Image

പാമ്പും കോണിയും നോവൽ - നിർമ്മല - ഭാഗം - 5

Published on 01 August, 2020
പാമ്പും കോണിയും  നോവൽ - നിർമ്മല - ഭാഗം - 5
കാനഡയിലെ ഒറ്റപ്പെട്ടു പോയ ഒരു രാത്രിയിൽ, അപ്പൻ എന്നെങ്കിലും തനിക്കു വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാവുമോ എന്ന് സാലി ഓർത്തു.
- കർത്താവേ, എന്റെ കുഞ്ഞിന്റെ കണ്ണീരു നീ മാറ്റേണമേ. അവളുടെ ഹൃദയത്തിൽ നീ സന്തോഷം നിറയ്ക്കേണമേ' അവൾക്ക് നീ അളവില്ലാത്ത സ്നേഹം കൊടുക്കേണമേ.
പാമ്പും കോണിയുംകളി തുടരുന്നു ....

കുഞ്ഞൂഞ്ഞുപദേശി രാവിലെ വിസ്തരിച്ച പ്രാർത്ഥനയ്ക്കു ശേഷം കാപ്പി കുടി കഴിഞ്ഞ് പുറത്തിറങ്ങും.ഓരോ ദിവസം ഓരോ വഴി.വീടുകളിൽ വിളിക്കാതെ കയറിച്ചെല്ലും. വിശ്വാസികൾ അതൊരു അനുഗ്രഹമായാണ് കരുതുന്നത്.ആ കുടുംബത്തിനു വേണ്ടി, അവിടുത്തെ ഒരോ അംഗത്തിനും വേണ്ടി ആവേശത്തോടെ ചിലപ്പോഴൊക്കെ ഏങ്ങലടിയുടെ അകമ്പടിയോടെ ഉപദേശി പ്രാർത്ഥിക്കും.
' കർത്താവേ, ഇവിടുത്തെ മകൻ പുറത്തേക്കു പോകുവാനായിട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നതായ ഈ അവസരത്തിൽ നീ അവനോടു ഈ കുടുംബത്തോടും കൃപ കാണിക്കേണമേ, എത്രയും വേഗം അവന്റെ വിസ നീ എത്തിച്ചു കൊടുക്കേണമേ..'
'രക്ഷിതാവേ, പ്രസവം അടുത്തിരിക്കുന്നതായ ഇവിടുത്തെ മകളെ നീ നിന്റെ ആണിപ്പാടുള്ള കരം നീട്ടി അനുഗ്രഹിക്കേണമേ.'
പരീക്ഷ എഴുതുന്ന കുഞ്ഞിനെ നീ കടാക്ഷിക്കേണമേ! ശരിയായ ഉത്തരങ്ങൾ നീ കാണിച്ചു കൊടുക്കേണമേ.'
നീണ്ട പ്രാർത്ഥന കഴിയുമ്പോൾ ഉപദേശി വിയർത്തിരിക്കും. വായിലെ തുപ്പൽ വറ്റിയിരിക്കും. വീട്ടിലുള്ള സ്ത്രീകൾ തലയിലെ മുണ്ടെടുത്ത് മുഖം തുടച്ചിട്ട് ആദരവോടെ പറയും :
- ഉപദേശി ഇരിക്ക്.
അയാൾ മുഖം കഴുകി കഴുത്തിലെ തോർത്തിൽ തുടച്ചിട്ട് ധൃതികൂട്ടാതെ ഇരിക്കും. കാപ്പിയോ കപ്പയോ ചോറോ, ആ വീട്ടിലാണ് ഉപദേശിക്കു ഭക്ഷണം.കൈകഴുകിത്തുടച്ച് പോകാനിറങ്ങുന്ന ഉപദേശിക്കു വേണ്ടി ചുരുട്ടിയ നോട്ടും ഉണ്ടായിരിക്കും.
പിന്നെ അടുത്ത വീട്ടിലെ ദുഃഖ പരിഹാരത്തിനായി അയാൾ പോകും. ആരോടും ഒന്നും ചോദിച്ചു വാങ്ങാറില്ല. ചോദിക്കാതെ തന്നെ അയാൾക്ക് എല്ലാം കിട്ടി.ഭക്ഷണം, കുറച്ചു പണം, സ്ത്രീകളുടെ ആദരവ്.
ഉപദേശി നന്ദി കെട്ടവനായിരുന്നില്ല. വിസ കിട്ടിക്കഴിയുമ്പോൾ ,പെണ്ണു പ്രസവിച്ചു കഴിയുമ്പോൾ, കുട്ടി പരീക്ഷയിൽ ജയിച്ചു കഴിയുമ്പോഴൊക്കെ കർത്താവിനു നന്ദി പറയുവാനായി അയാൾ പഴയ വീടുകളിൽ കൃത്യമായി പോയി. വീട്ടുകാരും നന്ദി കെട്ടവരായിരുന്നില്ല.
കാനഡയിലെ ഒറ്റപ്പെട്ടു പോയ ഒരു രാത്രിയിൽ, അപ്പൻ എന്നെങ്കിലും തനിക്കു വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാവുമോ എന്ന് സാലി ഓർത്തു.
- കർത്താവേ, എന്റെ കുഞ്ഞിന്റെ കണ്ണീരു നീ മാറ്റേണമേ. അവളുടെ ഹൃദയത്തിൽ നീ സന്തോഷം നിറയ്ക്കേണമേ' അവൾക്ക് നീ അളവില്ലാത്ത സ്നേഹം കൊടുക്കേണമേ.
സാലി നഴ്സിങ് പഠിക്കാൻ പോകുമ്പോൾ അപ്പനു വരാൻ പറ്റിയില്ല. അവൾ കാനഡയ്ക്കു പോയപ്പോൾ അപ്പൻ തലേന്നേ വന്നു. വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് തലയിൽ കൈവെച്ചു പ്രാർത്ഥിച്ചു. അവളെ കെട്ടിപ്പിടിച്ചു. സാലിയുടെ ഓർമ്മയിൽ ആദ്യമായി അപ്പൻ കെട്ടിപ്പിടിച്ചത് അന്നാണ്.
ജോയിയുടെ അമ്മച്ചിക്കും അപ്പനോടു ബഹുമാനമുണ്ടായിരുന്നു.
- കുഞ്ഞൂഞ്ഞുപദേശീടെ മോളാ.
അവർ മരുമകളെ പരിചയപ്പെടുത്തിയത് അങ്ങനെയാണ്. സാലിക്ക് അതിൽ അഭിമാനം തോന്നിയിരുന്നു.
അപ്പൻ പ്രാർത്ഥിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ജോലി കിട്ടിക്കഴിഞ്ഞപ്പോൾ സാലിയും പ്രതിഫലം കൊടുത്തു. കൃത്യമായി എല്ലാ മാസവും. കാനഡയിൽ നിന്നും പണം എത്തിയപ്പോഴും ഉപദേശി പറഞ്ഞു.
_ കർത്താവേ സ്തോത്രം.
ഉപദേശി വെളുത്ത ഡബിൾ മുണ്ടുടുത്തു. അവധിക്കു പോയപ്പോൾ ജൂബ തയ്പ്പിക്കുവാനായി സാലി വെളുത്ത തുണി വാങ്ങി. പിന്നെ അപ്പൻ ഇടയ്ക്കൊക്കെ അമേരിക്കൻ ബനിയനുകളിട്ടു . നിറമുള്ള ലുങ്കിയുടുത്തു. എന്നാലും പുറത്തു പോകുമ്പോൾ വെള്ള മുണ്ടും വെള്ള ജൂബയും. വിലപിടിപ്പുള്ള തുണിയിൽ തയ്പ്പിച്ച ചെളി പുരളാത്ത ജൂബ്ബ . അതിൽ വിയർപ്പിന്റെ കറയില്ലായിരുന്നു. പകരം ബ്രൂട്ടിന്റെ മണം തങ്ങി നിന്നിരുന്നു.

സാലിയുടെ ഓർമ്മയിൽ കോട്ടയം റെയിൽവേ സ്റ്റേഷന്റെ മഞ്ഞ ബോർഡ് തെളിഞ്ഞു കിടപ്പുണ്ട്. ഈച്ചകളാർക്കുന്ന ഈന്തപ്പനക്കുനയും അതോടൊപ്പം വരുന്നു.അമ്മ മരിച്ചു കഴിഞ്ഞ് അപ്പൻ അവളെ അമ്മാളമ്മച്ചിയുടെ വീട്ടിലാക്കാൻ കൊണ്ടുപോവുകയായിരുന്നു. അപ്പൻ ഒരക്ഷരവും പറഞ്ഞില്ല. സിനിമകളിൽ കാണുന്നതുപോലെ അവളെ ചേർത്തു പിടിച്ച് കണ്ണു തുടയ്ക്കുകയോ നെടുവീർപ്പിടുകയോ ചെയ്തില്ല.
അമ്മാളമ്മച്ചിയുടെ വീട് അന്നും ഒരിക്കലും അവൾക്കിഷ്ടപ്പെട്ടില്ല. വലിപ്പമുണ്ടെങ്കിലും ഓല മേഞ്ഞ വീട് .ചാണകം മെഴുകിയ തറ. ജീവിതത്തിൽ പലപ്പോഴും ആ വീടിനെ സ്നേഹിക്കാൻ സാലി ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും അവളുടെ മനസ്സിൽ ഇഷ്ടക്കേടു പറ്റിപ്പിടിച്ചതങ്ങു നിന്നു പോയി. അടുക്കളയോടു ചേർന്നു ചുവട്ടിലെ ശാഖ പിരിഞ്ഞു പടർന്ന ഇരുമ്പൻപുളിമരത്തെ അവൾ വെറുത്തു.ഉരലിലിരുന്ന്, കയ്യാലയ്ക്കപ്പുറം നിന്നൊക്കെ അവൾ കരഞ്ഞു. ചിലപ്പോഴൊക്കെ അമ്മാളമ്മച്ചി കണ്ടു. മാമൻ കണ്ടു. കണ്ടാലെന്താ !
- ഒന്നു കരഞ്ഞെന്നുവെച്ച് ചത്തുപോകത്തൊന്നുമില്ലല്ലോ.
അവൾ മരിച്ചു പോയ അമ്മയെ ഓർത്തു കരഞ്ഞു. വല്ലപ്പോഴും വരുന്ന അപ്പനെ ഓർത്തു കരഞ്ഞു. ഇല്ലാതെപോയ സഹോദരങ്ങളെ ഓർത്തു കരഞ്ഞു. തന്നെ ഓർക്കാൻ മാത്രം ആരും ഇല്ലല്ലോ എന്നോർത്തു കരഞ്ഞു.
രണ്ടാനമ്മക്കഥകൾ വായിച്ചു ദു:ഖിച്ചിട്ടില്ലാത്ത സാലിയുടെ മനസ്സ് ഇടയ്ക്കൊക്കെ അപ്പൻ രണ്ടാമതു കല്ല്യാണം കഴിക്കുന്നതു സ്വപ്നം കണ്ടു. നല്ല സ്നേഹമുള്ള ഒരു അമ്മ, അവർക്കു പിറക്കുന്ന കുട്ടികളെയൊക്കെ അവൾ വല്ലാതെ സ്നേഹിക്കും. ആ കുട്ടികൾക്കൊക്കെ വെല്യേച്ചീന്നു വെച്ചാൽ വലിയ ഇഷ്ടമായിരിക്കും, സാലി കിനാവുകളുടെ രാജ്യത്ത് മന്ത്രവാദിനിയായി.
അമ്മാളമ്മച്ചിയുടെ വീടിനടുത്ത് സ്കൂളില്ലായിരുന്നു. അര മണിക്കൂർ നീണ്ട നടപ്പ് ദിവസം രണ്ടു നേരം അവളെ ക്ഷീണിപ്പിച്ചില്ല.പുതിയ സ്കൂളിൽ കുട്ടികളിൽ ചിലർ അവളോടു കൂട്ടുകൂടി. ചിലർ ക്രൂരമായി പരിഹസിച്ചു.പലതും മനസ്സിലാവാതെ സാലി മിഴിച്ചു നിന്നു.
അമ്മാളമ്മച്ചിയുടെ വീട്ടിൽ രാവിലെ പൊടിയരിക്കഞ്ഞി, ഉച്ചയ്ക്ക് ചോറ്, വൈകിട്ട് കഞ്ഞി.സ്കൂളിൽ ഉപ്പുമാവിന്റെ മണം പടർന്നു നിന്നു. നെൽകൃഷിയുള്ള വീട്ടിൽ നിന്നും വരുന്ന കുട്ടി എങ്ങനെയാണ് ഉച്ചയുപ്പുമാവ് വാങ്ങുന്നത്. എന്നിട്ടും ഉപ്പുമാവിന്റെ മണം സാലിയെ കൊതിപ്പിച്ചു കൊന്നു.
സ്കൂൾ വിട്ടു വന്നാൽ കപ്പയോ കാച്ചിലോ ചേമ്പോ ചെറുകിഴങ്ങോ പുഴുങ്ങിയതാണ്.അല്ലെങ്കിൽ ചക്ക വേവിച്ചത്. ഇതൊന്നും വിളയാത്ത കാലമാണെങ്കിൽ മുതിര പുഴുങ്ങിയത് അല്ലെങ്കിൽ ഉണക്കക്കപ്പ വേവിച്ചത്.മുളകുടച്ചൊരു ചമ്മന്തി. സാലി സ്വാദോടെ വയറു നിറയെ കഴിക്കും. അതു കഴിഞ്ഞ് കട്ടൻ കാപ്പിയുണ്ടാക്കി അവൾ അമ്മാളമ്മച്ചിക്കും മാമനും കൊടുക്കും. അവളും കുടിക്കും.കാപ്പിക്കുരു വറുത്ത് ഉരലിൽ പൊടിച്ചെടുത്ത കാപ്പിപ്പൊടിയെ സാലി ഇന്നും സ്നേഹിക്കുന്നുണ്ട്. കട്ടൻ കുടിക്കുന്നതാണ് നല്ലതെന്ന് അമ്മാളമ്മച്ചി പറയും. പാലൊഴിച്ചാൽ കാപ്പിയുടെ രുചി പോവും.
ഹൈസ്കൂളിൽ എത്തിയപ്പോൾ സാലി നിറംതേഞ്ഞ പാവാടയും ഇറുകിപ്പോയ ബ്ളൗസ്സും ചെരിപ്പില്ലാതെ ചെളി പിടിച്ച കാലുമായി ച്ചുരുങ്ങി.ഒച്ചപ്പാടും പൊട്ടിച്ചിരിയുമുള്ള കൂട്ടങ്ങളിൽ നിന്നും അവൾ മാറി നടന്നു. നീളൻപാവാട ചെളിയാവാതെ കീറിപ്പോവാതെ പ്രത്യേകം സൂക്ഷിച്ചു. ബ്ളൗസിന്റെ കക്ഷത്തിനടിയിലെ വിയർപ്പ് സ്കൂളിൽ നിന്നു വന്നയുടനെ കഴുകിയിട്ടു
സാലിയുടെ ഉച്ചക്കൂട്ടാൻ ഇരുമ്പൻ പുളി മുളകിട്ടതായിരുന്നു. കത്തിപ്പടരുന്ന രുചിമണങ്ങളിലേക്ക് ഇരുമ്പൻ പുളി അച്ചാറിന്റെ ചോറു പാത്രം തുറക്കാൻ അവൾ മടിച്ചു. സാലി ഉച്ചച്ചോറു പലപ്പോഴും മറന്നു .ചോറു പാത്രം ആരും കാണാതെ കട്ടിലിനടിയിൽ പകൽ മുഴുവൻ ഇരുന്നു.
നാലു മണിക്കു വീട്ടിലെത്തിയപ്പോൾ തണുത്ത ചോദ്യം പുളിയനച്ചാറും അവൾ വാരിത്തിന്നും ഇഷ്ടവും ഇഷ്ടക്കേടും അറിയാതെ, ഇടംവലം നോക്കാതെ, അമ്മാളമ്മച്ചിയുടെ കണ്ണെത്തുന്നതിനു മുമ്പ് ഊണു തീർക്കണം എന്ന ഒറ്റവിചാരത്തിൽ. ആ കാലങ്ങളൊക്കെ പഴകിപ്പോയെങ്കിലും ഇടയ്ക്കിടെ വന്ന് സാലിയുടെ തൊലിക്കുള്ളിലേക്കു വളഞ്ഞ അറ്റം കുത്തിക്കുത്തി കയറ്റി ചെറുതായൊന്നു തിരിച്ചിട്ട് നേരെ വലിച്ചിറങ്ങി പൊയ്ക്കളയും.
ആദ്യത്തെ ആർത്തവം മീൻ നാറ്റമുള്ള ഓർമ്മയാണ് സാലിക്ക് .അവൾക്ക് അമ്മാളമ്മച്ചിയോടു പറയണമെന്നുണ്ടായിരുന്നു. പറയാൻ അവൾ കാത്തു കാത്തു നിന്നു.പലതും പറഞ്ഞു. സ്കൂളിലെ പല വിശേഷങ്ങൾ പറഞ്ഞു.ആ വിശേഷം മാത്രം പുറത്തേക്കിറങ്ങാതെ ഒളിച്ചു നിന്നു. ഒടുക്കം അമ്മാളമ്മച്ചി പറഞ്ഞു.
- മതി വർത്താനിച്ചത്.ദേ, ഈ മീൻ വെട്ടിക്കഴുകി കൊണ്ടുവാ.
മീൻ പൊതിയുമായി സാലി പറമ്പിന്റെ മൂലയിലേക്ക് നടന്നു. പറമ്പിന്റെ മൂലയ്ക്ക് ചെതുമ്പലുമൂടിയ മീങ്കല്ലിനടുത്ത് കൊരണ്ടിപ്പലകയിലിരുന്ന് സാലി മീൻ വെട്ടി. കുനിഞ്ഞിരുന്ന് മീൻ വെട്ടുമ്പോൾ പലകയിൽ ചോര ഒഴുകിപ്പടരുമെന്നു പേടിച്ചു പരിഭ്രമിച്ച് നൂറു തവണ മാറിയും മറിഞ്ഞും ഇരുന്ന് അന്നവൾ മീൻ വെട്ടി.
കാനഡയിലെ ഇളം മണമുള്ള പാഡുകൾ ഉപയോഗിച്ചിട്ടും നിനച്ചിരിക്കാതെ ചില നേരത്ത് മീൻ നാറ്റം അവളെ ശ്വാസം മുട്ടിച്ചു കളയും. പാവാടകളിൽ ചോരപ്പാടുവീഴ്ത്താതെ ബുദ്ധിമുട്ടിയ ഒളിവുകാലങ്ങൾ പുറപ്പെട്ടു പോവില്ലെന്നു വാശി പിടിച്ചു നിൽക്കുകയാണ്.
ബസ്റ്റാപ്പിലെ ചായക്കടയിൽ അലമാരിക്കുള്ളിലിരുന്ന് വടമലയും പുട്ടുഭിത്തിയും ബോണ്ടക്കൂമ്പാരവും സാലിയെ കൊതിപ്പിച്ചു. അമ്മാളമ്മച്ചിയുടെ വീട്ടിൽ ക്രിസ്തുമസിനു തവിടുള്ള പൊടി കൊണ്ട് അപ്പമുണ്ടാക്കി സാലി വെളുവെളുത്ത അപ്പം സ്വപ്നം കണ്ടു. പച്ചരി വാങ്ങി ഭക്ഷണമുണ്ടാക്കുന്നവരെ അമ്മാളമ്മച്ചി പരിഹസിച്ചു.
- നെൽകൃഷിയില്ലാത്തോര്!
- കണ്ടം ഇല്ലാത്തോര്!
നീണ്ടു പരന്നു കിടക്കുന്ന ഭംഗിയുള്ള പാടങ്ങളിൽ ചെറിയ രണ്ടെണ്ണമേ അമ്മാളമ്മച്ചിക്കു സ്വന്തമായിരുന്നുള്ളൂ. മാമന്റെ വീട്ടുകാർ അന്യാധീനപ്പെട്ടുപോയ സ്വത്തിന്റെ പഴയ അവകാശികളായിരുന്നു. ഒഴുകിപ്പോയ പ്രതാപത്തിന്റെ രക്തസാക്ഷി മണ്ഡപം പോലെ കരയോടു ചേർന്ന് മരങ്ങൾ നിഴലുവീഴ്ത്തി നെല്ലു വിളയാൻ പാടുപെടുന്ന ദാരിദ്ര്യക്കണ്ടങ്ങൾ .അമ്മാളമ്മച്ചിക്ക് അതു മഴവില്ലായിരുന്നു. സ്വന്തമായി കണ്ടമുള്ളവന്റെ ഭാര്യ.
മാമന്റെ കാലിൽ കണ്ടത്തിൽ നിന്നാണു കൈതമുള്ളു കൊണ്ടത്. അതു പഴുത്ത് ഉണങ്ങാത്ത വ്രണമായി. പച്ചമരുന്നുകൾ വെച്ചു കെട്ടി. എന്നിട്ടും മുറിവു കരിഞ്ഞില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ തള്ളവിരലിന്റെ ഒരെല്ല് അടർന്നു വീണു. മാമന്റെ കാലിൽ പഴുപ്പു പടർന്ന ഒരു വെച്ചു കെട്ട് എപ്പോഴുമുണ്ടായിരുന്നു. മാമൻ തിണ്ണയിലിരുന്ന് എണ്ണ തേച്ചു. മുറ്റത്തിരുന്ന് വെയിലു കൊണ്ടു. അയാൾ പണിയൊന്നും ചെയ്യുന്നത് സാലി കണ്ടിട്ടേയില്ല. മകൻ നാടുവിട്ടു പോയതോടെ അമ്മാളമ്മച്ചിക്ക് ആരും ഇല്ലാതായി.
സാലിക്കു പലഹാരക്കൊതി മൂത്തതു നേഴ്സിങ്ങു പഠിക്കാൻ പോയപ്പോഴാണ്. ഹോസ്റ്റലിൽ രാവിലെ പൂരി, ചപ്പാത്തി, ഉപ്പുമാവ്. ഉപ്പുമാവിന് മണത്തോളം സ്വാദില്ലെന്നവൾ അറിഞ്ഞു.കൂട്ടുകാരുടെ കൂടെ കാൻറീനിൽ നിന്നും ചായ കുടിക്കാൻ പോയപ്പോൾ അവൾ ബോണ്ട തിന്നു. ജിലേബി, ലഡു കൂട്ടുകാർക്കറിയാത്ത പലഹാരങ്ങളുടെ പേരുകളില്ല. നേഴ്സിങ് പഠിക്കാൻ പോയ കാലം നിലാവായി സാലിയെ കുതിർത്തും. യോഹന്നാൻ എല്ലാ മാസവും കൃത്യമായി കാനഡയിൽ നിന്നും പണമയച്ചിരുന്നു. ഫീസു കഴിഞ്ഞുള്ളത് സാലി സൂക്ഷിച്ചു മാത്രം ചെലവാക്കി. എന്നിട്ടും സ്വന്തം ഇഷ്ടത്തിനു സാധനങ്ങൾ വാങ്ങുമ്പോൾ അവളിൽ വല്ലാത്തൊരു പരിഭ്രമവും പാപബോധവും കത്തിക്കയറി.
                                                                       തുടരും ..
പാമ്പും കോണിയും  നോവൽ - നിർമ്മല - ഭാഗം - 5
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക