Image

ഗുരുഗ്രാമില്‍ യുവാവിനെ മര്‍ദിച്ച രണ്ട് ഗോസംരക്ഷകര്‍ അറസ്റ്റില്‍

Published on 02 August, 2020
ഗുരുഗ്രാമില്‍ യുവാവിനെ മര്‍ദിച്ച രണ്ട് ഗോസംരക്ഷകര്‍ അറസ്റ്റില്‍
ഗുരുഗ്രാം: പശുവിറച്ചി കടത്തുന്നുവെന്നാരോപിച്ച് ഹരിയാനയിലെ ഗുരുഗ്രാമില്‍ 25കാരനെ ക്രൂരമായി മര്‍ദിച്ച രണ്ട് ഗോസംരക്ഷക ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. അക്രമത്തിന്‍െറ നടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലുഖ്മാന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഇയാള്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചുറ്റിക ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ തലയോട്ടി തകര്‍ന്നിട്ടുണ്ട്.

പൊലീസുകാരും നാട്ടുകാരും നോക്കിനില്‍ക്കെയാണ് ഗോസംരക്ഷക ഗുണ്ടകള്‍ മര്‍ദിച്ചത്. ലുഖ്മാന്‍ ഓടിച്ച പിക്അപ് ട്രക്ക് ഇവര്‍ പിന്തുടര്‍ന്നെത്തി തടയുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടു. ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയും അതിക്രൂരമായി മര്‍ദിക്കുയും ചെയ്തു.

2015ല്‍ നോയിഡയിലെ ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് അഖ്‌ലാക്ക് എന്ന വയോധികനെ മര്‍ദിച്ചുകൊന്നതിന് സമാനമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മര്‍ദിച്ച് മൃതപ്രായനാക്കിയ ശേഷം ലുഖ്മാനെ വാഹനത്തില്‍ കെട്ടിയിട്ട് ബാദ്ഷാപൂര്‍ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് വീണ്ടും മര്‍ദനം തുടര്‍ന്നു. പൊലീസ് എത്തിയപ്പോഴാണ് മര്‍ദനം അവസാനിപ്പിച്ചത്.

വിഡിയോയില്‍ അക്രമികളുടെ മുഖം ഉള്‍പ്പെടെ വ്യക്തമായിട്ടും ഒരാളെ പോലും പിടികൂടാന്‍ പൊലീസ് തയാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അജ്ഞാതരുടെ മര്‍ദനം എന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാംസം പശുവിറച്ചിയാണോയെന്ന് സ്ഥിരീകരിക്കാന്‍ പൊലീസ് ലാബിലേക്ക് അയച്ചിട്ടുമുണ്ട്.

വാഹനത്തിലുണ്ടായിരുന്നത് പശുവിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും വാഹനത്തിന്‍റെ ഉടമ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക