ കണ്ടുമുട്ടുമെന്നും വസുന്ധര ഉറപ്പിച്ചിരുന്നു.  കാശ്മീരില്‍ നിന്നും കൊണ്ടുവന്ന ചന്ദനതൈലം അവള്‍ മുറിയിലെ കാന്‍ടില്‍സെറ്റില്‍ ഒഴിച്ചുവെച്ചു. പ്രഭാകര്‍ സമ്മാനിച്ച കാശ്മീരി ഷാള്‍ ആ  ബെഡ്ഡില്‍ വിരിച്ചിട്ടിരുന്നു.

   രണ്ട് ദിവസമായി പ്രഭാകര്‍ ചെന്നൈയില്‍ ഹോട്ടല്‍ മുറിയിലുണ്ട്. മിസ്ഡ് കാള്‍  വന്ന നിമിഷം അയാളുടെ റോയല്‍ എന്ഫീല്‍ഡ് മുന്നോട്ട് കുതിച്ചു.

  മറ്റാരും കാണാതെ തന്‍റെ മുറിയില്‍ എത്തിയ  ആ പൂച്ചകണ്ണുകളെ വസുന്ധര ഇമ വെട്ടാതെ നോക്കി. 

അവര്‍ക്ക് രണ്ടുപേര്‍ക്കും ഇനിയെന്ന് കാണുമെന്നു യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. തന്‍റെ മേശമേല്‍ വെച്ചിരുന്ന ചായക്കൂട്ടുകള്‍ എടുത്ത് പ്രഭാകരിന്‍റെ അരികില്‍ വെച്ച് വസുന്ധര തന്റെ മേല്‍ക്കുപ്പായം അഴിച്ചു.

അവളുടെ മാറിലായി ഒരു കൊച്ചു ചിത്രം വരയ്ക്കാനുള്ള മോഹം  പ്രഭാകര്‍ എപ്പോഴും പറയുമായിരുന്നു. എന്നാല്‍ തന്റെതല്ലാത്ത ഒരിഷ്ടത്തിനും അവള്‍ ചെവികൊടുത്തിരുന്നില്ല . ഇന്ന് ഇവിടെ അവളുടെ തുറന്ന മാറിടം കണ്ടയാള്‍ വിസ്മയിച്ചു പോയി. രണ്ട് പൂച്ചക്കണ്ണുകള്‍ മാറിനു താഴെ പച്ചകുത്തി വെച്ചിരുന്നു. ഒരിക്കലും മായാത്ത തരത്തില്‍!

“നീയെന്താണീ ചെയ്തത്?” അയാള്‍ അത്ഭുതത്തോടെയും അരിശത്തോടെയും അവളെ നോക്കി.

വസുന്ധര ഉന്മാദത്തോടെ ചിരിച്ചു. “എന്‍റെ ശരീരം...എനിക്കിഷ്ടമുള്ള ഒരു ടാറ്റ്യൂ അടിച്ചു. വാട്ടീസ്‌ ദി പ്രോബ്ലം?”

“വസുന്ധരാ...മറ്റൊരുത്തന്‍ നിന്റെ ജീവിതത്തില്‍ വന്നാല്‍...?” അയാള്‍ എടുത്തു ചോദിച്ചു.

“വരട്ടെ...ദേഹത്ത് ഇനിയും സ്ഥലമുണ്ടല്ലോ...” അവളുടെ ചിരി ഉച്ചത്തിലായപ്പോള്‍ പ്രഭാകര്‍ അവളുടെ വായ് പൊത്തി.

ചോക്ലേറ്റും മുന്തിരിയും മണക്കുന്ന അയാളുടെ മീശയിലും കവിളിലും ഇനിയൊരിക്കലും തനിക്കു തൊടാന്‍ കഴിയില്ലെന്നോര്‍ത്ത് അയാളിലേക്ക് ചേര്‍ന്ന് ചേര്‍ന്നിരുന്നു അവള്‍ ശ്വാസം ആഞ്ഞു പിടിച്ചു. 

“മതി. എത്ര നേരം നീയിങ്ങനെ ശ്വാസം വിടാതെയിരിക്കും.”

“ഉം...ബട്ട്‌ എനിക്ക് ഈ ഗന്ധം റീട്ടെയ്ന്‍ ചെയ്യാനുള്ള കഴിവുണ്ട്.”

അയാളുടെ ഇഷ്ടചിത്രം മാറില്‍ വരച്ചുകഴിഞ്ഞ അതേ നിമിഷത്തില്‍ വസുന്ധര ഒരു തീരുമാനമെടുത്തിരുന്നു. അത് മനസ്സിലാക്കിയപോലെ പ്രഭാകര്‍ ഒന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു.

“നമ്മള്‍ വിവഹം കഴിക്കാതിരിക്കയാണ് നല്ലത്. അല്ലെ?”

“വളരെയധികം ആഗ്രഹിക്കുന്ന ലഹരി എപ്പോഴും അരികിലുണ്ടെങ്കില്‍ മടുത്ത് പോകും എന്ന് അല്ലെ...” വസുന്ധര അയാളെ ചെരിച്ചു നോക്കി.

അവിടത്തെ വിവാഹവും തിരക്കുകളും കഴിഞ്ഞു പ്രഭയെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍  കൗമാരത്തിലെ ചാപല്യമായി മകളുടെ പ്രേമത്തെ സുരേന്ദര്‍ ഷെട്ടി പാടെ തള്ളിക്കളഞ്ഞു. വസുന്ധരയുടെ ചുണ്ടില്‍  സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന നേരിയ ചിരി  എപ്പോഴും ഉള്ളതിനാല്‍ തന്‍റെ മകള്‍ ഇതൊന്നും സീരിയസ് ആയി എടുത്തിട്ടേ ഇല്ലെന്ന് മേജര്‍ ആശ്വസിച്ചു.

“എനിക്കൊരു പ്രേമമുണ്ട്.”  ധിക്കാരം നിറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ്റ്‌  ആയിരുന്നു അത്. ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്‍റെ മുഖത്ത് വാള്‍ത്തല മിന്നുംപോലെ  നോക്കി വസുന്ധര പറഞ്ഞത് കേട്ടപ്പോള്‍ മെരുങ്ങാത്ത ഈ കടുവയെതന്നെയാണ് തനിക്കു വേണ്ടതെന്ന് കിരണ്‍ ഉറപ്പിക്കുകയാരുന്നു. അതിലുപരി സുരേന്ദര്‍ ഷെട്ടിയുടെ പണത്തിന്റെ കുപ്പിയിലേക്ക്‌  വസുന്ധരയുടെ കടിഞ്ഞൂല്‍ പ്രണയത്തെ അയാള്‍ ആവാഹിച്ചടച്ച്  വലിച്ചെറിഞ്ഞു.

“ എന്തുകൊണ്ടാണ് എന്നെ ഭാര്യയാക്കിയത്? പ്രേമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതാരെന്ന്പോലും ചോദിക്കാതെ?”  നവവധുവിന്‍റെ ചമയങ്ങള്‍ യാതൊന്നുമില്ലാതെ മുറിയിലേക്ക് കടന്നുവന്ന് വസുന്ധര അയാളോട് ചോദിച്ചു.

 “ വെറുമൊരു പ്രേമത്തിന്‍റെ പേരില്‍ ജീവിതം മുഴുവന്‍ വേസ്റ്റ് ആക്കുന്ന ഒരു പെണ്‍കുട്ടിയല്ല നീയെന്ന് തോന്നി.” കിരണ്‍ പറഞ്ഞു.

“ അതോ, വെറുമൊരു പ്രേമത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ വേണ്ടെന്ന് വെയ്ക്കേണ്ടല്ലോ എന്ന് കരുതിയിട്ടോ?”

കിരണ്‍ അവളെ തല ചെരിച്ചൊന്നു നോക്കി. ചുവന്ന ഗൌണില്‍ അവളൊരു നുരയുന്ന റെഡ് വൈന്‍പോലെ കാണപ്പെട്ടു.

“ഹഹ...എന്നാലങ്ങനെ...നന്നായി ജീവിക്കാന്‍ പൈസ വേണ്ടേ? പിന്നെ എന്‍റെ ജോലിയില്‍ നിന്നും എനിക്ക് നന്നായിത്തന്നെ ജീവിക്കാനുള്ള പൈസ കിട്ടുന്നുണ്ട്‌.” ഒരു പുരികം മാത്രമുയര്‍ത്തി ചൂണ്ടുവിരല്‍ വായുവില്‍ കറക്കി കിരണ്‍  നടന്ന്ചെന്ന് കുപ്പിയില്‍ നിന്നും രണ്ട് ഗ്ലാസ്സിലേക്ക്‌ വോഡ്ക ഒഴിച്ചു   ഒന്നവള്‍ക്ക് നീട്ടി. തനിക്ക് വേണ്ടെന്ന് കൈകൊണ്ട് അവള്‍  ആംഗ്യം കാണിച്ചു.

“ഓക്കെ.., ചിയേഴ്സ്..”

നെഞ്ചില്‍  പൂച്ചക്കണ്ണുകള്‍  പച്ചകുത്തിയ പെണ്ണ് കിരണിന് പുതുമതന്നെ ആയിരുന്നു. നാല്  വര്‍ഷത്തിന് ശേഷം പ്രഭാകറിനെ നേരില്‍ കാണും വരേയ്ക്കും! ഇന്നലെയാണ് തന്‍റെ രേഖകള്‍ ശരിയാക്കാന്‍ പ്രഭാകര്‍ ഓഫീസില്‍ നേരിട്ടെത്തിയത്.

“നമ്മള്‍ തമ്മില്‍ തര്‍ക്കങ്ങളോ വഴക്കുകളോ ഉണ്ടായിട്ടില്ല കിരണ്‍. അതെന്‍റെ മേന്മയല്ല എന്നെനിക്ക് നന്നായി അറിയാം.  അതുകൊണ്ട്തന്നെ  പ്രഭാകരിനോട് കിരണ്‍ മാന്യമായി പെരുമാറും എന്നാണു ഞാന്‍ കരുതുന്നത്.”

“ജോലിയില്‍ കയറി രണ്ടാമത്തെ പ്ലേസ്മന്റ്റ് പ്രഭാകര്‍ ജോഷ്‌ കാശ്മീരിലേക്ക് തന്നെ വാങ്ങിക്കാനുള്ള കാരണം നീയറിഞ്ഞില്ല എന്ന് എന്നോട് പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.” കിരണിന്‍റെ വാക്കുകള്‍ കേട്ട് വസുന്ധര ചിരിച്ചു.

“തീര്‍ച്ചയായും..ഞാനിവിടെ ഉണ്ടെന്നു പ്രഭാകറിന് അറിയാം. ഇടയ്ക്കു വിളിക്കാറുണ്ട്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പ്രഭാകര്‍ ഇവിടെ ചാര്‍ജെടുക്കും."

“ഓക്കേ..നിന്‍റെ സത്യസന്ധമായ ഉത്തരത്തിനു നന്ദി.” അവളെയൊന്ന് നോക്കി തന്‍റെ കോട്ടെടുത്തു തോളിലിട്ടു കിരണ്‍ ജീപ്പില്‍ കയറി ഓടിച്ചുപോയി.

ആ ദിവസത്തിന് ശേഷം കിരണ്‍ വസുന്ധരയോടു അടുക്കുമ്പോഴെല്ലാം ആ പൂച്ചകണ്ണുകള്‍ അയാളെ അസ്വസ്ഥനാക്കി. ഈയിടെയായി ആ പൂച്ചകണ്ണുകള്‍ തന്നെ നോക്കുന്നപോലെ! അത് വസുന്ധര മനസ്സിലാക്കിയെന്ന് കിരണ്‍ അറിഞ്ഞത് ഒരുനാള്‍ രണ്ടുപേരും പുറത്തുപോയപ്പോള്‍ ടാറ്റ്യൂ ചെയ്യുന്നവരെ അനേഷിച്ചവള്‍ നടന്നപ്പോഴാണ്.

“എന്തിനാണ് എല്ലാവരും കാണുന്ന മട്ടില്‍ നീ ഈ പേരിവിടെ കുത്തിയത്?” അന്ന് രാത്രി അയാള്‍ ചോദിച്ചു.

അവള്‍ താനുണ്ടാക്കിയ കേക്ക് അയാളുടെ മുന്നിലേക്ക്‌ നീക്കിവെച്ചു. “ചോക്ലേറ്റ് കേക്ക് ആണ്. എങ്ങനെയുണ്ട്?”

കിരണ്‍ ഒരക്ഷരവും പറയാതെ അവളെ നോക്കി. പിന്നെ  ആ കേക്ക് മുഴുവനും കഴിച്ചു. വീണ്ടും ക്യാമ്പില്‍ പോയി  തിരികെ വരുമ്പോഴേക്കും വസുന്ധര ഉറങ്ങിയിരുന്നു. കിടക്കയിൽ   ശാന്തമായി ഉറങ്ങുന്ന വസുന്ധരയെ അയാള്‍ കുറച്ച്നേരം നോക്കിനിന്നു. കഴുത്തിലെഴുതിയ തന്‍റെ പേരിലേക്ക് പതുക്കെ അയാളുടെ കൈകള്‍ നീണ്ടു. അടുത്ത നിമിഷം വസുന്ധര കണ്ണ് തുറന്നു. അയാള്‍ ഞെട്ടിപ്പോയി.

വസുന്ധര ഉറക്കെ ചിരിച്ചു. നിറുത്താതെ...

അവളുടെ ചിരി ഉച്ചത്തിലായപ്പോള്‍ അയാള്‍ കൈയെടുത്ത് അവളുടെ വായ്‌ പൊത്തി. അവള്‍ എഴുന്നേറ്റിരുന്നു തന്‍റെ മുടി മുന്നിലേക്കെടുത്തിട്ടു. “കിരണ്‍ പേടിച്ചുപോയോ? തലയുണ്ടെങ്കിലല്ലേ അതിന് കീഴെയുള്ള ശരീരംകൊണ്ട് ഗുണമുള്ളൂ..! അതുകൊണ്ടാണ് ഈ പേരിവിടെ ഇങ്ങനെ....” അവളാ ടാട്ട്യൂവില്‍ തലോടി അയാളെ നോക്കി കണ്ണിറുക്കി.

ആറു മാസത്തിനു ശേഷം പ്രഭാകര്‍ എയര്‍ഫോഴ്സില്‍ ചാര്‍ജ് എടുത്തു. രണ്ട് ഉദ്യോഗസ്ഥരും ഒഫീഷ്യല്‍ ആയി ഇടയ്ക്കിടെ കണ്ടുമുട്ടി. വീട്ടിലേക്ക് വരാന്‍ വസുന്ധര പലവട്ടം പറഞ്ഞെങ്കിലും കിരണ്‍ ക്ഷണിക്കാതെ അയാള്‍  വരികയില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. കിരണ്‍ ഒരിക്കലും അയാളെ ഇന്‍വയിറ്റ് ചെയ്യുകയില്ലെന്നും!

  അടുത്തൊരു ദിവസം  വസുന്ധര പ്രഭാകറെ വിളിച്ചു. “ ഇനി എന്നാണ് ഓഫ്‌ ഡേ കിട്ടുക?”

“ഞാന്‍ നാളെ അമൃത് സര്‍ പോകുന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ഓഫ്‌ ആണ്. വൈ?” അയാള്‍ ചോദിച്ചു.

 “ഓഫ്‌ ഡേ  പ്രഭ പുറത്തെവിടെയെങ്കിലും മുറിയെടുക്കണം.  എനിക്കൊന്നു കാണണം. ദാല്‍ ലേക്കിനരികില്‍ എവിടെയെങ്കിലും ആയാല്‍ നന്നായി. എനിക്ക് വരാന്‍ എളുപ്പമാണ്. “

“കിരണ്‍ എവിടെ? അയാള്‍ അറിയാതെയോ?”

“അറിയില്ല. ഉറപ്പാണ്‌.” വസുന്ധരയുടേത്‌ ഉറച്ച ശബ്ദമായിരുന്നു.

രണ്ടാം ദിവസമാണ് അവരുടെ അഞ്ചാമത്തെ വെഡിംഗ് ആനുവേര്സറിക്ക് കിരണിനും പ്രഭാകറിനും ഒരുപോലെ ഇഷ്ടപ്പെട്ട ആ കേക്ക് വസുന്ധര ഉണ്ടാക്കാന്‍ തുടങ്ങിയത്. മനോഹരമായ ക്രീം പേസ്റ്റല്‍കൊണ്ട് അവളതിനു മുകളില്‍ എഴുതി.

“ഹാപ്പി ആനുവേഴ്സറി”

അന്ന് വൈകീട്ട് തിടുക്കത്തില്‍ വീട്ടിലെത്തിയ കിരണ്‍ വസുന്ധരയോട് പറഞ്ഞു. “ഇന്ന് രാത്രി നാല്‍പതു പേരടങ്ങുന്ന മെഡിക്കല്‍ സംഘം കോര്‍ബയിലേക്ക് പോകുന്നു. അവിടത്തെ സൈനികര്‍ക്ക് അടിയന്തിര വൈദ്യസഹായം എത്തിക്കണം. കുറച്ച് ദിവസങ്ങള്‍ അവിടെയുണ്ടാകണം.”

പോകാനിറങ്ങിയ അയാള്‍ പെട്ടെന്ന് തിരികെ വന്നു.”ബൈ ദി ബൈ, ഹാപ്പി ആനുവേഴ്സറി..”

അവള്‍ ഡൈനിംഗ് ടേബിളിലേക്ക് നോക്കി വെറുതെ നിന്നു. എന്തോ ഓര്‍ത്ത്നിന്ന അയാള്‍ അകത്തേക്ക് നടന്നു അവിടെ മുറിക്കാതെ വെച്ച കേക്ക് കത്തിയെടുത്ത് മുറിച്ചു. അതിന് മുകളില്‍ വിതറിയ ചോക്ലേറ്റ് ക്രീമും പേസ്റ്റല്‍ കളറുകളും കത്തികൊണ്ട് അല്പമെടുത്ത് തന്റെ പുറംകയ്യില്‍ പുരട്ടി നാവുകൊണ്ട് നുണഞ്ഞു രുചി നോക്കി. ചുണ്ടുകളില്‍  അവശേഷിച്ച തരികള്‍ കൂടി നുണഞ്ഞിറക്കിക്കൊണ്ട് അയാള്‍ വസുന്ധരെയെനോക്കി കൈ കൊണ്ട് ഗംഭീരം എന്നൊരു  ആന്ഗ്യം കാണിച്ചു. എന്നിട്ട് പറഞ്ഞു.” ഫന്റ്റാസ്റ്റിക് സ്മെല്‍..”

ഏകദേശം മുന്നൂറോളം കിലോമീറ്റര്‍ താണ്ടിവന്നൊരു ബൈക്ക് അപ്പോള്‍ ദാല്‍ ലേക്കിനരികെ ഹോട്ടല്‍ വിക്ടോറിയ പാലസില്‍ വിശ്രമത്തിലായിരുന്നു.

“എന്താണ് നിനക്കിത്രയും ഉറപ്പ് കിരണ്‍ അറിയില്ലെന്ന്?” കേക്കില്‍ നിന്നൊരു കഷ്ണം കുത്തിയെടുത്തു  പിറ്റേന്നു വൈകുന്നേരം ഹോട്ടല്‍ മുറിയില്‍ പ്രഭാകര്‍ വസുന്ധരയോടു ചോദിച്ചു.

“നീ പതിവായി ഇതൊക്കെ ഉണ്ടാക്കാറുണ്ടോ?” രണ്ട് ചോദ്യത്തിനും മറുപടി ഇല്ലാതായപ്പോള്‍ പ്രഭാകര്‍ മുഖമുയര്‍ത്തി അവളെ നോക്കി. അയാളെത്തന്നെ ഇമവെട്ടാതെ നോക്കി നില്‍ക്കുകയായിരുന്നു അവള്‍. പച്ച സില്‍ക്ക്സാരിയായിരുന്നു അവളുടെ വേഷം.

അയാള്‍ നടന്നു അവളുടെ തൊട്ടടുത്ത്‌ വന്ന്നിന്നു. വസുന്ധര തന്‍റെ മൂക്ക് വിടര്‍ത്തി.  “നിന്നെയിപ്പോള്‍ മുന്തിരിയും ചോക്ലേറ്റും മണക്കുന്നില്ലല്ലോ പ്രഭാ ..എന്താണത്?”

അയാളൊന്നു ചിരിച്ചു. “അതെല്ലാം കൂടുതല്‍ ചേരുന്നത് കിരണിനായിരിക്കുമല്ലോ...”

“പ്രഭ, ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ..? ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തുകൊണ്ടാണ് കാണണം എന്ന് പറയാഞ്ഞത്?”

“നീയും പറഞ്ഞില്ലല്ലോ എന്നെ കാണണം എന്ന്?” അയാള്‍ തിരിച്ചു ചോദിച്ചു.

വസുന്ധര കുറേനേരം മിണ്ടാതിരുന്നു.

“ അറിയില്ല പ്രഭാ... ഞാന്‍ എപ്പോഴെങ്കിലും കിരണിനെ മനസ്സറിഞ്ഞു സ്നേഹിച്ചുവോ എന്നെനിക്ക് അറിയില്ല.  എന്‍റെ പൂര്‍വബന്ധം തുറന്നു പറഞ്ഞിട്ടും എന്നെ കീഴ്പ്പെടുത്തി എന്നൊരു വേദനയും അമര്‍ഷവും എന്നും എനിക്ക് കിരണിനോട് ഉണ്ടായിരുന്നു. അയാളെന്റെ മാറില്‍ കിടക്കുമ്പോഴെല്ലാം ക്രൂരമായൊരു ആനന്ദം ഞാന്‍ അനുഭവിച്ചു. നീ ഇവിടെത്തന്നെയാണ് കിടക്കേണ്ടത്‌, എനിക്കേറ്റവും പ്രിയപ്പെട്ട പൂച്ചക്കണ്ണുകളുടെ മുകളില്‍ എന്ന സാഡിസം തന്നെയായിരുന്നു അത്....ഞാനെന്നും അയാളെ പുറത്ത്നിറുത്തി. ഹൃദയത്തിന് വെളിയില്‍....പക്ഷേ...”

“പക്ഷെ...?”

“പക്ഷേ...കിരണ്‍ ഒരിക്കലും ഒരു പരാതിയും പറഞ്ഞില്ല.” വസുന്ധരയുടെ കണ്ണുകള്‍ നിറഞ്ഞത്‌ പോലെ തോന്നി.

പ്രഭാകര്‍ രണ്ട് ചാല്‍ നടന്നു. പിന്നെ അവിടെയൊരു  കസേരയില്‍ ഇരുന്നു.

"എന്താ നോക്കുന്നത്?" അവൾ ചോദിച്ചു. 

"നിറയുന്ന കണ്ണുകളുള്ളൊരു വസുന്ധരയെ എനിക്ക് തീരെ പരിചയമില്ലല്ലോ എന്ന്.  ഞാൻ ആദ്യം ചോദിച്ചത്, എന്താണ് നിനക്കിത്രയും ഉറപ്പ് കിരണ്‍ അറിയില്ലെന്ന് ഈ മീറ്റിംഗ്?”

“ അറിയില്ല എന്ന് ഞാൻ കരുതുന്നു.  എന്റെ പുറകെ നടക്കുന്ന ഒരു ഭർത്താവല്ല കിരൺ.  അങ്ങനെയെങ്കിൽ ഈ അഞ്ചുവർഷത്തിൽ എത്രയോ അവസരങ്ങളുണ്ടായിരുന്നു."

കുറച്ച് സമയം അവളെന്തോ ഓർത്തിരുന്നു. പിന്നെ തുടർന്നു. 

  " 'വസുന്ധരാ'എന്ന് പ്രഭയെന്നെ  വിളിച്ചപോലെ അലിവോടെയും സ്നേഹത്തോടെയും ഒരിക്കലും കിരണ്‍ എന്‍റെ പേര് വിളിച്ചിട്ടില്ല.”

“പ്രായശ്ചിത്തം തോന്നുന്നുണ്ടോ?”

“എന്തിന്..?” അവള്‍ ചോദിച്ചു.

“എല്ലാറ്റിനും....സ്നേഹം അര്‍ഹിക്കുന്ന ഒരാളെ ഹൃദയം കൊടുക്കാതെ പുറത്ത് നിറുത്തിയതിന് പരിഹാരമല്ലേ ഇത്?” അയാള്‍ അവളുടെ ഷോള്‍ഡറിലെ ടാറ്റ്യൂവിലേക്ക് വിരല്‍ ചൂണ്ടി.

“നിനക്ക് എത്രത്തോളം ഇഷ്ടപ്പെട്ടാലാണ് നീ നിന്‍റെ ദേഹത്തില്‍ ഈ മാര്‍ക്കുകള്‍ ഇടുകയെന്ന് എന്നേക്കാള്‍ നന്നായി മറ്റാര്‍ക്കറിയാം?”

രണ്ട്പേരും ഇമകള്‍ ചിമ്മാതെ കുറേനേരം നോക്കിയിരുന്നു.

“നമ്മള്‍ വിവാഹിതരായിരുന്നെങ്കില്‍ ഇത്രയും സ്നേഹിക്കുമായിരുന്നോ?” അയാള്‍ എഴുന്നേറ്റു അവള്‍ക്കരികില്‍ എത്തി. അവളുടെ നെഞ്ചിലേക്ക് കണ്ണുകള്‍കൊണ്ട് ആന്ഗ്യം കാണിച്ച് അയാള്‍ തുടർന്നു.  “ ഈ വര്‍ഷങ്ങളിലെല്ലാം നമ്മള്‍ സംസാരിക്കുമ്പോള്‍ നിന്‍റെ ഇവിടത്തെ പൂച്ചക്കണ്ണുകളില്‍ എന്നെങ്കിലുമൊരിക്കല്‍കൂടി എനിക്ക് മുത്തണം എന്നുണ്ടായിരുന്നു.  ഈ അഞ്ചു വര്‍ഷവും എന്നെ ഭ്രമിപ്പിച്ച ആഗ്രഹമായിരുന്നു അത്... പക്ഷെ വസുന്ധരാ... ഇപ്പൊ നീ നേരത്തെ പറഞ്ഞ നിന്‍റെ ഹൃദയത്തിന്‍റെ വെളിയില്‍ നിറുത്തിയ ഉടമ തന്നെയല്ലേ അവിടെ ഉമ്മ  വെയ്ക്കാൻ  ഏറ്റവും യോഗ്യന്‍?”

വസുന്ധരയുടെ കണ്ണുകള്‍ പിടഞ്ഞുതന്നെ നിന്നു.

അവള്‍ എഴുന്നേറ്റു താന്‍ കൊണ്ട് വന്ന ചെറിയ ബാസ്കറ്റില്‍ കേക്കിന്റെ ബാക്കിയെല്ലാം പെറുക്കിവെച്ചു.

“അവിടിരിക്കട്ടെ.... അത് ഞാന്‍ കഴിച്ചോളാം...” അയാള്‍ അവളുടെ തൊട്ടരികിലെത്തി അതില്‍ നിന്നും ഒരു കഷണം പിടിച്ചു വാങ്ങി.

“വേണ്ട...ഇനിയൊരു ബാക്കിയും കഴിക്കേണ്ട. ആരുടേയും...ഒന്നും...” വസുന്ധരയുടെ വാക്കുകള്‍ അല്പം ഇടറി. പെട്ടെന്ന് തന്നെ അവള്‍ പ്രസന്നത വീണ്ടെടുത്തു അയാളുടെ മുഖത്ത് നോക്കി ചിരിച്ചു.

“പോട്ടെ...” പറഞ്ഞിട്ട് അവള്‍ വാതിലിനരികിലേക്ക്‌ നടന്നു.

“ഒന്ന് പറയട്ടെ....” അയാള്‍ പറഞ്ഞത് കേട്ട് അവള്‍ തിരിഞ്ഞു നിന്നു.

“താങ്ക്സ്....താങ്ക്യൂ സൊ മച്...”

എന്തിനെന്ന ചോദ്യം അവളുടെ മുഖത്തുണ്ടായിരുന്നു.

“എന്നെ ഇത്രയുമധികം സ്നേഹിച്ചതിന്....ഇത്രയേറെ എന്നെ പ്രണയിച്ചതിന്...”

ആ വാക്കുകൾ കേട്ട് അവളുടെ പാദങ്ങള്‍ നിശ്ചലമായി. മുന്നോട്ടു നടന്ന് വന്ന് അയാളവള്‍ക്ക് വാതില്‍ തുറന്നു കൊടുത്തു. തിരിഞ്ഞു നോക്കാതെ വസുന്ധര നടന്നകലുന്നത്  അയാള്‍ നോക്കിനിന്നു.

നിനക്കൊപ്പം  എന്നും ജീവിക്കണം എന്നുണ്ട് പെണ്ണെ... പക്ഷേ.....ഇപ്പോള്‍ വീണ്ടും നിന്നില്‍ നിന്നും ആ പ്രണയം സ്വീകരിക്കാന്‍ എനിക്ക് വയ്യ ...നീ പോകുക...

നാല് ദിവസങ്ങള്‍ക്കു ശേഷം കാശ്മീര്‍ മലയിടുക്കുകളില്‍ ശത്രുവിമാനങ്ങളുടെ ആക്രമണത്തിൽ  തകര്‍ന്നു വീണ ഹെലികോപ്റ്ററില്‍ നിന്നും   പ്രഭാകര്‍ ജോഷിയേയും നാല് സൈനികരെയും  വീണ്ടെടുക്കുമ്പോള്‍ അയാള്‍ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിലായിരുന്നു. 

വളരെ റെയര്‍ ആയ ആ രക്തഗ്രൂപ്പ് തന്‍റെ രക്ത ഗ്രൂപ്പുമായി  ക്രോസ് മാച്ച് ചെയ്യുന്നത് കണ്ട ഡോക്ടര്‍ കിരണ്‍ ദത്ത്, പ്രഭാകറിന്‍റെ ഓപ്പറേഷന്‍ ടേബിളിനടുത്ത് രക്തം നല്‍കാനായി കയറിക്കിടന്നു.

മെഡിക്കല്‍ സംഘത്തലവന്‍ കിരണ്‍ ദത്തിന്റെ ടീം അയാളെ പരിചരിക്കാന്‍ ഏറ്റെടുത്ത വാര്‍ത്ത കണ്ട് ഇങ്ങകലെ വസുന്ധര തന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടയ്ക്കാനാവാതെ ഇരുന്നു.

 ഒന്നര മാസങ്ങള്‍ക്ക് ശേഷം തന്‍റെ വീടിന്‍റെ വാതില്‍ തട്ടി കിരണ്‍ ദത്ത് കാത്തു നിന്നു. അടുത്ത് വരുന്ന പാദശബ്ദം അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. വാതില്‍ തുറന്ന വസുന്ധര അയാളെ ആദ്യമായി കാണുംപോലെ നോക്കിനിന്നു.

അകത്തേക്ക് കയറിയ കിരൺ അവളെ നോക്കി മന്ദഹസിച്ചു.  നടക്കാനൊരുങ്ങിയ അയാളോട് അവള്‍ പറഞ്ഞു.

“ഒന്ന് പറയട്ടെ...?”

കിരണ്‍ തിരിഞ്ഞു നിന്നു.

“താങ്ക്സ്....താങ്ക്യൂ സൊമച്...”

“ഉം....”അയാള്‍ തല കുലുക്കി. “എന്തിനെന്ന് ഞാന്‍ ചോദിക്കണോ?”

“ചോദിക്കൂ...”

“ശരി, ചോദിക്കുന്നു.”

“ഇത്രയേറെ എന്നെ സ്നേഹിച്ചതിന്.....എന്നെ സ്വീകരിച്ചതിന്...”

                                            -   -   -  -

                                




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക