Image

ശ്രീരാമന്റെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ( രാമായണ ചിന്തകൾ-24: അംബിക ചന്തുവാരത്ത്)

Published on 07 August, 2020
ശ്രീരാമന്റെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ( രാമായണ ചിന്തകൾ-24: അംബിക ചന്തുവാരത്ത്)
പുത്രന്മാരില്ലായ്കയാൽ ദു:ഖിച്ചിരിക്കുന്ന ദശരഥ മഹാരാജാവ് തന്റെ ഗുരുവായ ശ്രീ വസിഷ്ഠാചാര്യരുടെ ഉപദേശപ്രകാരം പുത്രകാമേഷ്ഠി യാഗം നടത്തി. ഋഷ്യശൃംഗ മുനിയാൽ ചെയ്യപ്പെട്ട ആഹുതിയിൽ നിന്നും, വിശ്വദേവതാഗണം തൃപ്തരായതിന്റെ സൂചകമായി, ഒരു പാത്രത്തിൽ ദേവനിർമ്മിതമായ പായസത്തോടെ ഹോമകുണ്ഡത്തിൽ നിന്നും അഗ്നിഭഗവാൻ പൊന്തി വന്നു.
" അങ്ങേയ്ക്ക് സന്താനാർത്ഥമുള്ള ഈ പായസം പത്നിമാർക്ക് കൊടുത്താലും".
സന്തോഷത്തോടെ രാജാവ് അത് വാങ്ങി രണ്ടു പാതിയാക്കി പത്നിമാരായ കൗസല്യയ്ക്കും കൈകേയിയ്ക്കും കൊടുത്തു. അവർ രണ്ടുപേരും അവരവരുടെ ഓഹരിയിൽ നിന്നും ഒരു വിഹിതം സുമിത്രയ്ക്കു കൊടുത്തു.
എറെ കാത്തിരിപ്പിനു ശേഷം  മൂന്നുപേരും ഗർഭം ധരിച്ചു.

ശനി തുലാത്തിലും ശുക്രൻ മീനത്തിലും കുജൻ മകരം രാശിയിലും ഉച്ചസ്ഥാനത്ത് നിൽക്കുന്ന കാലത്തിങ്കൽ കൗസല്യാദേവിക്ക് പുത്രനായ്, പുണർതം നക്ഷത്രത്തിൽ സാക്ഷാൽ ഭഗവാൻ ശ്രീനാരായണൻ മനുഷ്യരൂപo പൂണ്ട് അയോദ്ധ്യയിൽ ജന്മമെടുത്തു. കൈകേയിയ്ക്ക് പൂയം നക്ഷത്തിലൊരാൺകുഞ്ഞും, അതിനടുത്ത ദിവസംതന്നെ സുമിത്രയ്ക്ക് പുത്രദ്വയവും പിറന്നു.
കൊട്ടാരം മുഴുവൻ സന്തോഷത്തിലാറാടി നിൽക്കുന്ന സമയത്ത്, കൗസല്യക്ക് പിറന്ന ബാലനരികിൽ, ശംഖചക്രാബ്ജഗദാധാരിയും, ശംഖസന്നിഭഗളരാജിതകൗസ്തുഭത്തോടെയും, ഭക്തവാത്സല്യം ഭക്തർക്ക് കണ്ടറിവാനായ് പാവന ശ്രീവത്സവും, കുണ്ഡല മുക്തഹാരങ്ങളും ചാർത്തിയ സാക്ഷാൽ ശ്രീനാരായണൻ പ്രത്യക്ഷപ്പെട്ട് ആ കുഞ്ഞ് താനാണെന്നറിയിച്ചപ്പോൾ കൗസല്യാദേവി എല്ലാം മറന്ന് ശ്രീഭഗവാനെ സ്തുതിച്ചു തുടങ്ങി.

"നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര!
നമസ്തേ വാസുദേവ!
മധുസൂദനഹരേ!
നമസ്തേ നാരായണ!
നമസ്തേ നരകാരേ!
സമസ്തേശ്വരാ! ശൗരേ!
നമസ്തേ ജഗൽപദേ!"

"അവിടുന്ന് എനിക്ക് മകനായ് പിറക്കാനെന്തു കാരണം?
നിന്നുടെ കാരുണ്യത്താൽ നിൻപാദപദ്മം കാണുവാനുള്ള യോഗമെനിക്കുണ്ടായി!
ഈ രൂപം എന്നുമെന്നും എന്നുള്ളിൽ വസിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാകണേ!
നിന്നുടെ മഹാമായാരൂപം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു ഭഗവാനേ!
എത്രയും വേഗം, മറ്റുള്ളവർ കാണുന്നതിനു മുന്നേ, അവിടുത്തെ ഈ മായാരൂപം മറച്ചാലും ഭഗവാനേ!
എന്നിട്ട് എനിക്ക് ലാളിക്കാനും ആശ്ലേഷിക്കാനും പറ്റിയ ബാലഭാവത്തെ നീ വേഗം കാട്ടീട്ടുക ദയാനിധേ!"

കൗസല്യ, ഭക്തിപൂർവ്വം വീണുവണങ്ങി ഇങ്ങനെ സ്തുതിച്ചപ്പോൾ ഭക്തവത്സലനായ പുരുഷോത്തമൻ ഭവ്യതയോടെ അരുളിച്ചെയ്തു, "മാതാവേ, ഭവതിയുടെ ഇഷ്ടംപോലെ! ഞാൻ തന്നെ പുത്രനായ് പിറക്കണമെന്ന് മോഹിച്ച് എന്നെത്തന്നെ ഏറെക്കാലം ഭജിച്ച താങ്കൾക്ക് പുത്രനായ് ഞാനീ ഭൂമിയിൽ പിറന്നു."
ഇത്രയും പറഞ്ഞ് ബാലഭാവത്തെ പൂണ്ട് കൈകാലുകൾ കുടഞ്ഞ് കരയുന്ന കൊച്ചു കുഞ്ഞിന്റെ രൂപത്തിലേക്ക് വീണ്ടും ഭഗവാൻ പ്രവേശിച്ചു.

ഇവിടെ ഒരമ്മയുടെ ആകുലതകൾ ഏറെയുണ്ട്.
ഏറെക്കാലത്തിനുശേഷം ഒരു പുത്ര ഭാഗ്യമുണ്ടായപ്പോൾ വാത്സല്യത്തോടെ കുഞ്ഞിനെ വാരിപ്പുണർന്ന് നേഞ്ചോട് ചേർത്ത് പിടിക്കണമോ അതോ ഭക്തിയോടെ കുഞ്ഞിനെ നോക്കിക്കാണണമോ?
മാതൃവാത്സല്യത്തിനോ അതോ ഭഗവാനോടുള്ള ഭക്തിഭാവത്തിനോ മുൻഗണന കൊടുക്കേണ്ടത്??

ആറ്റുനോറ്റുണ്ടായ പുത്രനെ എത്തരത്തിൽ സ്നേഹിക്കാനാകും, മുന്നിൽ കാണുന്ന ബാലഭാവത്തിനെയോ അതോ മനസ്സിൽ പതിഞ്ഞുപോയ ഈശ്വരചൈതന്യത്തെയോ??

കൈകാലിട്ടടിച്ചു കരയുന്ന പുത്രനെ എടുത്ത് മുലയൂട്ടുവാൻ  ആ മാതൃഹൃദയത്തിനാകില്ലേ, അതോ അവിടെ തെല്ലൊന്നു മടിച്ച് നിന്നീടുമോ??

വസിഷ്ഠാചാര്യൻ, ശ്യാമളനിറംപൂണ്ട കൗസല്യാതനയന് രാമനെന്ന് പേരിട്ടു. കൈകേയീതനയന് ഭരതനെന്നും സുമിത്രാത്മജന്മാർക്ക് ലക്ഷ്മണ- ശത്രുഘ്നനെന്നും നാമമരുളിച്ചെയ്തു.

വർഷങ്ങൾ കടന്നുപോകവേ, ഒരു വശത്ത് രാമലക്ഷ്മണന്മാർ ഒരുമിച്ചും, മറുവശത്ത് ഭരത ശത്രുഘ്ന്മാമർ ഒരുമിച്ചുo കളിച്ചുo പഠിച്ചും ബാല്യകാലം കഴിച്ചുപോന്നു.

കൗമാരപ്രായത്തിലെത്തിയ നാലുപേരെയും വസിഷ്ഠമഹർഷി വിധി പ്രകാരം ഉപനയനം കഴിച്ചു. വേദങ്ങളും അദ്ദേഹത്തിൽ നിന്നും പഠിച്ചു. അസ്ത്ര ശസ്ത്രവിദ്യകളിലും നാലുപേരും നിപുണരായി വളർന്നു.രാജ്യകാര്യങ്ങളിൽ പിതാവിനെ സഹായിച്ച് ധർമ്മപരിപാലനം ചെയ്തുകൊണ്ടും വർഷങ്ങൾ മുന്നോട്ടു നീങ്ങി.

പിന്നീട് ഒരു ദിവസം വിശ്വാമിത്രമഹർഷിയുടെ ആഗമനം. അദ്ദേഹം, പിതൃദേവാദികളെ ധ്യാനിച്ചുചെയ്യുന്ന ഹോമങ്ങളെ മുടക്കുന്ന രാക്ഷസന്മാരെ നിഗ്രഹിച്ച് ഹോമത്തെ സംരക്ഷിക്കാൻ ശ്രീരാമലക്ഷ്മണന്മാരെ കൂടെ അയക്കണമെന്നാവശ്യപ്പെടുന്നു. വിശ്വാമിത്രന്റെ വാക്കുകൾക്കു മുന്നിൽ ദശരഥ മഹാരാജാവ് തളർന്നു പോകുന്നു.

"വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ദൈവവശാൽ സിദ്ധിച്ച മകനെ പിരിയേണ്ടിവന്നാൽ ഞാൻ മരിച്ചുപോകും ഗുരോ! എങ്കിലും രാമനെ നൽകീടാഞ്ഞാൽ എന്റെ നാശവും വന്നു ചേരും. അവിടുന്നുതന്നെ ചിന്തിച്ച് എന്താണ് നല്ലതെന്ന് അരുളിച്ചെയ്തീടേണം."
അപ്പോൾ വിശ്വാമിത്രൻ, രാജാവിന്, ശ്രീരാമന്റെ ജന്മരഹസ്യം ചൊല്ലിക്കൊടുത്തു.
ദൈവീകചൈതന്യമാണ് തനിക്ക് മകനായ് പിറന്നതെന്നറിഞ്ഞപ്പോൾ, രാമനെ കൂട്ടിക്കൊണ്ടുപോകുവാൻ ഭക്തിപൂർവ്വം അനുമതി നൽകുന്നു.
അങ്ങിനെ രാമലക്ഷ്മണന്മാർ കൊട്ടാരം വിട്ട് വിശ്വാമിത്രന്റെ കൂടെ യാത്ര തിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം പിറന്ന മക്കളെ കണ്ട് മതിവരാത്ത അച്ഛനമ്മമാർക്ക് മക്കൾ തങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് സഹിക്കാനായില്ല. പക്ഷെ, ആ യാത്ര കൂടിയേ തീരൂ.ഏതൊരു ലക്ഷ്യത്തോടെയാണ് സാക്ഷാൽ ശ്രീനാരായണൻ മനുഷ്യനായ് ഭൂമിയിൽ ജന്മമെടുത്തത്, ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം മാത്രമായിരുന്നു ആ യാത്ര!

മക്കളുടെ സ്നേഹവാത്സല്യ അനുഭവിക്കാനോ, മക്കൾക്ക് മാതാപിതാക്കളുടെകൂടെ കൂടെ ദിവസങ്ങൾ സന്തോഷപൂർവ്വം ചിലവഴിക്കാനോ കഴിഞ്ഞില്ല. കാഴ്ചയിൽ സാധാരണ മനുഷ്യരാണെങ്കിലും അവരുടെ ജന്മത്തിന്റെ പുറകിലുള്ള ഉദ്ദേശം മറ്റൊന്നായിരുന്നല്ലോ.

വിശ്വാമിത്രന്റെ കൂടെയുള്ള കാനനയാത്രയിൽ സംഭവബഹുലമായ നാളുകൾ കടന്നുപോകുന്നു. താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, ഭാർഗ്ഗവ(പരശുരാമൻ) ഗർവ്വശമനം എന്നീ സംഭവങ്ങളിലൂടെ ബാലകാണ്ഡം പൂർണ്ണമാകുമ്പോൾ ശ്രീരാമന്റെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയുടെ ആദ്യഘട്ടം പൂർണ്ണമാവുകയാണ്.

നാരായണായ നമോ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമ:

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക